| Sunday, 29th September 2024, 9:06 pm

ഞാനായിട്ട് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ല, എന്നാല്‍ ജനം ഒന്നായി നിന്നാല്‍ ആ പാര്‍ട്ടിയില്‍ താനുണ്ടാകുമെന്ന് പി.വി.അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിലമ്പൂര്‍ ചന്തപ്പറമ്പില്‍ പി.വി അന്‍വര്‍ നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം. അഞ്ച് നേരം നിസ്‌കരിക്കും എന്ന് പറഞ്ഞതിന്റെ പേരില്‍ തന്നെ വര്‍ഗീയ വാദിയായി ചിത്രീകരിച്ചു എന്ന് പറഞ്ഞ പി.വി അന്‍വര്‍ എം.എല്‍.എ സ്വര്‍ണക്കടത്തിനെക്കുറിച്ച് സംസാരിച്ച തന്നെ മുഖ്യമന്ത്രി കള്ളനായി ചിത്രീകരിച്ചു എന്ന് ആരോപിച്ചു.

താന്‍ ആര്‍ക്ക് വേണ്ടിയാണോ ശബ്ദമുയര്‍ത്തിയത് അവര്‍ക്കെതിരായി ഇപ്പോള്‍ ഇവിടെ വന്ന് നില്‍ക്കുകയാണെന്നും രാജ്യം ഇന്ന് വര്‍ഗീയതയിലേക്ക് നീങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വേദിയില്‍വെച്ച് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കില്ല എന്നും അന്‍വര്‍ സൂചിപ്പിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസില്‍ ചേരണോ ബി.ജെ.പിയില്‍ ചേരണോ എന്ന കാര്യം തീരുമാനിക്കുമെന്നും അല്ലാത്തുപക്ഷം ജനം ഒന്നായി നിന്നാല്‍ ആ പാര്‍ട്ടിയില്‍ താന്‍ ചേരുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം അന്തരിച്ച പുഷ്പനെ അനുസ്മരിച്ച് തന്റെ പ്രസംഗം ആരംഭിച്ച പി.വി അന്‍വര്‍ തന്റെ കുടുംബം മതേതര പാരമ്പര്യമുള്ളവരാണെന്നും എന്നാല്‍ ഇന്നത്തെകാലത്ത് അന്‍വര്‍ എന്ന പേര് പലര്‍ക്കും പ്രശ്‌നമാണെന്നും അഭിപ്രായപ്പെട്ടു.

‘കേരളത്തിലെ നിലവിലെ സ്ഥിതി ഏറെ സങ്കീര്‍ണമാണെന്ന് പറഞ്ഞ അന്‍വര്‍ കേരള പൊലീസില്‍ 25 ശതമാനവും ക്രിമിനലുകളാണെന്നും കുറ്റപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്വര്‍ണ്ണക്കടത്ത് നടന്നുകൊണ്ടിക്കുകയാണ്. ഇതിനായി പൊലീസു കസ്റ്റംസും ഒത്തുകളിക്കുകയാണ്. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരളത്തില്‍ കൊലപാതകങ്ങള്‍ നരെ നടന്നിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതായിരുന്നില്ല നിയമം. കാരണം സ്വര്‍ണം പിടിച്ചു കഴിഞ്ഞാല്‍ കസ്റ്റ്ംസിന് കൈമാറുന്നതാണ് നിയമം,’അന്‍വര്‍ പറയുന്നു.

രാജ്യദ്രോഹിയായ ഷാജന്‍സ്‌കറിയയെ പി.ശശിയും എ.ഡി.ജി.പി അജിത്ത് കുമാറും ചേര്‍ന്നാണ് രക്ഷിച്ചതെന്ന് പറഞ്ഞ അന്‍വര്‍ പാര്‍ട്ടിക്ക് വേണ്ടി സംസാരിച്ചതിന് നേതാക്കളും മന്ത്രിമാരും തന്റെ ശത്രുക്കളായി ആയെന്നും ആരോപിച്ചു. താന്‍ വാപ്പയുടെ സ്ഥാനത്ത് നിന്നാണ് മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ സംസാരിച്ചതെന്നും  അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: The Chief Minister made me a thief; I saw him in the position of my father says P.V Anvar

We use cookies to give you the best possible experience. Learn more