ഗംഭീർ അഹങ്കാരിയൊന്നുമല്ല, അന്ന് അവൻ കരയുന്നത് ഞാൻ കണ്ടു: വെളിപ്പെടുത്തലുമായി ബാല്യകാല കോച്ച്
Cricket
ഗംഭീർ അഹങ്കാരിയൊന്നുമല്ല, അന്ന് അവൻ കരയുന്നത് ഞാൻ കണ്ടു: വെളിപ്പെടുത്തലുമായി ബാല്യകാല കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th August 2024, 10:45 pm

രാഹുല്‍ ദ്രാവിഡിന് പകരക്കാരനായനാണ് ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലക കുപ്പായമണിഞ്ഞത്. അഞ്ച് വര്‍ഷത്തെ കരാര്‍ ആയിരുന്നു ബി.സി.സി.ഐ ഗംഭീറിന് നല്‍കിയത്. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെന്റര്‍ എന്ന നിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തങ്ങളുടെ മൂന്നാം ഐ.പി.എല്‍ കിരീടത്തിലേക്ക് നയിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു.

ഇപ്പോഴിതാ ഗൗതം ഗംഭീറിന്റെ സ്വഭാവം എങ്ങനെയാണ് എന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗംഭീരന്റെ ബാല്യകാല പരിശീലകനായ സഞ്ജയ് ദരദ്വാജ്.

ഗംഭീര്‍ പലപ്പോഴും അഹങ്കാരിയും തെറ്റായ മനോഭാവമുള്ള ആളാണെന്ന് തെറ്റിദ്ധരിക്കാറുണ്ടെങ്കിലും ഗംഭീര്‍ ഒരു ചെറിയ കുട്ടിയെ പോലെ ആണെന്നാണ് സഞ്ജയ് ദരദ്വാജ് പറഞ്ഞത്. മന്‍ജോത് കളറയുടെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഗംഭീറിന്റെ ബാല്യകാല പരിശീലകന്‍.

‘ ഇന്നും അവന്‍ ഒരു കുട്ടിയെ പോലെയാണ്. അയാള്‍ക്ക് യാതൊരു വിദ്വേഷവും ഇല്ല, അവന്‍ 12 വയസുള്ള കുട്ടിയെപോലെയാണ്. അവന്‍ അഹങ്കാരി ആണെന്ന് ആളുകള്‍ കരുതുന്നു. പക്ഷേ വിജയത്തോടുള്ള അവന്റെ മനോഭാവം അതാണ്. ഞാന്‍ അവനെ നെറ്റ്‌സില്‍ പരിശീലപ്പിച്ചതിനുശേഷം മത്സരങ്ങള്‍ കളിക്കാന്‍ പ്രേരിപ്പിച്ചു. മത്സരങ്ങള്‍ പരാജയപ്പെട്ടതിനുശേഷം അവന്‍ കരയുമായിരുന്നു. അതുകൊണ്ടുതന്നെ അവനെപ്പോലെ യഥാര്‍ത്ഥ വ്യക്തിത്വമുള്ള ഒരാള്‍ തീര്‍ച്ചയായും ഗൗരവമായി തന്നെ തുടരും,’ സഞ്ജയ് പറഞ്ഞു.

ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയായിരുന്നു ഇന്ത്യ സീരീസ് വിജയിച്ചത്.

എന്നാല്‍ ടി-20യില്‍ നടത്തിയ മികച്ച പ്രകടനം ഏകദിനത്തില്‍ നടത്താന്‍ ഗംഭീറിന്റെ കീഴില്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. രണ്ടാം മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടത്. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 208 റണ്‍സിന് പുറത്താവുകയായിരുന്നു.

പരമ്പരയിലെ അവസാന മത്സരം നടക്കുന്നത് ഓഗസ്റ്റ് ഏഴിനാണ് നടക്കുക. ആര്‍. പ്രേമദാസാ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സമനിലയാക്കാന്‍ മാത്രമേ സാധിക്കൂ. ഈ മത്സരം പരാജയപ്പെടുകയാണെങ്കില്‍ ശ്രീലങ്ക 2-0ത്തിന് പരമ്പര സ്വന്തമാക്കുകയും ചെയ്യും.

 

Content Highlight: The Childhood Coach Talks About Gautham Gambhir Character