ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരെ നടന്ന ആവേശകരമായ മത്സരത്തില്‍ ബ്രസീല്‍ താരത്തിന്റെ ഒരു കിടിലന്‍ ഗോളുണ്ടായിരുന്നു. കളിയുടെ ഗതി എന്താകുമെന്ന് മനസിലാക്കാനാകാതെ ആരാധകര്‍ അന്താളിച്ച് നില്‍ക്കുമ്പോഴായിരുന്നു ഒമ്പതാം നമ്പര്‍ ജേഴ്സിക്കാരന്‍ ബൈസിക്കിള്‍ കിക്കിലൂടെ പന്ത് പോസ്റ്റിലെത്തിച്ച് ബ്രസീലിനായി അഡാര്‍ ഗോള്‍ നേടുന്നത്.
ഏത് ടീമാണെന്ന് പോലും മറന്ന് ഫുട്ബോള്‍ ആരാധകര്‍ ഒന്നടങ്കം കയ്യടിച്ച നിമിഷമായിരുന്നു അത്. കാലങ്ങളായുള്ള പരിശ്രമത്തിനും, കഠിനാധ്വാനത്തിന്റെയും ഫലമായി റിച്ചി എന്ന റിച്ചാലിസണ്‍ നേടിയ അര്‍ഹിക്കുന്ന അംഗീകാരം.
സത്യത്തില്‍ റിച്ചാലിസണ്‍ എന്ന അതുല്യ പ്രതിഭക്ക് കയ്യടി നല്‍കേണ്ടത് ഇപ്പോഴല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കുഞ്ഞു റിച്ചി ആ അംഗീകാരം നേടി കഴിഞ്ഞു. താരത്തിന് അഞ്ച് വയസുള്ളപ്പോഴാണ് സംഭവം. കല്‍പ്പണിക്കാരനായ അച്ചനും ഐസ്‌ക്രീം വില്‍പ്പനക്കാരിയായ അമ്മക്കും ജനിച്ച അഞ്ചുമക്കളില്‍ മൂത്തവനായിരുന്നു റിച്ചാലിസണ്‍. നിര്‍ധന കുടുംബത്തില്‍ ജനിച്ച റിച്ചി വീട്ടിലെ പട്ടിണിയകറ്റാന്‍ തന്റെ കുഞ്ഞു പ്രായത്തില്‍ തന്നെ ഐസ്‌ക്രീം വിറ്റ് പണമുണ്ടാക്കാനാരംഭിച്ചു.
തന്റെ പ്രായത്തിലുള്ള കൂട്ടുകാര്‍ എളുപ്പം പണമുണ്ടാക്കാന്‍ മയക്കുമരുന്നിന്റെ പാത പിന്തുടര്‍ന്നപ്പോള്‍ റിച്ചാലിസണ് പക്ഷെ തെറ്റായ വഴിക്ക് പോകരുതെന്ന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. പലതവണ സുഹൃത്തുക്കള്‍ റിച്ചിക്ക് മുന്നില്‍ കഞ്ചാവ് വെച്ചു നീട്ടി, ‘പെണ്‍കുട്ടികളെ പോലെ വീട്ടുകാര്‍ക്കൊപ്പം ഒതുങ്ങി കഴിയുകയാണോ’ എന്ന് ചോദിച്ച് കളിയാക്കി. കൂട്ടുകാര്‍ എന്തൊക്കെ ചെയ്ത് പ്രകോപിപ്പിച്ചിട്ടും ആ കൗമാരക്കാരന്റെ മനസിലേക്ക് ഒരു ചീത്ത വികാരവും കടന്നുകയറിയില്ല.
ജോലി കഴിഞ്ഞ് ബാക്കി സമയം അവന്‍ പന്ത് തട്ടിക്കളിക്കുമായിരുന്നു. ഫുട്ബോളിലും പട്ടം പറത്തലിലുമായി റിച്ചാലിസന്റെ ലഹരി. ഒരിക്കല്‍ കൂട്ടുകാരുമൊത്ത് പന്ത് തട്ടിക്കളിച്ച് സ്ഥലത്തെ ലഹരി നേതാവിന്റെ ഗോഡൗണില്‍ എത്തിപ്പെട്ടു. പെട്ടെന്നായിരുന്നു അയാള്‍ റിച്ചാലിസന്റെ നെറ്റിയില്‍ തോക്കുചൂണ്ടുന്നത്.
ആ പതിനാലുകാരന്റെ ചുണ്ടുകള്‍ പേടിച്ചു വിറക്കാന്‍ തുടങ്ങി. താന്‍ മോഷ്ടിക്കാന്‍ വന്നതല്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പന്ത് കളിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം വന്നതാണെന്നും താന്‍ ലഹരി വില്‍ക്കുകയോ ഉപയോഗിക്കാറോ ഇല്ലെന്നും അയാളോടുറക്കെ വിളിച്ചു പറഞ്ഞു. അത് വിശ്വസിച്ച ലഹരിയുടമ അവനെ വെറുതെ വിട്ടു. അന്ന് കയ്യിലെ പന്തും മുറുക്കെ പിടിച്ച് റിച്ചാലിസണ്‍ ഒരോട്ടം വെച്ചുകൊടുത്തു.
അത് നിലച്ചത് ബ്രസീലിന്റെ മഞ്ഞ മൈതാനങ്ങളിലാണ്. അച്ചന്‍ വാങ്ങിക്കൊടുത്ത 10 തുകല്‍ പന്തിലായിരുന്നു അതുവരെ റിച്ചാലിസന്റെ പരിശീലനം. ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയുണ്ടായിട്ടല്ല. റിച്ചി ലോകം അറിയപ്പെടുന്ന കാല്‍പന്ത് കളിക്കാരനാകണമെന്ന് ആ പിതാവ് അതിയായി ആഗ്രഹിച്ചിരുന്നത് കൊണ്ടാണത്. റിച്ചാലിസണ്‍ ഫുട്ബോള്‍ കളിക്കണം എന്നാഗ്രഹിച്ച ഭൂമിയിലെ ഒരേയൊരാള്‍ അപ്പോള്‍ അച്ചനായിരുന്നു.
തുടര്‍ന്ന് ജീവിതം മാറ്റിമറിച്ച നിമിഷങ്ങളായിരുന്നു റിച്ചിയുടെ ജീവിതത്തില്‍ സംഭവിച്ചത്. മടക്ക കാശ് പോലുമില്ലാതെയാണ് റിച്ചാലിസണ്‍ അമേരിക്ക എം.ജി ക്ലബിന്റെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ചെല്ലുന്നത്. അല്ല, കയ്യിലുണ്ടായിരുന്ന ചില്ലറ തുട്ടുകള്‍ക്ക് വിശന്നപ്പോള്‍ ഭക്ഷണം വാങ്ങി കഴിച്ചു.
സെലക്ഷന്‍ കിട്ടുകയല്ലാതെ മറ്റൊരു മാര്‍ഗവും റിച്ചിക്ക് മുന്നിലില്ലായിരുന്നു. കൂട്ടുകാരനോട് കടംവാങ്ങിയ ബൂട്ടുകളില്‍ ഒന്നിന്റെ നിറം നീലയും മറ്റേത് പിങ്കുമായിരുന്നു, അത് രണ്ടുമണിഞ്ഞ് റിച്ചാലിസണ്‍ ട്രയല്‍സില്‍ പങ്കെടുത്തു.
ഒന്നും വെറുതെയായില്ല. റിച്ചാലിസണ് അവിടുന്ന് പിന്നെ മടങ്ങേണ്ടി വന്നില്ല. തുടര്‍ന്നങ്ങോട്ട് ആ പ്രതിഭ ഗോള്‍മുഖങ്ങളിലേക്ക് നിരന്തരം നിറയൊഴിച്ചുകൊണ്ടിരുന്നു. ലോകം സാക്ഷിയായിരിക്കെ സെര്‍ബിയന്‍ വലയിലേക്ക് അയാളുടെ ആത്മാവില്‍ തട്ടിയൊരു ഗോള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ അത് പിറവിയെടുത്തത് വര്‍ഷങ്ങള്‍ മുമ്പ് ഐസ്‌ക്രീം വിറ്റുനടന്ന ഒരു ദരിദ്രനായ ബാലന്റെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നാണ്.
Content Highlights: The childhood story of Richarlison