എസ്.സി.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫീസറും ഫുള്‍ ബ്രൈറ്റ് സ്‌കോളറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ. വി മനോജുമായി സയന്‍സ് എജ്യൂക്കേഷന്‍ ട്രസ്റ്റ് പ്രതിനിധികള്‍ – ആദില കബീര്‍, അനു വിനോദ്, ജഷിദ അബ്ദുല്‍കരീം, നൂര്‍ജ്ജഹാന്‍, റാഷിദ എന്നിവര്‍ നടത്തിയ അഭിമുഖം.
ലോകം തന്നെ ‘കൊവിഡിന് മുന്‍പും ശേഷവും’ എന്ന് മാറുന്ന അവസ്ഥയിലാണല്ലോ നാം. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസരംഗത്ത് എന്തെങ്കിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
വിദ്യാഭ്യാസത്തെ നാം താരതമ്യപ്പെടുത്തുന്നത് കെട്ടിനില്‍ക്കുന്ന ജലാശയത്തോടല്ല, മറിച്ച് ഒഴുകുന്ന നദിയോടാണ്. കഴിഞ്ഞ ആയിരം വര്‍ഷത്തെ വിദ്യാഭ്യാസ ചരിത്രം പരിശോധിച്ചാല്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ വിവിധ കാലഘട്ടങ്ങളിലായി വന്ന ധാരാളം മാറ്റങ്ങള്‍ കാണാം. ഉദാഹരണത്തിന്, വാചികവിദ്യാഭ്യാസത്തില്‍നിന്ന് ലിഖിതവിദ്യാഭ്യാസത്തിലേക്കുള്ള മാറ്റം. വാചികവിദ്യാഭ്യാസമെന്നാല്‍ ലോകമെങ്ങും ഒരു കാലത്ത് ഉണ്ടായിരുന്ന വാമൊഴി പാരമ്പര്യമായിരുന്നു. പിന്നീട് അതില്‍ നിന്ന് എഴുത്തിലേക്കും, അച്ചടിയോടുകൂടി പുസ്തകങ്ങളിലേക്കും.
പക്ഷേ ഈ പ്രക്രിയകളില്‍ ഉടനീളം, ജൈവികമായി, ഇടപെടുന്ന രണ്ട് കാര്യകര്‍ത്താക്കളെ നമുക്ക് കാണാന്‍ സാധിക്കും. അധ്യാപകനെയും വിദ്യാര്‍ത്ഥിയെയും. ചെറിയ ചില മാറ്റങ്ങള്‍ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിലും പഠന പ്രക്രിയയിലും ഉണ്ടായിട്ടുണ്ടെങ്കിലും പ്രകടമായ ഒരു മാറ്റം അക്കാര്യത്തില്‍ വന്നതായി എനിക്ക് തോന്നുന്നില്ല.
അതുകൊണ്ടുതന്നെ ഇതിനുമുമ്പും ഇത്തരം പല ഘട്ടങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ വലിയ യുദ്ധങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടേയും വസൂരിയും കോളറയും അടക്കമുള്ള രോഗങ്ങളുടെയും കാലം. ‘പ്ലേഗ് അതിന്റെ രോഗാണുക്കളെ വിളിച്ചുണര്‍ത്തി സന്തുഷ്ടമായ ഏതെങ്കിലും ഒരു നഗരത്തിന്റെ തെരുവുകളില്‍ മരിക്കാന്‍ വിടും’ എന്ന് ‘പ്ലേഗ്’ എന്ന നോവലില്‍ ആല്‍ബര്‍ട്ട് കാമു എഴുതുന്നുണ്ട്. പ്ലേഗാനന്തര കാലഘട്ടത്തിലും, സ്പാനിഷ് ഫ്‌ളൂ അനന്തരകാലഘട്ടത്തിലും യുദ്ധാനന്തര കാലഘട്ടങ്ങളിലുമൊക്കെ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന് വലിയ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് എനിക്കു തോന്നുന്നില്ല. മുമ്പ് സൂചിപ്പിച്ചതുപോലെ ചില ചെറിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അല്ലാതെ വിദ്യാഭ്യാസപ്രക്രിയയില്‍ നമ്മള്‍ ഈ പറയുന്ന സാങ്കേതികവിദ്യ എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം അല്ലെങ്കില്‍ ഇ-ലേണിങ് എന്നൊക്കെ പറയുന്നത് അധ്യാപനം എന്ന ജൈവപ്രക്രിയയെയോ, അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തെയോ മാറ്റിമറിക്കുന്ന ഒന്നായി തീരും എന്നു കരുതുന്നില്ല.
ഇപ്പോള്‍ ലോകം മുഴുവന്‍ പറഞ്ഞു കേള്‍ക്കുന്നത് തിരിച്ചാണല്ലോ. സാങ്കേതിക വിദ്യയുടെ വരവോടുകൂടി അധ്യാപകരില്ലാത്ത, കുട്ടികള്‍ സ്വന്തമായി പഠിക്കുന്ന ഒരു ക്ലാസ്മുറി വരാന്‍ പോകുന്നു എന്ന്. നമ്മുടെ ഇപ്പോഴത്തെ പ്രവണത അനുസരിച്ച് അങ്ങനെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ് എന്നാണോ താങ്കള്‍ പറയുന്നത്?
തീര്‍ച്ചയായും. ഇത് ആരു പറയുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഒരു കേന്ദ്രസര്‍ക്കാര്‍ രേഖയെക്കുറിച്ച് സൂചിപ്പിക്കാം. 2018-ലെ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചപ്പോള്‍ ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയുന്നവര്‍ 16.5 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയുന്നവര്‍ 20.1 ശതമാനവും മാത്രമാണ്. ഇന്റനെറ്റ് വൈദഗ്ധ്യത്തെ കുറിച്ചല്ല മറിച്ച് ഇന്റര്‍നെറ്റിന്റെ പ്രാഥമികമായ സാക്ഷരതയെകുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അപ്പോള്‍ 80% ആളുകള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവരാണ്. ഇവര്‍ അന്യവല്‍ക്കരിക്കപ്പെടുകയാണ്. ഈ അന്യവല്‍ക്കരണത്തിന്റെ വ്യഥകളെയാണോ നമ്മള്‍ ഡിജിറ്റല്‍ ഇന്ത്യ എന്നു വിശേഷിപ്പിക്കുന്നത്?
ഇന്ത്യന്‍ വിദ്യാഭ്യാസത്തെ ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റണമെന്ന വാദങ്ങള്‍ കൊറോണ കാലത്തിന്റെ മാത്രം സൃഷ്ടിയല്ല. നയപ്രഖ്യാപനങ്ങളായും, പഠനറിപ്പോര്‍ട്ടുകളായും അവ നേരത്തെ തന്നെ വിദ്യാഭ്യാസ മണ്ഡലത്തിലുണ്ട്. ക്രോണി ക്യാപിറ്റലിസത്തിന്റെ (Crony Capitalism) അഥവാ, സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടുന്ന, ഡിജിറ്റല്‍ ഉപകരണങ്ങളുടെ വലിയൊരു വിപണനത്തിന്റെ മാര്‍ക്കറ്റ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോക്താക്കളായ കോര്‍പ്പറേറ്റുകളുടെയും വ്യവസായ ലോബിയുടെയും വാദമാണ് ഡിജിറ്റല്‍ ഇന്ത്യ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്നുള്ളത്. അതിനു യാഥാര്‍ത്ഥ്യവുമായി വലിയ ബന്ധമൊന്നുമില്ല.
2019-ല്‍ വന്ന ദേശീയ വിദ്യാഭ്യാസനയത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത് പരിശോധിച്ചാല്‍ ഇത് കോര്‍പ്പറേറ്റാധിപത്യത്തിന്റെ(Corporatocracy)യുടെ അജണ്ടയാണെന്ന് മനസിലാക്കാം. ആത്യന്തികമായി 80 ശതമാനത്തിലധികം വരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ, ഇന്ത്യയിലെ വിദൂര മലയോരമേഖലകളിലെ, ആദിവാസി മേഖലകളിലെ സാധാരണമനുഷ്യരെയും അവരുടെ കുട്ടികളെയും വിദ്യാഭ്യാസപ്രക്രിയയില്‍ നിന്ന് പുറത്താക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ളതും ദേശീയവിദ്യാഭ്യാസ അവകാശനിയമത്തില്‍ പറഞ്ഞതുമായ സൗജന്യ നിര്‍ബന്ധിത വിദ്യാഭ്യാസ ബാധ്യതയില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞു മാറാനുള്ള ശ്രമം ആയിട്ടാണ് ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയെ അക്കാദമിക്കുകള്‍ നോക്കിക്കാണുന്നത്.
കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ലല്ലോ, ലോകം മുഴുവന്‍ നിലവില്‍ ഈ ആശയം വ്യാപകമായി ചര്‍ച്ച ചെയ്യുകയാണല്ലോ. അധ്യാപകരില്ലാത്ത ക്ലാസ്മുറി ആലോചിക്കുക എന്നാല്‍ പെഡഗോജി സംബന്ധിച്ച ചര്‍ച്ചയ്ക്കു പ്രാധാന്യം നല്‍കുന്നില്ല എന്നല്ലേ അര്‍ത്ഥം?
തീര്‍ച്ചയായും. ‘കേവലമായ വിവരങ്ങളുടെ കൈമാറ്റത്തെ അല്ല വിദ്യാഭ്യാസം എന്ന് വിളിക്കുന്നത്’. നമ്മള്‍ നേരിടുന്ന പ്രശ്‌നവും ഇതുതന്നെയാണ്. ഇപ്പോള്‍ ഞാന്‍ ഇരിക്കുന്നത് വയനാട്ടിലെ ഒരു നഗരപ്രദേശത്താണ്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായ ഇന്റര്‍നെറ്റ് സൗകര്യങ്ങളുള്ള എനിക്കുപോലും ഓണ്‍ലൈനില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള്‍ പിന്നെ ആരുടെ വിദ്യാഭ്യാസത്തെക്കുറിച്ചാണ് സംസാരിക്കുന്നത്?
പാലക്കാട് ജില്ലയുടെ വിദൂരഗ്രാമങ്ങളിലും, ഇടുക്കി ജില്ലയിലെ പ്രദേശങ്ങളിലും, അതുപോലെ വയനാട് ജില്ലയിലെ ഉള്‍പ്രദേശങ്ങളിലും, ആദിവാസി മേഖലകളിലും, തീരപ്രദേശങ്ങളിലും ഭാഷ ന്യൂനപക്ഷ പ്രദേശങ്ങളിലുമുള്ള കുട്ടികള്‍ ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു പുറത്താണ്. ഇക്കാര്യത്തില്‍ കേരളം വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ആണ്. ഇപ്പോള്‍ നഗരകേന്ദ്രീകൃതമായ പ്രദേശങ്ങളിലോ, സി.ബി.എസ്.ഇ സ്‌കൂളുകളിലോ, കേന്ദ്രീയവിദ്യാലയങ്ങളിലോ, നവോദയ വിദ്യാലയങ്ങളിലെ ഒക്കെ കുട്ടികള്‍ക്ക് ആശയവിനിമയം നടത്താനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കിട്ടുന്നുണ്ടാകും. പക്ഷേ നമ്മുടെ സ്‌റ്റേറ്റ് ബോര്‍ഡുകളിലെ പൊതുവിദ്യാലയങ്ങളില്‍-ഞാന്‍ കേരളത്തിലെ കാര്യം മാത്രമല്ല പറയുന്നത്-ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും ഇത്തരമൊരു പ്രക്രിയയില്‍ പങ്കാളികളാകാന്‍ സാധിച്ചിട്ടില്ല.
‘വിദ്യാഭ്യാസം ഒരു ഡയലോഗ് ആണ്. അതൊരു മോണോലോഗ് അല്ല. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ നടക്കുന്ന സംവാദാത്മകമായ, വിമര്‍ശനാത്മകമായ, ജനാധിപത്യപരമായ ഒന്നാണ്. ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസംകൊണ്ട് എന്താണ് ഇവിടെ സംഭവിക്കുന്നത്. അതിന് കൃത്യമായ ബോധനശാസ്ത്ര അടിത്തറയില്ല. അവിടെ കുട്ടികള്‍ സ്വീകര്‍ത്താക്കളാണ്. അധ്യാപന പ്രക്രിയയിലെ കൊടുക്കല്‍-വാങ്ങല്‍ വിദൂരവിദ്യാഭ്യാസ സങ്കേതങ്ങളില്‍ സംഭവിക്കുന്നില്ല.
‘No child left behind’ എന്നൊക്കെ നാം പറയാറുണ്ട്. ഒരു കാലത്ത് യു.എസില്‍ അവതരിപ്പിച്ച വലിയ ഒരു ആശയമായിരുന്നു ഇത്. ഒരു കുട്ടിയും പുറത്താക്കപ്പെടരുത് എന്ന ഉദാത്തമായ കാഴ്ചപ്പാടാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ കേരളത്തിലുള്‍പ്പെടെ നടക്കുന്നത് ചാനല്‍ സംേ്രപഷണമാണ്. ജോണ്‍ ലോഗി ബയേര്‍ഡ് ടെലിവിഷന്‍ കണ്ടുപിടിച്ച കാലഘട്ടം മുതല്‍ തുടങ്ങിയ പഴഞ്ചന്‍ രീതിയാണ് ഈ ചാനല്‍ സംേ്രപഷണം. ഡിജിറ്റലൈസേഷനില്‍ ഏറെ മുന്നേറിയ കേരളത്തില്‍ ഇതു മതിയോ എന്ന ചോദ്യമുയരുന്നുണ്ട്. കുട്ടി എവിടെയോ ഇരുന്ന് ഓണ്‍ലൈന്‍ വഴിയോ ചാനല്‍ സംേ്രപഷണം വഴിയോ ഉള്ള വീഡിയോ ക്ലാസുകള്‍ അലസമായി കാണുകയാണ് ചെയ്യുന്നത്. കുട്ടിയില്‍ എന്ത് തരത്തിലുള്ള പഠനപ്രവര്‍ത്തനമാണ് നടക്കുന്നത് എന്നതില്‍ വ്യക്തതയില്ല.
ഇതിലെ മറ്റൊരു അപകടം, പലപ്പോഴും ക്ലാസ് എടുക്കുന്ന അധ്യാപകന്റെ ബോധന സമീപനം ആകണമെന്നില്ല ക്ലാസ്മുറിയിലെ അധ്യാപകന്റെയോ-അധ്യാപികയുടെയോ ബോധനശാസ്ത്രപരമായ സമീപനം. പലപ്പോഴും ഇത് കുട്ടിയില്‍ സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. എന്നു മാത്രമല്ല വലിയ ഹോംവര്‍ക്കുകള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു വൈരുദ്ധ്യം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ തുടര്‍പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിവാക്കപ്പെടുന്നു എന്നതാണ്. കാരണം അവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സ്മാര്‍ട്ട്‌ഫോണുകള്‍, വാട്‌സാപ്പ് കൂട്ടായ്മകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്. ഇത് ഗ്രാമങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും ഉടനീളം സംഭവിക്കുന്നുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. കൃത്യമായ പെഡഗോജിയുടെ അടിസ്ഥാനത്തിലല്ലാതെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ ഇടപെടുന്നത് അഭിലഷണീയമായ മാറ്റങ്ങളല്ല ഉണ്ടാക്കുന്നത്.
ഡിജിറ്റല്‍ സൗകര്യങ്ങളും ടെലിവിഷനും മറ്റും ഇല്ലാത്ത കുട്ടികള്‍ക്ക് അതെത്തിച്ചു നല്കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്ന ധാരണയിലാണ് ഇപ്പോള്‍ മിക്കവരും. എന്തുകൊണ്ടാണ് ഡിജിറ്റല്‍ ഡിവൈഡ് (Digital Divide) എന്ന് പറയുമ്പോള്‍ ഇത് ഡിജിറ്റല്‍ ആക്സെസ് (Digital Access)മാത്രമല്ല എന്നു പറയുന്നതിന് കാരണം? സാമൂഹിക നീതിയുടെ ഒരു രണ്ടാമത്തെ തലം കൂടിയാണല്ലോ അത്.
വിദ്യാഭ്യാസപ്രക്രിയയുമായി ബന്ധപ്പെട്ട് നവമാര്‍ക്‌സിസ്റ്റ് ചിന്തകര്‍ സാമ്പത്തിക മൂലധനത്തെക്കുറിച്ചും, സാംസ്‌കാരിക മൂലധനത്തെക്കുറിച്ചും, സാമൂഹിക മൂലധനത്തെക്കുറിച്ചും, ധനപരമായ മൂലധനത്തെക്കുറിച്ചും ഒക്കെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ചിന്തകന്‍ പിയര്‍ ബോര്‍ദ്യുവിന്റെ പഠനങ്ങളോര്‍ക്കുക. ഇപ്പോള്‍ അക്കൂട്ടത്തിലേക്ക് പുതിയൊരു സംജ്ഞകൂടി കടന്നുവരികയാണ്, Digital Capital അഥവാ സാങ്കേതിക മൂലധനം.
സാങ്കേതിക മൂലധനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആണ് ആത്യന്തികമായി ഡിജിറ്റല്‍ ഡിവൈഡിലേക്ക് നയിക്കുന്നത്. കൂടാതെ മറ്റൊരു ബോധനശാസ്ത്രപരമായ പ്രശ്‌നം നമ്മുടെ വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന ഗ്രൂപ്പുകളാണ്. ക്ലാസ്മുറികള്‍ സജാതീയമായ ചിന്തകളുടെയോ ആവിഷ്‌കാരങ്ങളുടെയോ ഇടമല്ല. മറിച്ച് വലിയ വൈവിധ്യമാണവിടെയുള്ളത്. ഈ വൈവിധ്യത്തെയും വളരെ വ്യക്തിപരമായ പ്രത്യേകതകളെയും അഭിസംബോധന ചെയ്യുന്ന സൂക്ഷ്മമായ പ്രക്രിയയാണ് വിദ്യാഭ്യാസം. ഓരോ കുട്ടിയേയും മനസ്സിലാക്കിയുള്ള ഡയഗ്‌നോസിസ് ആണ് വിദ്യാഭ്യാസത്തില്‍ നടക്കേണ്ടത്. അവിടെയാണ് സൂക്ഷ്മമായ ബോധനശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ക്ക് ചില ഏകീകൃത പരിഹാരങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.
രണ്ടാമതായി കുട്ടികളിലുള്ള ബോധനശാസ്ത്രപരമായ വൈവിധ്യത്തെക്കുറിച്ചും ആലോചിക്കണം. പല രീതിയില്‍ സമ്മിശ്രമായി പഠിക്കുന്നവരാണ് കുട്ടികള്‍. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് എല്ലാവരെയും കേവലം ദൃശ്യപഠിതാക്കള്‍ ആക്കുക എന്നതാണ്. ഇത് Pedagogical Homogenization ആണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം കുട്ടികളുടെ പഠനരീതിയിലുണ്ടാകേണ്ട വൈവിധ്യത്തെയും സൂക്ഷ്മ പ്രത്യേകതകളെയും പരിഗണിക്കാതെ ഏകീകൃതമായ ഉപകരണങ്ങള്‍ കൊണ്ട് ഇതിനെ സജാതീകരിക്കാനാകില്ല.
മുന്‍പ് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ നാം അവരോടു പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ‘നീ എന്തുകൊണ്ട് മൊബൈല്‍ നോക്കുന്നില്ല, ടി.വി. കാണുന്നില്ല?’ എന്ന ചോദ്യം നാം ചോദിക്കുന്നു. ഇത് കുട്ടികളിലുണ്ടാക്കുന്ന സങ്കീര്‍ണമായിട്ടുള്ള ചില പ്രശ്‌നങ്ങള്‍ കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. മൈക്കിള്‍ ആപ്പിളിനെ പോലെയുള്ള അക്കാദമിക്കുകള്‍ പറയുന്ന അംഗീകൃത വിവരം (Official Knowledge) പോലെ തന്നെ അപകടകരമാണ് ഭരണകൂടം വാഗ്ദാനം ചെയുന്ന അംഗീകൃത പെഡഗോജി(Official Pedagogy). ക്ലാസ്മുറിയിലെ അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണത്.
ഉദാഹരണത്തിന് കുറച്ചു വര്‍ഷം മുമ്പ്, 2007-ന് ശേഷം ഉണ്ടായ ഒന്നാണ് ക്രിട്ടിക്കല്‍ പെഡഗോജി എന്ന് പറയുന്ന ഒരു ബോധനശാസ്ത്ര സമീപനം. നമ്മുടെ കേരളത്തിലെ ചരിത്രം പരിശോധിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ നാം ഇപ്പോള്‍ പറയുന്ന പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ വരുന്നതിനുമുമ്പ് ഉള്ള പെഡഗോജി എന്തായിരുന്നു. ഡോ. കെ.സോമനെ പോലെയുള്ള ആളുകള്‍ ചര്‍ച്ച ചെയ്തിട്ടുള്ള മള്‍ട്ടി പെഡഗോജിയുടെ സാധ്യതകളാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. അതില്‍ കളിയും കാര്യവുമുണ്ടായിരുന്നു.
ഇതിനെയെല്ലാം മാറ്റിമറിച്ചുകൊണ്ടാണ് പില്‍ക്കാലത്ത് ഡി.പി.ഇ.പി.യുടെ ബോധന ശാസ്ത്രസമീപനം വരുന്നത്. അത് കേരളത്തിന്റെ വിദ്യാഭ്യാസ പ്രക്രിയയിലുണ്ടാക്കിയ ആശാസ്യമല്ലാത്ത മാറ്റങ്ങള്‍ നാമിപ്പോഴും ചര്‍ച്ച ചെയ്തിട്ടില്ല. ക്ലാസ്മുറിയിലെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ പര്യാപ്തമായ ബോധന ശാസ്ത്രസമീപനം എന്നൊന്നില്ല. വളരെ വ്യക്തിപരമായ ഒന്നാണ് വിദ്യാഭ്യാസം. വളരെ സൂക്ഷ്മമായ നോട്ടങ്ങള്‍ വിദ്യാഭ്യാസത്തില്‍ ആവശ്യമായതുകൊണ്ടു തന്നെ പൊതുവായ പരിഹാരങ്ങള്‍ സാധ്യമല്ലാതെയും വരും.
വിദ്യാഭ്യാസത്തിലെ വിടവുകളെക്കുറിച്ച് പറയുമ്പോള്‍ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ഘടകങ്ങളും നാം പരിഗണിക്കണം. അതിലൊന്ന് കരിക്കുലവുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ കരിക്കുലം എത്രമാത്രം സമകാലികമാണ് എന്ന ചോദ്യം അതിലൊന്നാണ്.
നാം പറയുന്ന അറിവുകളാണോ കുട്ടികള്‍ക്ക് വേണ്ട ഇക്കാലഘട്ടത്തിന്റെ അറിവ്. കരിക്കുലം രൂപീകരണത്തില്‍ നാമുള്‍പ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ നമ്മുടെ സംസ്ഥാനത്തിലെയോ, രാജ്യത്തിലെയോ പാര്‍ശ്വവത്കൃതജീവിതങ്ങളെ എത്രമാത്രം പരിഗണിക്കുന്നുണ്ട്?
കേരളത്തിലെ പൊതുഭാഷയും സാംസ്‌കാരിക വ്യവസ്ഥയും ആണോ മാനന്തവാടിയിലെയോ, അട്ടപ്പാടിയിലെയോ ഏതെങ്കിലും ഒരു ആദിവാസി ഊരിലെ ഇരുളരോ, പണിയരോ, കുറിച്യരോ, കുറുമരോ, മലയരയരോ, മലപ്പുറത്തെ നിലമ്പൂരിലെ ചോലനായ്ക്കരോ, ഇടുക്കിയിലെ മുതുവാന്‍മാരോ പിന്തുടരുന്നത്? ഇവരുടെയൊക്കെ ജീവിതവ്യവഹാരങ്ങളുമായും സാമൂഹ്യജീവിതവുമായും നമ്മള്‍ കൊടുക്കുന്ന ഏകീ കൃതമായ പാഠ്യപദ്ധതിപോലും എത്രമാത്രം സംഘര്‍ഷാത്മകമാകുന്നു എന്നത് ഉന്നയിക്കേണ്ട ചോദ്യമല്ലേ.
പൊതുവിദ്യാഭ്യാസത്തില്‍നിന്ന് പുറന്തള്ളപ്പെടുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നേരത്തെതന്നെ നിലനില്‍ക്കുന്ന വിടവുകളല്ലേ. കുറച്ചു വിദ്യാലയങ്ങള്‍ അടിസ്ഥാനസൗകര്യപരമായും ഡിജിറ്റലായും ഉയരങ്ങളിലേക്കു കുതിക്കു മ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവ ഇരുളിന്റെ മറയില്‍ നില്‍ക്കുന്നത് ജനാധിപത്യപരമാണോ? ഈ ചോദ്യങ്ങളിലേക്കാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ കാലത്തെ ദേവികയുടെ മരണം വിരല്‍ചൂണ്ടിയത്.
കോവിഡാനന്തര വിദ്യാഭ്യാസത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. താങ്കള്‍ ഒരു അധ്യാപകന്‍ ആണ്. അതുകൊണ്ടുതന്നെ സ്‌കൂളില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന ആളുമാണ്. നിലവിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസരീതി യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് മുന്നോട്ട് പോകുന്നത്? എല്ലാം നന്നായി പോകുന്നു എന്നതിന് പുറമേ അതിനകത്ത് സ്വാഭാവികമായും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്? കുട്ടികളുടെ മൂല്യനിര്‍ണയം എങ്ങനെ നടപ്പിലാക്കുന്നു?
നിലവിലെ സംവിധാനങ്ങള്‍ താല്‍ക്കാലികമാണ് എന്നു ഗവണ്‍മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയ്ക്കു ശേഷം സ്‌കൂളുകള്‍ തുറക്കുക തന്നെ ചെയ്യും. യുദ്ധങ്ങള്‍ക്കു ശേഷം പോലും സ്‌കൂളുകളും അധ്യയനവും തിരിച്ചു വന്നിട്ടുണ്ട്. എന്നാല്‍ മറ്റൊരു കാര്യമുണ്ട്. വിദ്യാലയം എന്നു പറഞ്ഞാല്‍ സത്യത്തില്‍ ഒരു വലിയ സാമൂഹിക-സുരക്ഷാകേന്ദ്രമാണ്. എത്രയോ കുട്ടികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം വയറുനിറച്ച് ഉണ്ണാനുള്ള ഇടവുമാണ്.
സമത്വത്തിന്റെയും മതേതരത്വത്തിന്റെയും, സാമൂഹികജീവിതക്രമത്തിന്റെയും ജനാധിപത്യസമീപനത്തിന്റെയും ഇടമാണ് സ്‌കൂളുകള്‍. പഠനം മാത്രമല്ല അവിടെ നടക്കുന്നത്. വലിയ സാമൂഹീകരണം കൂടിയാണ്. അതുകൊണ്ടുതന്നെ Schooling എന്ന പ്രക്രിയ നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.
താല്‍ക്കാലിക സംവിധാനമെന്ന നിലയിലാണ് വീഡിയോ ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി നടക്കുന്നത്. കുട്ടികള്‍ ചാനലില്‍ ക്ലാസുകള്‍ കാണുന്നുണ്ട്. മൊബൈലില്‍ യുട്യൂബ് വഴിയും ഫേസ്ബുക്ക് വഴിയും കാണുന്നവരുണ്ട്. അധ്യാപകര്‍ ക്ലാസുകള്‍ അയച്ചു കൊടുത്തതിന് ശേഷം കാണുന്നവരുമുണ്ട്. പക്ഷേ, ഇതിന്റെ വലിയ ഒരു പ്രശ്‌നം കൃത്യമായ വിലയിരുത്തല്‍ നടക്കുന്നില്ല എന്നുള്ളതാണ്. സത്യത്തില്‍ പഠനത്തിനൊപ്പം നടക്കേണ്ടതാണ് വിലയിരുത്തല്‍ പ്രക്രിയയും. അവിടെ വലിയൊരു ശൂന്യതയുണ്ട്. എന്നു മാത്രമല്ല, ഇന്നലെ വരെ കുട്ടികള്‍ ഈ ഉപകരണങ്ങളെ കണ്ടത് വീഡിയോ ഗെയിമുകളുടെ അല്ലെങ്കില്‍ അവരുടെ ടിക് ടോക് വീഡിയോകളുടെ ഉപകരണം എന്ന നിലയില്‍ മാത്രമായിരുന്നു ഇതിനപ്പുറം ഗൗരവത്തോടെ കുട്ടികള്‍ ഈ ഉപകരണത്തെ കണ്ടിട്ടില്ല. അതിന്റെ പ്രശ്‌നങ്ങളുണ്ട്. നിരന്തരമായ മൊബൈല്‍ ഉപയോഗത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ ഇതിനകത്ത് തന്നെയുണ്ട് മറ്റു ചില പ്രശ്‌നങ്ങള്‍. ക്ലാസ്മുറികളുടെ സ്ഥലപരമായ പരിമിതി സത്യത്തില്‍ ഒരു ഡിജിറ്റല്‍ കണ്ടന്റിന് ഇല്ല. ക്ലാസ്മുറി എന്ന സ്ഥലം, അവിടെയിരിക്കുന്ന ഗ്ലോബ്, ക്ലാസ്മുറിയിലെ ഭൂപടം, ബ്ലാക്ക് ബോര്‍ഡിലേക്ക് വിരല്‍ചൂണ്ടുന്ന അദ്ധ്യാപകന്‍ ഇതൊക്കെ ഒരു ഡിജിറ്റല്‍ കണ്ടന്റിലേക്ക്, പ്രത്യേകിച്ചും, വളരെ വേഗത നിറഞ്ഞ ഈ കാലഘട്ടത്തിന്റെ ഡിജിറ്റല്‍ സ്‌പേസിലേക്ക് പരാവര്‍ത്തനം ചെയ്യുമ്പോള്‍ വേണ്ടതുണ്ടോ എന്ന ചോദ്യവുമുണ്ട്.
പ്രായത്തിനും പ്രകൃതത്തിനും അനുസൃതമാകണമല്ലോ വിദ്യാഭ്യാസം. ലോവര്‍ പ്രെെമറി ക്ലാസുകളിലുള്ള ബോധന സമീപനം നമുക്ക് ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളില്‍ പ്രായോഗികമാകണമെന്നില്ല. പക്ഷേ, പലപ്പോഴും ഇതില്‍ ഒരു യൂണിഫോം പാറ്റേണ്‍ ഉണ്ടായിപോകുന്നു. ഏകീകൃതമായിട്ടുളള നേരത്തെ തന്നെ വിജയിച്ച ചില ക്ലാസുകളുടെ മാതൃക പിന്‍പറ്റുന്ന വാര്‍പ്പ് മാതൃകകളായി പിന്നീടുള്ള ക്ലാസ്സുകള്‍ മാറുന്നുണ്ട്.
ഏറ്റവും പുതിയതായി ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത് കുട്ടികള്‍ക്ക് ആദ്യം ഉണ്ടായിരുന്ന ഒരു പുതുമ നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകള്‍ കുറേക്കൂടി ആകര്‍ഷകമായ ഒരു ഡിജിറ്റല്‍ കണ്ടന്റ് എന്ന നിലയിലേക്ക് മാറേണ്ടതുണ്ട്. ഡിജിറ്റല്‍ കണ്ടന്റ് എന്ന് ഉദ്ദേശിച്ചത് വൈവിധ്യപൂര്‍ണമായ ഒരു ഡിജിറ്റല്‍ സാധ്യതകളുടെ ഉപയോഗത്തെയാണ്. അങ്ങനെ നമ്മള്‍ പലപ്പോഴും ഇതിനെ കാണുന്നില്ല. നമുക്ക് ഉപയോഗിക്കാവുന്ന വ്യത്യസ്തമായ ഒരുപാട് ഡിജിറ്റല്‍ വിഭവങ്ങള്‍ ലഭ്യമാണ്. അത്തരത്തില്‍ കുറേക്കൂടി ആകര്‍ഷകമാക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ആരംഭത്തിലുള്ള പുതുമ നഷ്ടപ്പെടുകയും കുട്ടികള്‍ ക്ലാസ് ഉപേക്ഷിച്ചു പോകാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യും.
സ്വാഭാവികമായി തോന്നാവുന്ന ഒരു സംശയം, ഈ ക്ലാസില്‍ ഇരിക്കുന്നത് കൊണ്ട് കുട്ടി പഠിക്കുന്നുണ്ടോ എന്ന് നമ്മള്‍ എങ്ങനെ അറിയും? ഇവരുടെ ഈ വിലയിരുത്തല്‍ ഏതു വിധത്തിലാണ് സാധ്യമാവുന്നത്?
പഠനത്തെക്കുറിച്ച് പലപ്പോഴും പറയുന്ന ഒരു കാര്യം പഠനം ആരംഭിക്കുന്ന അതേസമയം തന്നെ വിലയിരുത്തല്‍ ആരംഭിക്കുന്നു എന്നുള്ളതാണ്. അങ്ങനെയൊരു കാഴ്ചപ്പാട് പിന്‍പറ്റുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് പഠന പ്രക്രിയയില്‍ ചെക്ക് പോയിന്റ് എന്ന് നാം വിളിക്കുന്ന ഇടങ്ങള്‍ തന്നെയാണ് നമ്മുടെ വിലയിരുത്തല്‍ പോയിന്റും. ഇങ്ങനെ ഓരോ ഘട്ടത്തിലും നമ്മള്‍ നിരന്തരവും സമഗ്രവുമായ ഒരു മൂല്യനിര്‍ണയത്തെക്കുറിച്ച് സംസാരിക്കുന്നു.
പക്ഷേ, സ്വാഭാവികമായും നമ്മള്‍ പറയുന്ന ‘ലേണിങ് ഔട്ട്കംസ്’ 2013ലെ പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ മുന്നോട്ടുവെച്ച ആശയമാണ്. ഇത് വിദ്യാഭ്യാസത്തില്‍ വളരെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നതും ദേശീയ വിദ്യാഭ്യാസ അവകാശ നിയമം കൃത്യമായി മുന്നോട്ടുവെച്ചതുമായ ഒന്നാണ്. പ്രൈമറിതലത്തിലെ ഒന്നുമുതല്‍ എട്ടാംക്ലാസ്സ് വരെയുള്ള കുട്ടികളുടെ പഠനനേട്ടങ്ങള്‍ ഉറപ്പുവരുത്തേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആ നിലക്ക് അതൊരു ഭരണഘടനാപരമായ വ്യവസ്ഥകൂടിയാണ്.
നമ്മുടെ വിദ്യാഭ്യാസമേഖല നേരിടുന്ന ഒരു വലിയ പ്രശ്‌നം കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. ഏറ്റവും അവസാനം വന്ന 2019-20 ലെ പ്രഥം നടത്തിയ എ.എസ്.ഇ.ആര്‍ റിപ്പോര്‍ട്ട് നമ്മുടെ മുമ്പില്‍ ഉണ്ട്. അത് പരിശോധിച്ചാല്‍ മനസ്സിലാകും. ഈ പഠനം സര്‍ക്കാര്‍ നടത്തുന്നതല്ല, അനൗപചാരികമായി നടത്തുന്നതാണ് എന്നൊക്കെ പറഞ്ഞു കണ്ടില്ലെന്നു നടിക്കാം. പക്ഷേ എന്‍.സി.ഇ.ആര്‍.ടി നടത്തുന്ന നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വ്വേയില്‍ നമുക്ക് ഈ ഒഴിവുകഴിവ് പറയാന്‍ സാധിക്കില്ല. അല്ലെങ്കില്‍ നാഷണല്‍ സാമ്പിള്‍ സര്‍വേ ഫലത്തെ നിഷേധിക്കാനാകില്ല. ഇതിലൊക്കെയും നേടേണ്ട പഠനനേട്ടങ്ങളില്‍ നിന്നെല്ലാം ഒരുപാട് ദൂരെയാണ് കുട്ടികളുടെ നിലവാരം എന്നു കാണാം.
ഇനി കേരളത്തിന്റെ കാര്യം പറയുമ്പോള്‍ തൊണ്ണൂറുകളില്‍ പുതിയ വിലയിരുത്തല്‍ മാര്‍ഗം (Assesment strategy) വന്നു എന്ന് പറയുന്നു. അതിനപ്പുറം തൊണ്ണൂറുകള്‍ക്ക് ശേഷം എന്ത് മാറ്റമാണ് നമ്മുടെ വിലയിരുത്തല്‍ പ്രക്രിയയില്‍ ഉണ്ടായിട്ടുള്ളത്. അതും ആലോചിക്കേണ്ടതാണ്.
ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ വിലയിരുത്തല്‍ എന്താണ് എന്നു ചോദിച്ചാല്‍ അങ്ങനെയൊരു ‘വിലയിരുത്തല്‍ അവിടെ നടക്കുന്നില്ല’. പഠനം നടക്കുമ്പോള്‍ കുട്ടിയെ ഇവിടെ വിലയിരുത്തുന്നത് ഈ ക്ലാസ് എടുത്ത ചാനലിലെ അധ്യാപകന്‍ ആണോ? അതോ ക്ലാസ്മുറിയിലെ അധ്യാപകന്‍ ആണോ?
അങ്ങനെ നോക്കുമ്പോള്‍ തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ സംസാരിക്കുന്നുണ്ടെങ്കിലും ഈ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ചാനല്‍ ക്ലാസുകള്‍ക്ക് മൂല്യനിര്‍ണയം നടത്താന്‍ കഴിയുന്നില്ല. കേവലമായ അറിവിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വൈകാരികമായ മനോഭാവത്തിന്റെ തലത്തിലും, ഒരു പ്രത്യേക ഘട്ടത്തില്‍ കുട്ടി എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെയുമെല്ലാം അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍ നടക്കേണ്ടത്. കുറച്ചുകൂടി വിശാലമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കുട്ടി എങ്ങനെ അറിവിന്റെ നിര്‍മാതാവാകുന്നു എന്നുള്ള ഉയര്‍ന്ന ചിന്താശേഷിയുടെ രൂപീകരണം നല്‍കാന്‍ നമ്മുടെ വീഡിയോ ക്ലാസുകള്‍ക്ക് കഴിയുന്നില്ല. കാരണം നമ്മുടെ വിദ്യാഭ്യാസം അങ്ങനെയല്ല ഇതുവരെ സഞ്ചരിച്ചിട്ടുള്ളത് എന്നതുകൂടി ഒരു കാരണമാണ്.
കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, സ്ലൈഡ് ഒക്കെ ഉപയോഗിക്കാം എന്നു പറയുന്നത് ഇപ്പോള്‍ പുതുമയുള്ള എന്തോ ഒന്നായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതോടുകൂടി വിദ്യാഭ്യാസം ശരിയായി എന്ന ഒരു ധാരണയുണ്ട്. ബ്ലെന്റഡ് ലേണിംഗ് (Blended learning)എന്ന വാക്കുപോലും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസത്തെ ഇവയുടെ സാധ്യതയും പരിമിതിയും മനസിലാക്കി മുന്നോട്ടു പോകാന്‍ പര്യാപ്തമാക്കേണ്ടത്?
കൊവിഡ്പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പും അധ്യാപകര്‍ ഡിജിറ്റല്‍ സങ്കേതങ്ങള്‍ ക്ലാസ്സ്മുറിയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആ നിലയില്‍ ഇത് പുതിയതല്ല. ദൃശ്യ സൂചകങ്ങള്‍(Visual Content) പെഡഗോജിക്കല്‍ ആയി മാറ്റണമെങ്കില്‍ അധ്യാപകന്‍ ഇല്ലാതെ പറ്റില്ല. കൃത്യമായ ബോധനശാസ്ത്രപരമായ സമീപനത്തിലൂടെ അല്ലാതെ കുട്ടിയുടെ ചിന്തയിലേക്കോ അന്വേഷണത്തിലേക്കോ അത് കയറില്ല. പ്രത്യേകിച്ചും ഈ ഒരു പുതിയ കാലഘട്ടത്തില്‍, അധ്യാപകര്‍ക്ക് സാങ്കേതിക വിദ്യയില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല. എന്നാല്‍ കൃത്യമായ ഒരു ബോധനസമീപനത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണ്. കുട്ടിയുടെ ഭാവനയേയും, സര്‍ഗ്ഗാത്മക വിമര്‍ശനാത്മക ചിന്തയേയും ഡിജിറ്റല്‍ പഠനോപാധികള്‍ തടസ്സപ്പെടുത്തുന്നില്ല എന്നതും ഉറപ്പാക്കണം.
അധ്യാപകര്‍ക്കുള്ള പരിമിതികള്‍ കൂടെ ഇവിടെ നമ്മള്‍ കണക്കിലെടുക്കേണ്ടതുണ്ടല്ലോ. അവര്‍ എത്രത്തോളം സജ്ജരാണ്?
ഇതുപറയുമ്പോള്‍ 2005-ല്‍ എഡ്യുസാറ്റ് ഉപയോഗിച്ചുകൊണ്ട് ഓണ്‍ലൈന്‍ ആയി പഠന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യകാല ടെക്‌നോളജിയുമായി ഉള്‍ച്ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 2005-ല്‍ നിന്ന് 2020-ലേക്ക് എത്തുമ്പോള്‍ നമുക്ക് പരിപൂര്‍ണമായ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പോലും വികസിപ്പിക്കാന്‍ സാധിച്ചിട്ടില്ല എന്നോര്‍ക്കണം.
ഇപ്പോഴും നമ്മള്‍ ഉപയോഗിക്കുന്നത് ‘റീസിവിംഗ് എന്‍ഡില്‍’ ആളുകളെ ഇരുത്തുന്ന ചാനല്‍ സംപ്രേക്ഷണം പോലെയുള്ള ഒരു സംവിധാനത്തെയാണ്. പക്ഷേ, കേരളത്തിലെ സി.ബി.എസ്.ഇ ക്ലാസുകള്‍, കേന്ദ്രീകൃതവിദ്യാലയങ്ങള്‍, നവോദയവിദ്യാലയങ്ങള്‍ ഇവിടെയൊക്കെ ‘ഇന്ററാക്ടീവായ’ പ്ലാറ്റുഫോമുകള്‍ ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നടക്കുന്നത്. വലിയൊരു വൈരുദ്ധ്യമാണത്. ഒരു ഭാഗത്ത് ‘ഇന്ററാക്ടീവായ’ ആയ ഗൂഗിള്‍ മീറ്റ്, സൂം, സ്‌കൈപ്പ് പോലെയുള്ള സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മറുഭാഗത്ത് ഇതൊന്നുമില്ല. വലിയ ഡിജിറ്റല്‍ വിഭജനമാണ് ഈ നടക്കുന്നത്.
നമുക്ക് മുന്‍പേ തയ്യാറാക്കിയ (Prerecorded) വീഡിയോ ക്ലാസ്സുകള്‍ എന്നതിനപ്പുറത്തേക്ക് പോകാന്‍ കഴിയുന്നില്ല. കേരളത്തിലെ അധ്യാപകര്‍ വളരെ പ്രബുദ്ധരായ അക്കാദമിക കമ്മ്യൂണിറ്റിയാണ്. നമുക്ക് വികേന്ദ്രീകൃതമായ രീതിയില്‍ ചെയ്യാവുന്ന സാധ്യതകളും ആലോചിക്കാവുന്നതാണ്.
വികേന്ദ്രീകരണം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നതെന്താണ്?
ഞാന്‍ സൂചിപ്പിക്കുന്നത് നമ്മുടെ അധ്യാപകരെ വിശ്വാസത്തില്‍ എടുക്കണം എന്നാണ്. 2015നു ശേഷം 2020 വരെ കേരളത്തിലെ ഓരോ അധ്യാപകനും ശരാശരി ഒരു 30 ദിവസത്തെയെങ്കിലും ഐ.ടി അധിഷ്ഠിത ക്ലാസുകള്‍ ലഭിച്ചിട്ടുണ്ടാവണം. ഐ.ടി@സ്‌കൂളും, കൈറ്റും ഇങ്ങനെ െ്രടയിനിംഗ് നല്‍കിയിട്ടുള്ള അധ്യാപകരെ നാം വിശ്വാസത്തില്‍ എടുക്കേണ്ടതല്ലേ. ഈ അധ്യാപകര്‍ സജ്ജരായിരിക്കണം എന്നാണ് മനസ്സിലാക്കേണ്ടത്. അങ്ങനെ കഴിയുന്നില്ലെങ്കില്‍ നല്‍കപ്പെടുന്ന ഐ.ടി വിദ്യാഭ്യാസത്തിന് എന്തോ കുഴപ്പമുണ്ട് എന്നു തിരിച്ചറിയണം. ഇത്രയധികം പരിശീലനം നല്‍കിയിട്ടും അധ്യാപകര്‍ക്ക് ക്ലാസില്‍ സാങ്കേതികവിദ്യയെ കാര്യക്ഷമമായ തരത്തില്‍ പെഡഗോജിക്കല്‍ ആയി സംയോജിപ്പിക്കാന്‍ ആകുന്നില്ലെങ്കില്‍ നാം കൊടുത്ത ട്രെയ്നിങുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയാലുക്കളാകേണ്ടതുണ്ട്.
മൊത്തത്തില്‍ ഉള്ള ഈ അവസ്ഥയെ പരിഗണിക്കുകയാണെങ്കില്‍ അധ്യാപകര്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്നു എന്നു തോന്നുന്നു?
തീര്‍ച്ചയായും. സമീപകാലത്ത് അധ്യാപകര്‍ മാര്‍ഗദര്‍ശി അല്ലെങ്കില്‍ ഉപദേഷ്ടാവ് എന്ന നിലയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. അധ്യാപക ബാഹ്യമോ, അധ്യാപക വിരുദ്ധമോ ആയ ജോലികളാണ് പലപ്പോഴും അധ്യാപക വിഭാഗത്തിന് ചെയ്യേണ്ടി വരുന്നത്. കേരളത്തിലെന്ന പോലെ ഇന്ത്യ ഒട്ടാകെയുള്ള അധ്യാപക വിഭാഗം ഇന്ന് അധ്യാപനം എന്നതിലുപരി മറ്റു പല കര്‍ത്തവ്യങ്ങളും നിര്‍വഹിക്കേണ്ട സാഹചര്യമുണ്ട്.
യഥാര്‍ത്ഥത്തില്‍, അധ്യാപനത്തിലുപരിയായി വരുന്ന മറ്റു ജോലികള്‍ക്കുള്ള പരിശീലനങ്ങള്‍ ലഭിക്കാറുണ്ടോ എന്ന ചോദ്യം പോലും പ്രസക്തമാണ്. അധ്യാപകര്‍ക്ക് സ്‌കൂള്‍ അന്തരീക്ഷത്തില്‍ പലപ്പോഴും ഗുമസ്തന്‍ എന്ന നിലയിലേക്ക് മാറേണ്ടി വരികയാണ്. വിദ്യാഭ്യാസ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് പുറമേ മറ്റു കാര്യങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുന്നതിനും ഡൗണ്‍ലോഡ് ചെയ്യുന്നതിനു മടക്കം സാങ്കേതികമായി പിന്തുണക്കുന്ന ആളുകളായി അധ്യാപകര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ‘മള്‍ട്ടിടാസ്‌കിങ്’ അധ്യാപകനെ വല്ലാതെ ചെടിപ്പിക്കുന്നുണ്ട്.
ദേശീയ വിദ്യാഭ്യാസ അവകാശനിയമം അധ്യാപകരെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്നു പറയുന്ന വിവിധങ്ങളായ ജോലികള്‍ അധ്യാപകര്‍ ചെയ്യേണ്ടി വരുന്നുണ്ട്. 2017-ലെ നാഷ്ണല്‍ അച്ചീവ്‌മെന്റ് സര്‍വേ നടത്തിയ കേരളത്തിലെ അധ്യാപകരുടെ സംതൃപ്തി പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞത് 52% അധ്യാപകര്‍ മാത്രമാണ് അവരുടെ ജോലിയില്‍ സംതൃപ്തരായുള്ളത് എന്നാണ്. കേരളം പോലെയുള്ള വൈജ്ഞാനിക സമൂഹത്തിലെ അഥവാ മികച്ച സേവന വേതന വ്യവസ്ഥകള്‍ അധ്യാപകര്‍ക്കു നല്‍കുന്ന സമൂഹത്തിലെ 48% അധ്യാപകരും അവരുടെ ജോലിയില്‍ അസംതൃപ്തരാണെന്ന് തന്നെ പറയാം.
സത്യത്തില്‍ അധ്യാപകര്‍ പല തരത്തിലുള്ള ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ട്. ചില പ്രത്യേകമായ വിഷയങ്ങളെ സാമാന്യവല്‍ക്കരിച്ചു സാമൂഹ്യ മാധ്യമങ്ങളിലൂടെ അധ്യാപകര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ നമുക്ക് ഓര്‍മ്മയുണ്ട്. സമീപകാലത്ത് വയനാട്ടിലെ ഷെഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഴുവന്‍ അധ്യാപകരും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വലിയ ആക്രമണത്തിന് വിധേയരാകേണ്ടതായി വന്നിട്ടുണ്ട്. അത് വലിയ വാര്‍ത്തയായി നാടെങ്ങും കൊട്ടിഘോഷിച്ചു. അതേസമയം മൂവാറ്റുപുഴയില്‍ രേവതി എന്ന അധ്യാപിക അസംബ്ലി നടക്കുന്നതിനിടെ പാഞ്ഞു വന്ന കാറിന്റെ മുന്നില്‍ നിന്ന് വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നതിനിടയില്‍ മരണപ്പെട്ട സംഭവം വാര്‍ത്തയായില്ല. അവരും യഥാര്‍ത്ഥത്തില്‍ അധ്യാപിക തന്നെയാണ്.
ഓണ്‍ലൈന്‍ പഠനക്ലാസ്സുകളുടെ കാര്യമാണെങ്കില്‍ അധ്യാപകന്റെ സ്ഥാനമെന്താണെന്നുള്ളത് വിലപ്പെട്ട ചോദ്യം തന്നെയാണ്. കമ്പ്യൂട്ടര്‍ പ്രവേശനക്ഷമതയിലും കമ്പ്യൂട്ടര്‍ ഉപയോഗക്ഷമതയിലും വിദ്യാര്‍ത്ഥികളെന്ന പോലെ അധ്യാപകരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ കമ്പ്യൂട്ടര്‍ പോലും കണ്ടിട്ടില്ല. പല വിദ്യാലയങ്ങളിലും വൈദ്യുതി പോലുമില്ല. ഭാവിയിലുണ്ടാകുന്ന ഒരു സാഹചര്യത്തിലേക്ക് (ഓണ്‍ലൈന്‍ വിദ്യാഭ്യാസം) പെട്ടെന്ന് എടുത്തെറിയപ്പെട്ട അധ്യാപകന്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ പ്രശ്‌നങ്ങളെ മനസ്സിലാക്കാതെയാണ് ഭരണകര്‍ത്താക്കള്‍ പറയുന്നത് ഇനി മുതല്‍ നിങ്ങള്‍ ഡിജിറ്റല്‍ സങ്കേതത്തിലേക്ക് മാറണമെന്ന്.
കേരളത്തിലെ അവസ്ഥ ഇതാണെങ്കില്‍ ഇന്ത്യയിലെ ആകമാനം അവസ്ഥ എന്തായിരിക്കും. അധ്യാപകര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുള്ള പരിശീലനം എത്ര മോശവും ദരിദ്രവുമായിരിക്കും! തന്റെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതിന്റെ അസ്വസ്ഥതകള്‍ നേരിടുന്ന അധ്യാപകരുണ്ട്. മറ്റു ചിലര്‍ക്ക് തനിക്ക് ഈ പ്രക്രിയയില്‍ പങ്കെടുക്കാന്‍ പറ്റാത്ത വിഷമം. (കുറച്ചു പേരല്ലേ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാന്‍ നിയോഗിക്കപ്പെടുന്നുള്ളൂ, ബാക്കിയുള്ളവര്‍ പുറത്താണല്ലോ) ഇങ്ങനെയുള്ള ബഹുമുഖ പ്രശ്‌നങ്ങള്‍ അധ്യാപകര്‍ നേരിടുന്നുണ്ട്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് നമ്മുടെ രാജ്യം മാറിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം മാറ്റങ്ങളാണ് വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരേണ്ടതായിട്ടുള്ളത് എന്ന് വിശദീകരിക്കാമോ?
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എസ്.ഇ.ക്യു.ഐ എന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള പഠനത്തില്‍ ഒന്നാം സ്ഥാനം ഗുജറാത്തിനാണ്. ഈ റിപ്പോര്‍ട്ടില്‍ തന്നെ 58.3% മാത്രം കുട്ടികള്‍ക്കാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള പഠനം നടക്കുന്നത് എന്നും പരാമര്‍ശിക്കുന്നു. എല്‍.പി., യു.പി. വിഭാഗം നോക്കുകയാണെങ്കില്‍ കേരളം രണ്ടാംസ്ഥാനത്താണ് (49.6%). സെക്കണ്ടറി വിഭാഗത്തില്‍ 45% ത്തോടുകൂടി നാലാംസ്ഥാനവും. ഈ വിവരങ്ങള്‍ ഹൈടെക് വിദ്യാഭ്യാസം വരുന്നതിനു മുന്‍പുള്ളതാണ്. ഹൈടെക് വിദ്യാഭ്യാസം വന്നതിനു ശേഷം ഈ കണക്കുകളില്‍ മാറ്റമുണ്ടാകാം. പക്ഷേ ഗ്രാമ-നഗര അസമത്വം വളരെ ശക്തമാണ്. ലിംഗപരമായ അസമത്വവും വളരെ പ്രകടമാണ്. ഇന്ത്യന്‍ ജനസംഖ്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പുരുഷന്മാര്‍ 25%വും, സ്ത്രീകള്‍ 14.9%വുമാണ്.
കേരളത്തില്‍ സര്‍ക്കാര്‍ കോടിക്കണക്കിനു പണം മുടക്കി നടത്തുന്ന മേന്മയേറിയ പദ്ധതിയാണ് ‘പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം’. ഇത് ദീര്‍ഘകാല നിക്ഷേപവും ഉപകാരപ്രദവുമായാണ് വിദ്യാഭ്യാസപ്രവര്‍ത്തകര്‍ നോക്കി കാണുന്നത്. ഇതുകൊണ്ടാണ് കൊറോണാകാലത്തെ പ്രതിരോധിക്കുന്നതില്‍ കേരളം മുന്നിട്ടുനിന്നത്. അത് വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ രക്ഷാസംവിധാനങ്ങളുടേയും മേന്മയാണ്. അവ 1956-നുശേഷം നിക്ഷേപിച്ചവയല്ല. 1817-ല്‍ സേതുപാര്‍വ്വതിഭായിയുടെ വിളംബരം മുതലുള്ള നിക്ഷേപമാണ്. അല്ലെങ്കില്‍ മാധവ റാവുവിന്റെ കാലത്ത് നാട്ടുഭാഷ സ്‌കൂളുകളില്‍ തുടങ്ങിയ നിക്ഷേപമാണ്. 1956-ല്‍ സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ പതിനായിരത്തിനടുത്ത് സ്‌കൂളുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്ന് നാം ഓര്‍ക്കണം. അതുകൊണ്ട് ഈ കൊറോണാ കാലഘട്ടത്തില്‍ പോസിറ്റീവ് ഫീഡ്ബാക്ക് കേരളത്തിന് ലഭി ക്കുകയും ചെയ്തു. ഒരുപക്ഷേ മറ്റു സമൂഹങ്ങള്‍ക്ക് അത് ലഭിക്കാത്തതിന്റെ കാരണവും അവര്‍ക്ക് ദീര്‍ഘകാലനിക്ഷേപം വിദ്യാഭ്യാസത്തില്‍ ഇല്ലാത്തത് തന്നെയാണ്.
ഇനി കേരളത്തിന് ചെയ്യാനുള്ളത് ഡിജിറ്റല്‍ വിഭജനം നേരിടുന്ന കുട്ടികള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കുട്ടികള്‍, പഠനത്തില്‍ പിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികള്‍, താഴ്ന്ന അക്കാദമിക പ്രകടനം ഉള്ളവര്‍ എന്നിവര്‍ക്ക് വേണ്ടി ഒരു ആസൂത്രണം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തുക എന്നുള്ളതാണ്. ഒരു കുട്ടി പോലും ഈ പ്രക്രിയയ്ക്ക് പുറത്താകുന്നില്ല എന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ സാമൂഹിക അക്കാദമിക തലങ്ങളില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം ക്ലാസ്മുറിയിലെയും പൊതുസമൂഹത്തിലേയും ഡിജിറ്റല്‍ വിഭജനം എന്ന പ്രശ്‌നം തുടരുക തന്നെ ചെയ്യും. അതിനാല്‍ മുന്‍ഗണനകളും അജണ്ടകളും അടിസ്ഥാനവര്‍ഗ വിഭാഗത്തിനായി പൊളിച്ചെഴുതേ ണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
വേനലവധി കഴിഞ്ഞ് സ്‌കൂളില്‍ തിരിച്ചെത്തുന്ന കുട്ടികള്‍ക്ക് അവര്‍ പഠിച്ച പാഠഭാഗങ്ങള്‍ മറന്നുപോവുകയോ, വേനല്‍ക്കാല പഠനനഷ്ടം സംഭവിക്കുകയോ ചെയ്യാറുണ്ട്. അത് കൊവിഡ് കാലത്തും സംഭവിക്കില്ലേ? നാം ആ ഒരു പ്രശ്‌നത്തെ പരിഗണിക്കേണ്ടതില്ലേ?
ഈ നഷ്ടങ്ങള്‍ ക്ലാസ്മുറികളില്‍ ഇപ്പോഴും സംഭവിക്കുന്നുണ്ട്. പലപ്പോഴും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ക്ലാസ്മുറികളില്‍ ‘സോഷ്യല്‍ ലോഫിങ്’ എന്ന പ്രക്രിയ നടക്കുന്നുണ്ട്. അതായത്, വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികളാണ് ഒരു ഗ്രൂപ്പില്‍ ഉണ്ടാവുക. അവിടെ കഴിവ് കൂടിയ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ കഴിവ് കുറഞ്ഞ കുട്ടി മാറ്റി നിര്‍ത്തപ്പെടുകയും വിദ്യാഭ്യാസ പ്രക്രിയയില്‍നിന്ന് പുറത്താവുകയും ചെയ്യുന്നു. ‘അര്‍ബന്‍ മിത്ത്‌സ് എബൗട്ട് ലേണിംഗ് ആന്‍ഡ് എഡ്യുക്കേഷന്‍’ എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്.
സോഷ്യല്‍ ലോഫിങ്ങിന്റെ ഭാഗമായി വിദ്യാഭ്യാസം പോലും നഷ്ടപ്പെട്ടു പോകുന്ന ആദിവാസി കുട്ടികളുണ്ട്. ഇത്തരത്തിലുള്ള മറ്റൊരു പ്രക്രിയ യാണ് ‘ഗ്രൂപ്പ് തിങ്കിംഗ്’ എന്നത്. ഇത് ചിന്തകളെ ഹൈജാക്ക് ചെയ്യുന്ന ഒന്നാണ്. ഇതെല്ലാം ക്ലാസ്മുറികള്‍ക്കുള്ളില്‍ നടക്കുന്നുണ്ട്. പഠനനഷ്ടം മാത്രമല്ല ‘എഡ്യുക്കേഷനല്‍ ഡിസ്‌ലെക്‌സിയ’ എന്നതുകൂടി സംഭവിക്കുന്നു. ‘എഡ്യുക്കേഷനല്‍ ഡിസ്‌ലെക്‌സിയ’ എന്നാല്‍ വിദ്യാഭ്യാസത്തില്‍നിന്ന് കുട്ടിക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. വേനല്‍ അവധിക്കാലത്തെ പഠനനഷ്ടം മാത്രമല്ല, മറ്റു പല നഷ്ടങ്ങളും ക്ലാസ്മുറികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആദ്യം അതിനെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ഈ സോഷ്യല്‍ ലോഫിങ്ങില്‍നിന്ന് പുറത്ത് പോകുന്നവരുടെ അവസ്ഥ കണ്ടെത്തേണ്ടതുണ്ട്. ഇത് ഭാഷ ന്യൂനപക്ഷ പ്രദേശങ്ങളിലും സംഭവിക്കുന്നു. ഇത്തരം സൂക്ഷ്മമായ കാര്യങ്ങള്‍ ക്ലാസ്സമുറികളില്‍ നടക്കുന്നുണ്ട്. എന്‍.സി.എഫ് 2005ന്റെ വിമര്‍ശനം ആയി ‘നിങ്ങള്‍ക്ക് അറിവ് സൃഷ്ടിക്കണമെങ്കില്‍ അറിവിന്റെ ശക്തമായ അടിത്തറ ആവശ്യമാണ്. ഈ അടിത്തറയില്‍ നിന്നു മാത്രമേ, നിങ്ങളുടെ അറിവിന്റെ നിര്‍മ്മാണം ശക്തമാവുകയുള്ളൂ. അതുകൊണ്ട് നിങ്ങള്‍ക്ക് അടിത്തറ ഇല്ലാതെ എങ്ങനെയാണ് മുന്നോട്ട് പോകാന്‍ കഴിയുക’ എന്നാണ് പ്രൊഫ. യശ്പാലിനോട് ഇര്‍ഫാന്‍ ഹബീബ് ചോദിച്ചത്.
ശൂന്യതയില്‍നിന്ന് അറിവിന്റെ നിര്‍മ്മാണം സാധ്യമാകുമോ എന്ന് കൂടി അദ്ദേഹം ചോദിക്കുന്നു. അറിവ് നിര്‍മ്മിക്കണമെങ്കില്‍ പാഠപുസ്തകങ്ങളിലുള്‍പ്പെടെ പര്യാപ്തമായ ഉള്ളടക്കം ഉണ്ടാകണം. അത് അഭിസംബോധന ചെയ്യാന്‍ കഴിയുന്ന ഇടം നമ്മുടെ പാഠ്യപദ്ധതിയില്‍ ഉണ്ടാവണം. വേനല്‍ അവധിക്കാലത്തെ പഠനനഷ്ടം മാത്രമല്ല, ഉള്ളടക്ക ചോര്‍ച്ചയും നിലവാരത്തകര്‍ച്ചയും വിലയിരുത്തലിലെ പ്രശ്‌നങ്ങളും നാം അഭിസംബോധന ചെയ്യണ്ടേതാണ്.
ഓണ്‍ലൈന്‍ പഠനരീതി കുട്ടികളില്‍ വല്ലാതെ മടുപ്പ് ഉളവാക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ മേന്മയെയും എഴുത്തിനെയും പദസമ്പത്തിനെയും ബാധിക്കുന്നതായി കുട്ടികള്‍ തന്നെ പറഞ്ഞു കേള്‍ക്കുന്നു. ഇതിനോടുള്ള അഭിപ്രായം എന്താണ്? ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാം?
ഒരു അനുഭവം പറയാം. 2014ല്‍ ഒരു ഫെലോഷിപ്പിന്റെ ഭാഗമായി യു.എസി.ലെ കാലിഫോര്‍ണിയയിലെ ക്ലാര്‍മെന്റ് ബിരുദ യൂണിവേഴ്‌സിറ്റിയില്‍ പോയിരുന്നു. അവിടെ ചെല്ലുമ്പോള്‍ ക്ലാര്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കുട്ടികള്‍ക്ക് (11, 12 ക്ലാസ്സിലെ കുട്ടികള്‍ക്ക്) കൊടുത്ത ടാബ്‌ലെറ്റ് തിരിച്ചു വാങ്ങുകയാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ കാര്യവുമായി ബന്ധപ്പെട്ടാണ് ഇത് നല്‍കിയിരുന്നത്. ഒബാമയുടെ കാലത്തു തന്നെ അടിസ്ഥാനത്തിലേക്ക് തിരിച്ചുപോവുക (back to basics) എന്ന കാഴ്ചപ്പാടിലേക്ക് അവരൊക്കെ വന്നു. ഈ ടാബ്‌ലെറ്റ് തിരിച്ചു വാങ്ങുന്നത് കുട്ടികളുടെ ഭാഷാപരമായ ശേഷിയെയും, ആശയ വിനിമയ നൈപുണ്യത്തെയും കണക്കുകൂട്ടല്‍ ശേഷിയേയും കുട്ടികളുടെ ഓര്‍മ്മയേയും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ്.
തീര്‍ച്ചയായും വിദ്യാഭ്യാസത്തില്‍ യു.എസ്. ഒരു നല്ല മോഡല്‍ അല്ല. പി.ഐ.എസ്.എ (പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റുഡന്റ് എഡ്യുക്കേഷന്‍)ല്‍ അമേരിക്കയുടെ നിലവാരം എത്രയാണെന്ന് അന്വേഷിക്കണം. എങ്കിലും അമേരിക്കന്‍ വിദ്യാഭ്യാസത്തില്‍ ഡിജിറ്റലൈസേഷന്‍ ഒരു പരാജയമായ ഘട്ടത്തിലാണ് ‘ബാക്ക് ടു ബേസിക്‌സ്’ എന്ന മുദ്രാവാക്യം വരുന്നത്. പിന്നീട് അവര്‍ ഗണിതവും ഭാഷയും കോമണ്‍ കോര്‍ ആക്കി മാറ്റി.
വളരെ ശക്തമായ ഫെഡറല്‍ വ്യവസ്ഥ നിലനില്‍ക്കുന്ന യു.എസില്‍ സംസ്ഥാനങ്ങളോട് വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പറയാന്‍ കഴിയില്ല. എന്നിട്ടും അവര്‍ അത് ചെയ്തു. ‘എഡ്യുക്കേഷന്‍ അറ്റ് ദ റിസ്‌ക്’ എന്ന രേഖയില്‍പറയുന്നു, വലിയ ഉള്ളടക്ക നഷ്ടവും ഭാഷയുടെയും ഗണിതത്തിന്റെയും കുറവും പ്രത്യേകിച്ച് അടിസ്ഥാന വിദ്യാഭ്യാസതലത്തില്‍ നടന്നിരുന്നു എന്ന്.
ഡാനിയല്‍ ടി വില്ലിംഗ്ഹാമിന്റെ ‘വൈ ഡോണ്‍ട് സ്റ്റുഡന്റ്‌സ് ലൈക്ക് സ്‌കൂള്‍’ എന്ന പുസ്തകത്തില്‍ അദ്ദേഹം ഇത് പറയുന്നുമുണ്ട്. ഓര്‍മ്മയെ വിദ്യാഭ്യാസ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കിയാല്‍ കുളിപ്പിക്കുന്ന വെള്ളത്തോടൊപ്പം കുഞ്ഞിനെ കൂടി വലിച്ചെറിയുന്നതിന് തുല്യമായിരിക്കും എന്ന് ദീര്‍ഘകാല ഓര്‍മ്മയെ (long term memory) കുറിച്ച് വില്ലിംഗ്ഹാം പറയുന്നത്.
ഇന്ത്യ മാതൃക ആക്കേണ്ടത് ഏഷ്യന്‍ രാജ്യങ്ങളെയാണ്. നമ്മുടെ സാമൂഹിക സാംസ്‌കാരിക സന്ദര്‍ഭത്തോട് പൊരുത്തപ്പെടുന്നത് അവരാണ്. അടിസ്ഥാന ധാരണകള്‍ക്കും ഓര്‍മ്മയ്ക്കും ഒക്കെ പ്രാധാന്യം നല്‍കി മാത്രമേ അത് മുന്നോട്ടുകൊണ്ടുപോകാവൂ. ഇതൊക്കെ പറഞ്ഞത് ഓണ്‍ലൈനില്‍ ഇടുങ്ങിപ്പോകുന്ന കുട്ടികളുടെ അവസ്ഥയെ സൂചിപ്പിക്കാനാണ്. ഡിജിറ്റല്‍ വിദ്യാഭ്യാസം അടിസ്ഥാന ശേഷികളെ ഉറപ്പിക്കുന്നില്ല.
സ്‌കൂളില്ലായ്മ കുട്ടികളെ കാര്യമായി ബാധിക്കുകയാണല്ലോ. കൊവിഡാനന്തരം ഇതിനെ എങ്ങനെ അഭിസംബോധന ചെയ്യണം?
സ്‌കൂള്‍ എന്ന് പറയുന്നത് സമപ്രായക്കാരുമായുള്ള സംവേദനത്തിന്റെ(pear group interaction)യും സാമൂഹിക പ്രക്രിയയുടെയും ഇടമാണ്. മാത്രമല്ല ജനാധിപത്യത്തിന്റെയും, സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും കൂടി ഇടമാണ്. സാഹിത്യത്തിലും സ്‌കൂള്‍ ഒരു മതേതര, ജനാധിപത്യ ഇടമായി രൂപപ്പെട്ടിട്ടുള്ളതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അങ്ങനെയുള്ള ഒരു പരിസരത്തെ ഓണ്‍ലൈനിലേക്ക് ചുരുക്കി കൊണ്ടു വരുന്നതില്‍ അര്‍ഥമില്ല. അതുകൊണ്ട് സ്‌കൂള്‍ തിരിച്ചുവരും. യാതൊരു സംശയവുമില്ല. പഴയതുപോലെ തിരിച്ചുവരുമോ എന്നറിയില്ല. ചിലപ്പോള്‍ തിരിച്ചുവരുന്ന സ്‌കൂള്‍ പുതിയ രീതിയിലുള്ളതായിരിക്കും.
പുതിയ സ്‌കൂളിലെ പാഠ്യപദ്ധതി കുറച്ചുകൂടി സന്തോഷഭരിതമാവണം. ഡല്‍ഹിയില്‍ മുന്നോട്ടുവച്ച ‘ഹാപ്പിനെസ്സ് കരിക്കുലം’ പോലെ ആയിരിക്കണം. അത് മുഴുവന്‍ ശരി എന്നല്ല പറയുന്നത്, ‘ഹാപ്പിനെസ്സ് കരിക്കുലത്തിന്’ അവിടെയുള്ള സാധാരണ തൊഴിലാളികളുടെ മക്കളുടെ ഇടയില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ അവിടുത്തെ ഇലക്ഷനില്‍ വലിയ സൂചകമായി വരുകയും ചെയ്തു.
അതിനകത്തുള്ള രാഷ്ട്രീയവശങ്ങള്‍ മാറ്റി നിര്‍ത്തി അക്കാദമിക് ആയിട്ടുള്ള സന്ദര്‍ഭത്തില്‍ അവര്‍ മുന്നോട്ടുവെച്ച ഒരു പുതുമ ഉണ്ട്. ഇനി വരാന്‍പോകുന്ന കരിക്കുലം കുട്ടികളില്‍ സന്തോഷവും ആഹ്ലാദവും ജനിപ്പിക്കുന്നതാവണം. അതായത് മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ സാമൂഹിക അകലത്തിന്റെ സന്ദേശം കഥകളുടെയോ കവിതകളുടെയോ അനുഭവങ്ങളുടെയോ സന്ദര്‍ഭം ഉപയോഗിച്ചുകൊണ്ട് കുറേക്കൂടി ജീവസുറ്റ ഒന്നാക്കി മാറ്റണം. സ്‌കൂളുകളും ക്ലാസ് മുറികളുമെല്ലാം വാസ്തുവിദ്യാനിര്‍മാണത്തില്‍ എത്രമാത്രം സൗന്ദര്യാത്മകമാണ്, സംവേദാത്മകമാണ് എന്ന ചോദ്യങ്ങളും കൂടി ഉയരുന്നുണ്ട്. ഇതിനെ എല്ലാം അഭിസംബോധന ചെയ്യണം. പൊതുവിദ്യാഭ്യാസയജ്ഞത്തില്‍ അത്തരത്തിലുള്ള വലിയ മാറ്റങ്ങള്‍ ഉണ്ടാകണം. കൊറോണാന്തര കരിക്കുലം പല സാഹചര്യങ്ങളിലും പുതിയ ഒന്നാകേണ്ടതുണ്ട്.
ഈ കൊറോണ കാലത്ത് ക്ലാസ്സുകള്‍ കുറവാണെന്ന കാരണത്താല്‍ സിലബസിലെ ഭാഗങ്ങള്‍ ഒഴിവാക്കുന്നതാണല്ലോ ചര്‍ച്ച. പാഠ്യപദ്ധതികളും സിലബസും പുനര്‍നിര്‍മ്മിക്കേണ്ടി വരുമെങ്കില്‍ ഏതു രീതിയിലാണ് അതു സാധ്യമാക്കാന്‍ കഴിയുക?
ഉള്ളടക്കഭാഗങ്ങള്‍ ഒഴിവാക്കുന്നതിനോട് യോജിക്കുന്നില്ല. അത് പറയുമ്പോള്‍ പി.ഐ.എസ്.എയിലെ ഇന്ത്യയുടെ പ്രകടനം പരിശോധിക്കേണ്ടതുണ്ട്. പി.ഐ.എസ്.എയില്‍ ഇന്ത്യ അവസാനമായി പങ്കെടുത്തത് 2009-ലാണ്. 2012, 2015, 2018 ഒന്നിലും തന്നെ ഇന്ത്യ പങ്കെടുത്തിട്ടില്ല. 2009-ല്‍ ഇന്ത്യയുടെ അനുഭവം ദയനീയമാണ്. അന്ന് 73 രാജ്യങ്ങള്‍ പങ്കെടുത്തതില്‍ ഇന്ത്യയുടെ സ്ഥാനം 72 ആയിരുന്നു. കിര്‍ഗിസ്ഥാന്‍ മാത്രമേ പുറകില്‍ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ഇന്ത്യ ഒളിച്ചോടിയത്.
അടിസ്ഥാനപരമായി ഇന്ത്യയുടെ പാഠ്യപദ്ധതിയില്‍ വലിയ നഷ്ടം ഉണ്ടായി. ലോകത്ത് എവിടെയും പത്താം ക്ലാസ്സ് കഴിയുന്ന കുട്ടി നേടേണ്ടുന്ന വിദ്യാഭ്യാസത്തിന്റെ ആ നിലവാരത്തില്‍ പരാജയപ്പെട്ടതുകൊണ്ടാണ് ഇന്ത്യക്ക് ഒളിച്ചോടേണ്ടി വന്നത്. ഗണിതത്തിലും ശാസ്ത്രത്തിലും ഭാഷയിലും പത്താം ക്ലാസ്സ് കഴിഞ്ഞ കുട്ടി ആര്‍ജിക്കേണ്ട നിലവാരത്തെയാണ് അന്തര്‍ദേശീയ നിലവാരം എന്ന് വിളിക്കേണ്ടത്. അത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ നിലവാരമല്ല. അത് ഭാഷയിലാകാം, ശാസ്ത്രാവബോധത്തിലാവാം, ഗണിത ശാസ്ത്ര നൈപുണിയിലാവാം. അതിനുവേണ്ട നിലവാരത്തെയാണ് അന്താരാഷ്ട്ര നിലവാരം എന്ന് പറയുന്നത്. ആ നിലവാരം കുട്ടി നേടിയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതാണ് പത്താം ക്ലാസ്സിലെ ‘ലേണിംഗ് ഔട്ട്കം’ എന്ന് പറയുന്നത്.
ഈ നിലവാരത്തില്‍ എത്താനാവശ്യമായ ഉള്ളടക്കത്തിനെ ലഘൂകരിച്ചുകൊണ്ട് ഇതാണ് പ്രശ്‌നങ്ങളുടെ എല്ലാം ഒറ്റമൂലി എന്ന് പറയുന്നത് വിദ്യാഭ്യാസക്രമത്തില്‍ ഒരു ‘എലീറ്റിസം'(Elitism) ഉണ്ടാക്കുകയും, ഒരു ന്യൂനപക്ഷം കയറിവരുകയും ബഹുഭൂരിപക്ഷം വരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകള്‍ വീണ്ടും പുറത്താക്കപ്പെടുകയും ചെയ്യുന്നു.
ഉള്ളടക്കത്തെ ലഘൂകരിച്ചുകൊണ്ട് പ്രശ്‌നങ്ങളെ മറികടക്കാമെന്ന ഒറ്റമൂലി ‘ലേണിംഗ് വിത്തൗട്ട് ബേര്‍ഡന്‍’ എന്ന ഡോക്യുമെന്റില്‍ പ്രൊഫസര്‍ യശ്പാല്‍ അവതരിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ആര്‍.കെ. നാരായണന്‍ രാജ്യസഭ പ്രസംഗത്തില്‍ ബാഗിന്റെ ഭാരം എന്നു പറഞ്ഞതിനെ ഉള്ളടക്കഭാരമായി തെറ്റിധരിച്ചുകൊണ്ടാണ് പ്രൊഫ.യശ്പാല്‍ അത് ചെയ്തതെന്ന വിമര്‍ശനം ഉന്നയിച്ചത് ഇര്‍ഫാന്‍ ഹബീബ് ആണ്.
സെക്കണ്ടറി ക്ലാസ്സുകളിലെ സാമൂഹികശാസ്ത്ര പുസ്തകങ്ങളില്‍നിന്നും ജനാധിപത്യവും, ജനാധിപത്യാവകാശങ്ങളും വൈവിധ്യവും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ഒഴിവാക്കിയതിലൂടെ ഭരണകൂടം നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഈ വര്‍ഷം സെക്കണ്ടറി വിദ്യാഭ്യാസത്തിലൂടെ കടന്നു പോകുന്ന ലക്ഷക്കണക്കിന് കുട്ടികള്‍ ജനാധിപത്യ വ്യവസ്ഥയെക്കുറിച്ചും, സമീപനങ്ങളെക്കുറിച്ചും, ജീവിതരീതികളെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ടതില്ല എന്നതാണത്. ബിസിനസ് സ്റ്റഡീസില്‍ നിന്ന് നോട്ടുനിരോധനവും, ജി.എസ്.ടി.യും, സ്വകാര്യ-ഉദാര-ആഗോളവത്ക്കരണനയങ്ങള്‍ വാണിജ്യക്രമത്തിലുണ്ടാക്കിയ മാറ്റവും, സാമ്പത്തികശാസ്ത്രത്തിലെ ഇന്ത്യയുടെ വിദ്യാഭ്യാസ വളര്‍ച്ചയും, ജീവശാസ്ത്രത്തിലെ പരിണാമസിദ്ധാന്തവും സെന്‍സറിംഗിന് വിധേയമായ ഉള്ളടക്കമേഖലകളാണ്. അക്കാദമികമായ കാരണങ്ങളല്ല ഒഴിവാക്കലിനു പിന്നിലെന്ന് മുറിച്ചുമാറ്റപ്പെട്ട പാഠഭാഗങ്ങള്‍ വിളിച്ചുപറയുന്നുണ്ട്.
കാലികമല്ലാത്തതും അപ്രസക്തമായതും വ്യത്യസ്ത വിഷയങ്ങളിലായി ആവര്‍ത്തിക്കപ്പെടുന്നതുമായ നിരവധി ഉള്ളടക്കഭാഗങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി തലത്തിലെ വിദ്യാര്‍ത്ഥി നിര്‍ബന്ധമായും കടന്നുപോകേണ്ട ആശയങ്ങളും വസ്തുതകളും പാടെ മുറിച്ചുമാറ്റിയിരിക്കുന്നത്. ഏറെക്കാലമായി കേന്ദ്ര മാനവശേഷിമന്ത്രാലയം കാത്തിരുന്ന നടപടിയാണ് കൊവിഡിന്റെ മറവില്‍ ഇപ്പോള്‍ സാധിച്ചിരിക്കുന്നത്.
ലോക്ഡൗണ്‍സാഹചര്യത്തിലെ അധ്യയനനഷ്ടത്തിന്റെ മറവില്‍ ഇന്ത്യയുടെ ജനാധിപത്യ-മതേതരജീവിതത്തേയും ബഹുസ്വര സാമൂഹികക്രമത്തേയും പ്രതിനിധീകരിക്കുന്ന പാഠഭാഗങ്ങള്‍ ഒരു വര്‍ഷത്തേക്കാണെങ്കിലും ഒഴിവാക്കുന്നതിലൂടെ ഭരണകൂടത്തിന്റെ ദീര്‍ഘകാല അജണ്ടയ്ക്ക് താല്‍ക്കാലിക ആശ്വാസം ഉണ്ടായിരിക്കുന്നു. എന്നാല്‍ ആത്യന്തികമായി ഇവ എക്കാലത്തേക്കും ഒഴിവാക്കാനുള്ള അപകടകരമായ സാധ്യതയാണ് മുന്നിലുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ