ഔദ്യോഗിക സംവിധാനങ്ങള്‍ ഒപ്പമുണ്ട്; അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ നിര്‍ഭയത്തോടെ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി
Kerala News
ഔദ്യോഗിക സംവിധാനങ്ങള്‍ ഒപ്പമുണ്ട്; അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ നിര്‍ഭയത്തോടെ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th June 2021, 8:35 pm

തിരുവനന്തപുരം: ദാമ്പത്യജീവിതത്തിന്റെ പരാജയത്തോടെ ജീവിതം അര്‍ത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഭര്‍ത്താവില്‍ നിന്നുമേല്‍ക്കുന്ന പീഡനങ്ങളേയും അടിച്ചമര്‍ത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്‌പ്പെട്ട് ജീവിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നത് ‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഗാര്‍ഹിക പീഡനം, പൊതുസ്ഥലങ്ങളില്‍ നേരിടുന്ന അപമര്യാദയോടു കൂടിയ പെരുമാറ്റം, സ്ത്രീധനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, ആ പോരാട്ടത്തിനായി കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുമ്പോള്‍ മാത്രമേ അതിനെ കുറേക്കൂടി മെച്ചപ്പെടുത്താനും കുറ്റമറ്റതാക്കാനും നമുക്ക് കഴിയുകയുള്ളൂ,’ മുഖ്യമന്ത്രി പറഞ്ഞു.

ഏതുതരത്തിലുള്ള പീഡനം നേരിട്ടാലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടക്കത്തില്‍ തന്നെ മുന്‍കൈ എടുക്കണം. അതിന് സഹായകരമായ അന്തരീക്ഷം പൊലീസ്- ഔദ്യോഗിക സംവിധാനങ്ങളില്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

‘സ്വന്തം അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ച് പ്രചോദനവും കരുത്തും നല്‍കാന്‍ അവര്‍ക്കും സാധിക്കണം. യുവജന സംഘടനകളും സ്ത്രീ സംഘടനകളും സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യമാറ്റത്തിന് തിരികൊളുത്തുകയും സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കുകയും വേണം. ഒരുമിച്ച് നിന്നുകൊണ്ട് ലിംഗനീതിയില്‍ അധിഷ്ഠിതമായ കേരള സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാം,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവയ്‌ക്കെതിരെ സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കുകയാണ് വേണ്ടത്. അതിനാവശ്യമായ പിന്തുണ സ്ത്രീകള്‍ക്ക് നല്‍കാന്‍ സമൂഹം തയ്യാറാകണം. ഇത്തരം പ്രതിസന്ധികളെ മറികടന്നു കൊണ്ട് ജീവിതം തിരിച്ചുപിടിച്ച നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദാമ്പത്യജീവിതത്തിന്റെ പരാജയത്തോടെ ജീവിതം അര്‍ത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭര്‍ത്താവില്‍ നിന്നുമേല്‍ക്കുന്ന പീഡനങ്ങളേയും അടിച്ചമര്‍ത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്‌പെട്ട് ജീവിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നത് ‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം കാരണമാണ്.

സഹനത്തിന്റെ പരിധികള്‍ കടക്കുമ്പോള്‍ അത്തരം ബന്ധങ്ങളില്‍ നിന്നും പുറത്തുവരാനാകാതെ അവര്‍ക്ക് ജീവനൊടുക്കേണ്ടി വരുന്നതും മറ്റൊന്നും കൊണ്ടല്ല. ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും ശക്തരാണെന്നും അവരെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്കില്ലെന്നും പീഡനങ്ങള്‍ നിശബ്ദമായി സഹിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും കരുതിവരുന്നു.

അത്തരത്തില്‍ ചിന്തിക്കുന്നവര്‍ ഈ വിഷയത്തില്‍ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടേയും നിയമവ്യവസ്ഥയുടെയും പിന്തുണ സ്ത്രീകള്‍ക്കുണ്ടെന്ന് മനസ്സിലാക്കണം. അതോടൊപ്പം പൊതുസമൂഹത്തിന്റെ പിന്തുണ കൂടി അവര്‍ക്ക് ലഭ്യമാകണം.

ഗാര്‍ഹിക പീഡനം, പൊതുസ്ഥലങ്ങളില്‍ നേരിടുന്ന അപമര്യാദയോടു കൂടിയ പെരുമാറ്റം, സ്ത്രീധനം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി സ്ത്രീകള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, ആ പോരാട്ടത്തിനായി കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുമ്പോള്‍ മാത്രമേ അതിനെ കുറേക്കൂടി മെച്ചപ്പെടുത്താനും കുറ്റമറ്റതാക്കാനും നമുക്ക് കഴിയുകയുള്ളൂ.

ഏതു തരത്തിലുള്ള പീഡനം നേരിട്ടാലും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടക്കത്തില്‍ തന്നെ മുന്‍കൈ എടുക്കണം. അതിന് സഹായകരമായ അന്തരീക്ഷം പൊലീസ്- ഔദ്യോഗിക സംവിധാനങ്ങളില്‍ ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.

ആത്മഹത്യകളല്ല അനീതികള്‍ക്കുള്ള പരിഹാരമെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവയ്‌ക്കെതിരെ സ്വന്തം ജീവിതത്തിലൂടെ പ്രതികരിക്കുകയാണ് വേണ്ടത്. അതിനാവശ്യമായ പിന്തുണ സ്ത്രീകള്‍ക്ക് നല്‍കാന്‍ സമൂഹം തയ്യാറാകണം. ഇത്തരം പ്രതിസന്ധികളെ മറികടന്നു കൊണ്ട് ജീവിതം തിരിച്ചു പിടിച്ച നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്.

സ്വന്തം അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ച് പ്രചോദനവും കരുത്തും നല്‍കാന്‍ അവര്‍ക്കും സാധിക്കണം. യുവജന സംഘടനകളും സ്ത്രീ സംഘടനകളും സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യമാറ്റത്തിന് തിരികൊളുത്തുകയും സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കുകയും വേണം. ഒരുമിച്ച് നിന്നുകൊണ്ട് ലിംഗനീതിയില്‍ അധിഷ്ഠിതമായ കേരള സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS: The Chief Minister said that women who are victims of violence should come forward without fear