|

ജനം വോട്ട് ചെയ്തത് മോദിയെ താഴെയിറക്കാന്‍; തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ടതില്ല: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ യു.ഡി.എഫിന് ആവേശം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനം വോട്ട് ചെയ്തത് മോദിയെ താഴെയിറക്കാനാണെന്നും അതിനെ ഇടതുപക്ഷ വിരോധമായി കാണേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

തോല്‍വിയുടെ പേരില്‍ രാജി ചോദിച്ച് വരേണ്ടതില്ലെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബി.ജെ.പി മുഖ്യ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. നിരവധി വെല്ലുവിളികളെ മറികടന്നാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അപ്രമാദിത്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടില്‍ ഡി.എം.കെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ് തെരഞ്ഞെടുപ്പിനെ ശക്തമായി നയിച്ചത്. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തത്ക്കാലം യു.ഡി.എഫ് ജയിച്ചതില്‍ വേവലാതിയില്ല, ബി.ജെ.പി എങ്ങനെ ജയിച്ചു എന്നതാണ് ഗൗരവത്തോടെ കാണുന്ന വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഞാന്‍ കണ്ട കാര്യമാണ് പറയുന്നത്. അതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. 10 ശതമാനം വോട്ടാണ് യു.ഡി.എഫിന് കുറഞ്ഞത്. പറയാനുള്ളത് പറയുമ്പോള്‍ അസ്വസ്ഥത പെട്ടിട്ട് കാര്യമില്ല,’ മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്ര ഏജന്‍സികള്‍ അന്യായമായും വിവേചനപരമായും ഇടപെടല്‍ നടത്തി. ഇടതുപക്ഷത്തിനെതിരെ സംസ്ഥാനത്ത് വ്യാജ നിര്‍മിതികള്‍ നടക്കുമ്പോള്‍ യു.ഡി.എഫ് അതിനെതിരെ എന്ത് ചെയ്തുവെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരേ വികാരത്തോടെ രാഹുല്‍ ഗാന്ധിയും ബി.ജെ.പി നേതാക്കളും ഇടതുപക്ഷത്തെ അധിക്ഷേപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാര്‍ ചുരത്തിന്റെ അപ്പുറത്തും ഇപ്പറത്തുമായി കോണ്‍ഗ്രസിന് രണ്ട് നിലപാടാണ് ഉള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു. എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Content Highlight: The Chief Minister said that it is natural for the UDF to be excited about the result of the Lok Sabha elections