കൊല്ലം: ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളിൽ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു. പത്മകുമാർ എന്നയാളെയാണ് കുട്ടി തിരിച്ചറിഞ്ഞിരിക്കുന്നത്.
നിലവിൽ പ്രതികളെ അടൂരിലെ കെ.എ.പി ക്യാമ്പിൽ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടാതെ പത്മകുമാറിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തുകയാണെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ തമിഴ്നാട് തെങ്കാശിയിലെ പുളിയര ബോർഡറിന്റെ സമീപ പ്രദേശത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ വ്യാഴാഴ്ച രാത്രിയോടെയാണ് തമിഴ്‌നാട്ടിൽ എത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതികൾ സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഒരു കാർ പത്മകുമാറിന്റെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായിട്ടുള്ളതെന്നാണ് സൂചന.
നവംബർ 27ന് വൈകീട്ട് 4.30ന് സഹോദരനോടൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴിക്കായിരുന്നു മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന സംഘം കാറിൽ എത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ കാണാതായി 21 മണിക്കൂറിന് ശേഷമാണ് കണ്ടെത്തുന്നത്. ആശ്രാമം മൈതാനത്ത് വെച്ച് കുട്ടിയെ കണ്ടവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Content Highlight: The child identified a person who was detained by the police in the case of child abduction