ജെയ്കിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി 24ന് പുതുപ്പള്ളിയിലെത്തും
Kerala News
ജെയ്കിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി 24ന് പുതുപ്പള്ളിയിലെത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th August 2023, 8:27 pm

 

കോട്ടയം: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 24ന് പുതുപ്പള്ളിയില്‍ എത്തും. അയര്‍ക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളില്‍ നടക്കുന്ന പ്രചാരണ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ആദ്യഘട്ട പ്രചാരണത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. 31ന് ശേഷമാണ് രണ്ടാംഘട്ട പ്രചാരണം നടക്കുക. ഇതിലും മുഖ്യമന്ത്രി പ്രചാരണത്തിനായി ഇറങ്ങും. എട്ട് പഞ്ചായത്തുകളിലായാണ് മുഖ്യമന്ത്രി പ്രചാരണം നടത്തുക.

പുതുപ്പള്ളിയില്‍ രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ മതിയെന്നാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനം. മന്ത്രിമാര്‍ അവസാന ഘട്ട പ്രചാരണത്തിന് ഇറങ്ങിയാല്‍ മതിയെന്നും ഇന്ന് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കോ വ്യക്തിപരമായ വിഷയങ്ങളിലേക്കോ മറുപടികളിലേക്കോ നേതാക്കള്‍ പോകരുതെന്ന നിര്‍ദേശവും സംസ്ഥാന കമ്മിറ്റി നല്‍കിയിട്ടുണ്ട്. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങള്‍ ചര്‍ച്ചയാക്കണമെന്നും സി.പി.ഐ.എം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, യു.ഡി.എഫും പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മന്‍ ഇന്ന് പ്രവര്‍ത്തകരോടൊപ്പം ഭവന സന്ദര്‍ശനങ്ങള്‍ നടത്തി. എന്നാല്‍ ബി.ജെ.പി ഇതുവരെ അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ പോളിങ്ങ്, എട്ടിന് വോട്ടെണ്ണല്‍ നടക്കും. ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണ് പുതുപ്പള്ളിയിലും തെരഞ്ഞെടുപ്പ് നടക്കുക.

ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Content Highlights: The chief minister will campaign for jaike on 24th august in puthuppally