ന്യൂദല്‍ഹി: ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെയാണോ കേരളത്തിലെ ക്രൈസ്തവ സമൂഹം വിശ്വസിക്കേണ്ടതെന്ന് സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.
സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെയാണോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയാണോ വിശ്വസിക്കേണ്ടതെന്ന് ക്രൈസ്തവ സമൂഹം തീരുമാനിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ എന്തൊക്കെയാണെന്ന് ക്രൈസ്തവ വിശ്വാസികള്‍ മനസിലാക്കണമെന്നും എം.പി ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്തിന്റെ ഏതൊരു മൂലയിലിരുന്നും ആര്‍ക്കെതിരെയും പരാതിപ്പെടാന്‍ ഈ വ്യവസ്ഥകള്‍ അനുവദിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ആരെങ്കിലും പരാതിപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആളുകളെ തടവിലാക്കുന്ന വ്യവസ്ഥകളാണുള്ളതെന്നും ബ്രിട്ടാസ് പ്രതികരിച്ചു.
ബറേലിയില്‍ വീട്ടില്‍ ബൈബിള്‍ സൂക്ഷിച്ചുവെന്ന പേരില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ആറ് മാസം ജയിലിലിട്ടുവെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഈ നടപടിയില്‍ ബറേലിയിലെ കോടതി പോലും ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ വഖഫ് ഭേദഗതി ബില്‍ കേവലം മുസ്‌ലിം വിരുദ്ധം മാത്രമല്ല ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള നീക്കമാണെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചിരുന്നു.
ക്രൈസ്തവര്‍ക്ക് മേല്‍ കള്ളക്കണ്ണീര്‍ ഒഴുക്കിയാല്‍ കുറേ എം.പിമാരെ കിട്ടുമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും ബില്ലിനെതിരെ രാജ്യസഭയിലും ശക്തമായ പ്രതിഷേധം ഉയരുമെന്നും ബ്രിട്ടാസ് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് ലോക്‌സഭ വഖഫ് ഭേദഗതി ബില്‍ പാസാക്കിയ പശ്ചാത്തലത്തിലായിരുന്നു ഇടത് എം.പിയുടെ പ്രതികരണം.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാങ്കേതികമായി വിജയിച്ചെങ്കിലും ധാര്‍മികമായി പരാജയപ്പെട്ടുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിരുന്നു. കുറച്ചു ആളുകളെ കുറേക്കാലം തെറ്റിദ്ധരിപ്പിക്കാമെന്നും സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകള്‍ വെച്ചുനല്‍കിയ സര്‍ക്കാരിന് മുനമ്പം ജനങ്ങളെ കുടിയൊഴിപ്പിക്കാതെ സംരക്ഷിക്കാന്‍ കഴിയുമെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു.
Content Highlight: The Christian community should understand the wolves in sheep’s clothing who filed cases against believers for keeping the Bible: John Brittas