തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സി.എ.എ നിയമം ജനവിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വര്‍ഗീയ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ധൃതി പിടിച്ച് നിയമം നടപ്പിലാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ചട്ടങ്ങള്‍ ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ സി.എ.എ കേരളത്തില്‍ നടപ്പിലാക്കില്ല, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2019 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ കേരള സര്‍ക്കാര്‍ സമ്മതിക്കുകയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തെ രണ്ടാംതരക്കാരായി കാണുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയെ മാറ്റിനിര്‍ത്തി രാജ്യത്ത് മനുസ്മൃതി പ്രതിഷ്ഠിക്കാനുള്ള തലച്ചോറില്‍ നിന്നുള്ള ആശയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.എ.എ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കേരളമാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന തീരുമാനത്തില്‍ ആദ്യമെത്തിയത് കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.എ.എകക്കെതിരെ നിയമപരമായി മുന്നോട്ട് പോവുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഇന്ത്യ എന്ന ആശയത്തിന് എതിരാണെന്നും മനുഷ്യത്വ വിരുദ്ധമായ സി.എ.എ ഭരണഘടനാ മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പൗരന്മാരുടെ മൗലികാവകാവകാശത്തെ ഇല്ലാതാക്കുന്നുവെന്നും കുടിയേറ്റക്കാരുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.എ.എ വിജ്ഞാനപനത്തില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതികരണങ്ങള്‍ നടത്തിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതികരിക്കേണ്ട സമയത്ത് പ്രതിപക്ഷ നേതാക്കള്‍ വിരുന്നിന് പോയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സംയുക്തമായി സി.എ.എക്കെതിരെ പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.എ.എക്കെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയത് ഇടതുപക്ഷമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗികമായി നിയമത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സി.എ.എയുടെ രാഷ്ട്രീയത്തെ തൊടാതെയാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ് എന്നിവര്‍ ചട്ടങ്ങളുടെ വിജ്ഞാപനത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: The CM said in a press conference that the CAA Act is anti-people and the central government’s move is part of a communal agenda