പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ജയറാം കഥാപാത്രങ്ങളിലൊന്നാണ് ഫ്രണ്ട്‌സിലെ അരവിന്ദന്‍. എന്നാല്‍ ഈ അരവിന്ദനാകാന്‍ വേണ്ടി സംവിധായകന്‍ ആദ്യം സമീപിച്ചത് സുരേഷ് ഗോപിയായിരുന്നു.
പിന്നീട് ചില തെറ്റിദ്ധാരണകളുടെ പുറത്ത് സുരേഷ് ഗോപി പിന്മാറിയതിന് ശേഷമാണ് അരവിന്ദനാകാന്‍ വേണ്ടി ജയറാമിനെ സമീപിക്കുന്നത്. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് വിശദമായി സംസാരിക്കുന്നതിനിടയിലാണ് ഫ്രണ്ട്സിനെ കുറിച്ചും സിദ്ദിഖ് സംസാരിച്ചത്.
ജയറാമിനെ നിശ്ചയിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് വേണ്ടി എഴുതി തയ്യാറാക്കിയ അരവിന്ദിന്റെ കഥാപാത്ര സൃഷ്ടിയില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും സിദ്ദിഖ് പറയുന്നു.
1990കളില്‍ പൊട്ടിത്തെറിക്കുന്ന പൊലീസ് വേഷങ്ങളായിരുന്നു സുരേഷ് ഗോപി ചെയ്തിരുന്നത്. ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് അടി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആങ്ക്റി യങ് മാന്‍ വേഷങ്ങള്‍ കാണാനായിരുന്നു ആളുകള്‍ക്ക് ഇഷ്ടവും. ആ സുരേഷ് ഗോപിയെ കുടുംബപശ്ചാത്തലത്തിലുള്ള ഒരു കഥാപാത്രമായി അവതരിപ്പിക്കാനായിരുന്നു തങ്ങള്‍ ഉദ്ദേശിച്ചതെന്ന് സിദ്ദിഖ് പറയുന്നു.
അവിടെ നിന്നും ജയറാമിലേക്ക് എത്തിയപ്പോള്‍ കഥാപാത്രത്തില്‍ മാറ്റങ്ങളുണ്ടായി. ‘ജയറാമിനെ ഫിക്‌സ് ചെയ്തപ്പോള്‍ ക്യാരക്ടറില്‍ കുറച്ച് മാറ്റം വരുത്തേണ്ടി വന്നു. അരവിന്ദന്‍ ഒരു പൂവാലന്‍ ഏട്ടനായി മാറുന്നത് അങ്ങനെയാണ്.
അരവിന്ദന് പവറുണ്ട്. അയാള്‍ ചൂടനാണ്. അടിയുണ്ടാക്കും. അനാവശ്യമായി ആളുകളുടെ മെക്കട്ട് കയറും. ജഡ്ജിയുടെ മകനെന്ന അഹങ്കാരവുമുണ്ട്.
അതിനൊപ്പം ‘പെണ്‍കുട്ടികള്‍ അവനൊരു വീക്ക്‌നെസാണ്’ എന്ന കാര്യം കൂടി വന്നു. സുരേഷിന്റെ ഇമേജല്ല ജയറാമിന്. കുറച്ചൊരു റൊമാന്റിക് ഇമേജാണ്. ആ ഒരു ആങ്കിളിലേക്ക് കാര്യങ്ങള്‍ മാറ്റിയിട്ടാണ് ഫ്രണ്ട്‌സ് ചെയ്തത്,’ സിദ്ദിഖ് പറയുന്നു.
സുരേഷ് ഗോപി സിനിമയില്‍ നിന്നും യഥാര്‍ത്ഥ കാരണം പോലും പറയാതെ പിന്മാറിയതിനെ കുറിച്ചും സിദ്ദിഖ് വിശദമായി സംസാരിക്കുന്നുണ്ട്.
‘സിനിമയുടെ മറ്റെല്ലാ വര്‍ക്കുകളും തുടങ്ങും മുന്‍പ് ലാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഷുവിന് ഈ സിനിമ വരുന്നു എന്ന നിലയില്‍ ഒരു പോസ്റ്റര്‍ തിയേറ്ററുകള്‍ക്ക് നല്‍കാനുണ്ട്. മുകേഷിനെയും ശ്രീനിവാസനെയും ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന സുരേഷ് ഗോപി – അങ്ങനെയാണ് പടമെടുക്കേണ്ടത്. എന്നാല്‍ ഫോട്ടോയെടുക്കാന്‍ ഇവരെ മൂന്ന് പേരെയും ഒന്നിച്ചു കിട്ടുന്നില്ല. പലരും പല സെറ്റിലാണ്.
അവസാനം പോസ്റ്റര്‍ വരപ്പിക്കാന്‍ തീരുമാനിച്ചു. ഒരു കാര്‍ട്ടൂണിസ്റ്റിനെ കൊണ്ട് ആദ്യം വരപ്പിച്ച ചിത്രം അത്ര നന്നായില്ല. എന്നാല്‍ മാറ്റി വരപ്പിക്കാനുള്ള സമയവുമില്ലായിരുന്നു. അപ്പോള്‍ ആ വരച്ച ചിത്രത്തില്‍ എല്ലാവരുടെയും ഫോട്ടോക്ക് താഴെ പേര് എഴുതാന്‍ തീരുമാനിച്ചു.
മുകേഷ് – സുരേഷ് ഗോപി – ശ്രീനിവാസന്‍ ഇങ്ങനെയാണ് ഫോട്ടോക്ക് അനുസരിച്ച് പേര് എഴുതിയത് . ഈ കാര്‍ഡ് ആരോ സുരേഷ് ഗോപിയെ കാണിച്ച് അദ്ദേഹമല്ല മുകേഷ് ആണ് ചിത്രത്തിലെ മെയ്ന്‍ റോളെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. സുരേഷിന് അത് ഭയങ്കര ഹര്‍ട്ടായി.
കാരണം അന്ന് കൊമേഴ്സ്യലി വളരെ സക്‌സസ്ഫുള്ളായ ആര്‍ട്ടിസ്റ്റാണ് അദ്ദേഹം. മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പമാണ് സ്ഥാനം. അങ്ങനെയൊരാളെ കൊണ്ട് സെക്കന്റ് റോള്‍ ചെയ്യിപ്പിക്കുകയാണെന്ന് ആരോ അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചു. പക്ഷെ ഇതേ കുറിച്ച് സുരേഷ് നമ്മളോട് ഒന്നും ചോദിച്ചില്ല.
ലാല്‍ ഷൂട്ടിന്റെ ഡേറ്റ് പറയാന്‍ ചെന്നപ്പോഴാണ് ഇപ്പോള്‍ ഈ പടം ചെയ്യാന്‍ പറ്റില്ലെന്നും അരോമയോടൊപ്പം ഷാജി കൈലാസിന്റെ മറ്റൊരു പടം ഇതിനു മുന്‍പേ ഏറ്റുപോയി എന്നെല്ലാം സുരേഷ് പറയുന്നത്. അതിന്റെ ഷൂട്ടും റിലീസും ഫ്രണ്ട്സിന്റെ അതേ സമയത്താണ് നടക്കുന്നതും. അപ്പോള്‍ പിന്നെ ഈ പടത്തില്‍ സുരേഷ് ഗോപിയെ മാറ്റാമെന്നും അടുത്ത പടം ഒന്നിച്ചു ചെയ്യാമെന്നുമുള്ള തീരുമാനത്തിലേക്ക് എത്തി. അല്ലാതെ വേറെ വഴിയില്ലായിരുന്നു. നമ്മള്‍ സ്നേഹപൂര്‍വ്വമായിരുന്നു പറഞ്ഞതെങ്കതിലും സുരേഷ് ഗൗരവത്തില്‍ തന്നെയായിരുന്നു,’സിദ്ദിഖ് പറയുന്നു.
Content Highlight: The changes happened in the character Aravindhan in Friends when Jayaram came to play the role instead of Suresh Gopi