ഞാന്‍ ജീവന് വേണ്ടി പോരാടുമ്പോള്‍ അക്രമികള്‍ സ്വതന്ത്രമായി കറങ്ങി നടക്കുന്നു; അവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ട്: ചന്ദ്രശേഖര്‍ ആസാദ്
national news
ഞാന്‍ ജീവന് വേണ്ടി പോരാടുമ്പോള്‍ അക്രമികള്‍ സ്വതന്ത്രമായി കറങ്ങി നടക്കുന്നു; അവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ട്: ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th June 2023, 8:38 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. അക്രമികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
അക്രമികള്‍ ഇപ്പോഴും സ്വതന്ത്രമായി കറങ്ങിനടക്കുകയാണെന്നും അധികാരത്തിലിരിക്കുന്നവരുടെ സംരക്ഷണമില്ലാതെ അവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനെന്റെ ജീവന് വേണ്ടി പോരാടുകയായിരുന്നു. അക്രമികള്‍ ഇപ്പോഴും സ്വതന്ത്രമായി കറങ്ങിനടക്കുകയാണ്. അധികാരത്തിലിരിക്കുന്നവരുടെ സംരക്ഷണമില്ലാതെ അവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ല. മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹം അക്രമികളെ സംരക്ഷിക്കുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്,’ ആസാദ് എ.എന്‍.ഐയോട് പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും തനിക്കെതിരെ ഉണ്ടായ ആക്രമണം സര്‍ക്കാരിന്റെ പരാജയമാണെന്നും ആസാദ് പറഞ്ഞു.

‘എനിക്ക് നേരെ ഉണ്ടായ ആക്രമണം സര്‍ക്കാരിന്റെ പരാജയമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഞാനും സംസ്ഥാനത്തെ പൗരനാണ്. നേരത്തെ സര്‍ക്കാര്‍ ഇ.ഡിയെയും സി.ബി.ഐയെയും ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെയും ദുരുപയോഗം ചെയ്തുകൊണ്ടിരുന്നു. പിന്നീട് വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള അക്രമികള്‍ തോക്കുകളും വെടിയുണ്ടകളും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുകയാണ്, ചന്ദ്രശേഖര്‍ ആസാദ് ട്വിറ്ററില്‍ കുറിച്ചു. അക്രമികളെ സംരക്ഷിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സംഭവിച്ചത് ഇനി മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍ക്കോ അവരുടെ അനുയായികള്‍ക്കോ സംഭവിക്കാമെന്നും ആസാദ് പറഞ്ഞു.

‘ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില മോശമായികൊണ്ടിരിക്കുകയാണ്. രണ്ട്, ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ അക്രമികള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ്. ഇപ്പോള്‍ അക്രമികള്‍ക്ക് പൊലീസിനെയോ നിയമത്തെയോ പേടിയില്ല,’ അദ്ദേഹം പറഞ്ഞു.

അതേസമയം, സഹരണ്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും അദ്ദേഹം ഡിസ്ചാര്‍ജ് ആയി. ഉത്തര്‍പ്രദേശില്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ഇന്നലെ ചന്ദ്രശേഖര്‍ ആസാദിന് വെടിയേറ്റത്. ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് 5.15ഓടെയാണ് വെടിവെപ്പുണ്ടായത്.

അക്രമികള്‍ സഞ്ചരിച്ചിരുന്ന ഹരിയാന രജിസ്ട്രേഷനിലുള്ള കാര്‍ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്ത് കയറി. മറ്റൊരു വെടിയുണ്ട സീറ്റിലാണ് തുളഞ്ഞുകയറിയത്. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് ഇടുപ്പിന് പരിക്കേറ്റത്. വെടിവെപ്പ് നടക്കുമ്പോള്‍ അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

Content Highlight: The chief minister should take moral responsibility for protecting criminals and resign: Chandrashekhar azad