മലപ്പുറം: ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയെ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫുമായി ബന്ധപ്പെടുത്തി സംസാരിച്ചത് തികച്ചും അസംബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി ഇപ്പോള്‍ പ്രതിരോധത്തിലാണെന്നും വിഷയം മാറ്റാന്‍ വേണ്ടി നടത്തിയ ശ്രമമാണിതെന്നും വി.ഡി.സതീശന്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയില്‍ യു.ഡി.എഫും കോണ്‍ഗ്രസും പ്രതികരിച്ചിട്ടില്ലെന്ന സി.പി.ഐ.എം നേതാക്കളുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സതീശന്റെ മറുപടി.
‘ദല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള കുറെ മുസ്‌ലിം സംഘടനകള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തയതിന് കേരളത്തില്‍ കിടക്കുന്ന യു.ഡി.എഫ് എന്ത് പിഴച്ചു. യഥാര്‍ത്ഥത്തില്‍ ആരാണ് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ആര്‍.എസ്.എസ് നേതാക്കളായ ഗോപാലന്‍ കുട്ടിയും വത്സന്‍ തില്ലങ്കേരിയുമായി ചര്‍ച്ച നടത്തി. അതിന് ശേഷമാണ് പെരിയയിലെ കുട്ടികളും ഷുഹൈബുമെല്ലാം കൊല ചെയ്യപ്പെട്ടത്,’ അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയത് മുതല്‍ കഴിഞ്ഞ 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ 42 വര്‍ഷക്കാലം സി.പി.ഐ.എമ്മിന്റെ സഹയാത്രികരാണ്. അന്നൊന്നും ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ ശക്തികളായിരുന്നില്ലേ എന്നും ഇപ്പോള്‍ പെട്ടെന്നാണോ വര്‍ഗീയ ശക്തിയായതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി കൂടിക്കാഴ്ചക്ക് പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫെയര്‍ ത്രയം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐ.എമ്മിന്റെ ജാഥ ഉദ്ഘാടനം ചെയ്ത് കൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചോവ്വാഴ്ച മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി മുഹമ്മദ് റിയാസ് ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി ചര്‍ച്ചയില്‍ വി.ഡി. സതീശന്‍ മറുപടി പറയാത്തതിനെ കുറിച്ച് ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് സതീശന്റെ മറുപടി.