മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും
Kerala News
മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd November 2024, 11:04 pm

കൊച്ചി: തര്‍ക്കം നിലനില്‍ക്കുന്ന മുനമ്പത്തെ സമരസമിതിയുമായി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ വഴിയാകും ചര്‍ച്ച നടത്തുക. ഇന്ന് നടന്ന ഉന്നതലയോഗത്തില്‍ പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുമെന്ന് തീരുമാനമായിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ സമര സമിതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം നാളെ മുഖ്യമന്ത്രിയുമായി സംസാരിക്കും എന്നാണ് സൂചന.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ ആരെയും കുടിയിറക്കില്ലെന്നും അത്തരത്തിലുള്ള ആശങ്ക ആര്‍ക്കും വേണ്ടെന്നും സമരക്കാരെ അറിയിച്ചിരുന്നു.

യോഗത്തിന് ശേഷം റവന്യൂമന്ത്രി കെ. രാജന്‍, നിയമകാര്യ മന്ത്രി പി.രാജീവ്, വഖഫ് മന്ത്രി വി.അബദുറഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്രസമ്മേളനത്തിലാണ് യോഗ തീരുമാനം അറിയിച്ചത്.

വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണത്തോടുകൂടി ശാശ്വത പരിഹാരമുണ്ടാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം നടക്കുക. മുഖ്യമന്ത്രി സമരസമിതി അംഗങ്ങളുമായി ചര്‍ച്ച നടത്തുമെന്നും പി.രാജീവ് പറഞ്ഞിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഏകദേശം ഒന്‍പത് കേസുകള്‍ ഹൈക്കോടതിയില്‍ നടക്കുകയാണ്. ഇത്തരത്തില്‍ ഒരുപാട് സങ്കീര്‍ണതകളുണ്ട്. സര്‍ക്കാരിന് ഒറ്റയടിക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും കരം അടക്കാന്‍ ഭൂവുടമകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കാന്‍ തീരുമാനമെടുത്തതായും മന്ത്രി പത്രസമ്മേളനത്തില്‍ പറയുകയുണ്ടായി.

Content Highlight: The Chief Minister will hold a discussion with the Munambam Samara Samiti tomorrow