ദുരിതാശ്വാസ കണക്ക്; പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം, പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍: മുഖ്യമന്ത്രി
Kerala News
ദുരിതാശ്വാസ കണക്ക്; പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം, പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th September 2024, 7:12 pm

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ദുരിതാശ്വാസ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ദുരന്തത്തില്‍ അടിയന്തര അധിക ധനസഹായം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. അതില്‍ ദുരന്ത മേഖലയിലെ വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ കണക്കുകളെ ദുരന്തമേഖലയില്‍ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.ഡി.ആര്‍.എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്‌മെന്റ് ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് അത്. ഇതിനെതിരെയാണ് ഇപ്പോള്‍ തെറ്റായ പ്രചരണം നടക്കുന്നത്. ഇത് ഒരു തരത്തില്‍ വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്ന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയില്‍ നല്‍കിയത്. ആ മെമ്മോറാണ്ടത്തെ മുനിര്‍നിര്‍ത്തി തെറ്റായ രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടിയെന്നുള്ള പ്രചരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മെമ്മറോണ്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് തുകയുടെ കണക്കുകള്‍ അല്ലെന്നും മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും ഉള്‍പ്പെടെ മുന്നില്‍ കണ്ട് തയ്യാറാക്കുന്ന നിവേദനമാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. എന്നാല്‍ മെമ്മറോണ്ടത്തെ വളച്ചൊടിച്ചുള്ള വ്യാജ പ്രചരണം, സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ പ്രചരണം വയനാടിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ദുരന്തബാധിതര്‍ക്ക് അര്‍ഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഓഗസ്റ്റ് ഒമ്പതിനാണ് കേന്ദ്രസംഘം ദുരന്തമുഖം സന്ദര്‍ശിച്ചത്. അന്നേദിവസം കൈമാറിയ പ്രാഥമിക കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരുന്നു. എസ്റ്റിമേറ്റ് തുക സംബന്ധിച്ച വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

300ലധികം പേരുടെ മരണത്തിന് കാരണമായ ഉരുള്‍പൊട്ടലാണ് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിന് അടിയന്തിരമായി ധനസഹായം നല്‍കുകയോ അതിനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ധനസഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തിയപ്പോള്‍ ‘നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂ’ എന്നാണ് ഉത്തരം നല്‍കിയത്.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ ഉണ്ടാകുന്നത്.

Content Highlight: The Chief Minister said that the news circulating about the relief estimate of the Churalmala disaster is not true