കോഴിക്കോട്: കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയായ അരിക്കുളത്ത് താമസിക്കുന്ന രാജീവന്റേതാണ് മൃതദേഹം. പങ്കാളിയാണ് മൃതദേഹം രാജീവന്റേതാണെന്ന് സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു.
അതേസമയം രാജീവന്റേത് കൊലപാതകമാണോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ന് രാവിലെയായിരുന്നു നാട്ടുകാര്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. ഊരള്ളൂരിനടുത്ത് കുഴിയില്‍ താഴെയില്‍ ആള്‍ താമസമില്ലാത്ത പ്രദേശത്താണ് രാജീവന്റെ മൃതദേഹം കണ്ടെത്തയിത്. ആദ്യം കത്തിക്കരിഞ്ഞ നിലയിലുള്ള കാലായിരുന്നു കണ്ടെത്തിയത്.
പിന്നീട് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കൂടി കണ്ടെത്താനായി ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ആ പരിശോധനയിലാണ് അരയുടെ മുകളിലുള്ള ഭാഗങ്ങള്‍ കൂടി കണ്ടെത്താന്‍ സാധിച്ചത്.
കാലുകള്‍ കണ്ടെത്തിയ ഭാഗത്ത് നിന്ന് 20 മീറ്റര്‍ അപ്പുറത്ത് നിന്നാണ് അരയ്ക്ക് മുകളിലുള്ള ഭാഗങ്ങള്‍ കണ്ടെത്താനായത്. ഈ ഭാഗങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫോറന്‍സിക് സംഘവും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
സമീപ സ്ഥലത്ത് നിന്ന് ഫോണും ലൈറ്ററും ചെരുപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീടുള്ള ശാസ്ത്രീയ പരിശോധനയിലാണ് മരിച്ചത് രാജീവനാണെന്ന് കണ്ടെത്തുന്നത്. 30 വര്‍ഷത്തോളമായി ഇദ്ദേഹം അരിക്കുളത്താണ് താമസിക്കുന്നത്.
CONTENT HIGHLIGHTS: The charred body found under the coal was identified