പാലക്കാട്: പാലക്കാട് തത്തമംഗലത്ത് സ്കൂളിൽ സ്ഥാപിച്ച പുൽക്കൂട് തകർക്കപ്പെട്ട നിലയിൽ. പാലക്കാട് തത്തമംഗലം ജി.ബി.യു.പി സ്കൂളിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്.
പാലക്കാട് നല്ലേപ്പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങൾ വി.എച്ച് .പി തടയുകയും അത് വലിയ പ്രതിഷേധത്തിലേക്ക് വഴി തിരിയുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.
നല്ലേപ്പള്ളി സ്കൂളിൽ നിന്നും അല്പദൂരം മാത്രമേ തത്തമംഗലം സ്കൂളിലേക്ക് ഉള്ളു. ക്രിസ്മസ് ആഘോഷ ഭാഗമായി സ്കൂളിൽ ഒരുക്കിയ ക്രിസ്മസ് ട്രീയും പുൽക്കൂടും തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂളിന്റെ ഗ്രില്ലിന്റെ ഉള്ളിലൂടെ നീളമുള്ള വടി ഉപയോഗിച്ച് അലങ്കാരങ്ങളെല്ലാം പുറത്തേക്കെടുത്ത് നശിപ്പിക്കുകയായിരുന്നെന്നാണ് അധ്യാപകർ പറയുന്നത്.
മറ്റ് ഫയലുകൾ നോക്കാൻ അധ്യാപകർ സ്കൂളിൽ എത്തിയ സമയത്താണ് അലങ്കാരങ്ങൾ നശിപ്പിക്കപ്പെട്ടത് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ചിറ്റൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരാണോ ഇതിന് പിന്നിൽ അല്ലെങ്കിൽ നല്ലേപ്പള്ളിയിൽ സംഭവിച്ചത് പോലെ വി.എച്ച്. പി പ്രവർത്തകരാണോ ഇതിന് പിന്നിൽ എന്ന് പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.
അതെ സമയം നല്ലേപ്പള്ളി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെ ചിറ്റൂർ നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്കൂളിലാണ് സംഭവം നടന്നത്. വിശ്വഹിന്ദുപരിഷത്തിന്റെ ജില്ലാ ഭാരവാഹി ഉള്‍പ്പെടെ മൂന്ന് പേര്‍ സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. സ്‌കൂള്‍ കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് റാലി നടത്തിയതിനെ ചോദ്യം ചെയ്താണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ രംഗത്തെത്തിയത്.
അതേസമയം, സ്‌കൂള്‍ സമയത്ത് കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് സ്‌കൂളിന് പുറത്ത് റാലി നടത്തിയതിനെയാണ് ചോദ്യം ചെയ്തതെന്നും ഭീഷണിപ്പെടുത്തിയതല്ലെന്നുമാണ് വി.എച്ച്.പി പാലക്കാട് നേതൃത്വം നല്‍കിയ വിശദീകരണം.
Content Highlight: The christmas grass shed erected at the Palakkad school was demolished