ജാതിവാല്‍ മാറ്റുക എന്നത് വളരെ പ്രോഗ്രസീവായ ഒരു നീക്കമായിരുന്നു എന്നും എന്നാല്‍ അതിനെ ചോദ്യം ചെയ്ത് ചര്‍ച്ചകളുണ്ടായത് തന്നെ സങ്കടപ്പെടുത്തിയെന്നും നടി സംയുക്ത. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പ്രൊമോഷന് വരാത്തതിന്റെ പേരിലുണ്ടായിരുന്ന വിവാദങ്ങള്‍ ശ്രദ്ധിച്ചിരുന്നു എന്നും ആ സമയത്ത് യാത്രയുടെയും സമയത്തിന്റെയും പേരിലുണ്ടായ പ്രശ്‌നം കാരണമാണ് പ്രമോഷനില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നത് എന്നും താരം പറഞ്ഞു.
‘കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനിടക്ക് ഏറ്റവുമധികം പ്രമോഷന്‍ ഇന്റര്‍വ്യൂകളില്‍ പങ്കെടുത്ത ആള്‍ ഞാനായിരിക്കും. ചെറിയ കഥാപാത്രമാണെങ്കില്‍ പോലും കല്‍ക്കിയുടെ സമയത്ത് ഞാന്‍ ഒരുപാട് ഇന്റര്‍വ്യ കൊടുത്തു എന്ന് എന്നെ കളിയാക്കുക വരെ ചെയ്തിട്ടുണ്ട്. അതിലൊന്നും യാതൊരു മാറ്റവും വന്നിട്ടില്ല. ആ ഒരു പ്രത്യേക സമയത്ത്, കമ്മ്യൂണിക്കേഷന്‍ പ്രശ്‌നം വന്നിട്ടുണ്ട് എന്ന് ഞാന്‍ സമ്മതിക്കുന്നു. അതിനപ്പുറത്ത്, മൂന്ന് തവണ ആ സിനിമയുടെ റിലീസ് മാറ്റിയിട്ടുണ്ട്. അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് യാത്ര ചെയ്യേണ്ടി വന്നു.
പല ഇന്‍ഡസ്ട്രിയിലും വര്‍ക്ക് ചെയ്യുന്നത് കൊണ്ട് പെട്ടെന്ന് വിളിച്ചു പറഞ്ഞപ്പോള്‍ വരാന്‍ പറ്റിയില്ല എന്നതാണ് വാസ്തവം. അതേ സമയം തന്നെ എനിക്ക് ഷൂട്ടുമുണ്ടായിരുന്നു. നാലോ അഞ്ചോ മാസം മുമ്പ് ഞാന്‍ ഉറപ്പ് നല്‍കിയ ഒരു സ്‌കെഡ്യൂള്‍ മാറ്റിവെക്കാന്‍ പറ്റാത്തതുണ്ടായിരുന്നു. എന്റെ മുമ്പില്‍ രണ്ട് പ്രശ്‌നങ്ങളാണുണ്ടായിരുന്നത്. ഒന്നുകില്‍ ഷൂട്ട് മാറ്റിവെച്ച് ആ പ്രൊഡക്ഷന് വരുന്ന നഷ്ടമുണ്ടാക്കി അതിന്റെ ചര്‍ച്ചകളുടെ ഭാഗമാകുക. അല്ലെങ്കില്‍ പ്രമോഷന് വരാത്തതുമായി ബന്ധത്തപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍. അതിന്റെ ആറുമാസം മുമ്പ് ഒരു അപകടമുണ്ടായതിന്റെ പേരില്‍ ചില കണ്‍ഫ്യൂഷന്‍സ് തീര്‍ത്തതേയുണ്ടായിരുന്നുള്ളൂ.
ഈ വിവാദങ്ങള്‍ക്കെല്ലാം മുമ്പ് തെലുങ്കില്‍ എനിക്ക് വലിയ റിലീസുകളുണ്ടായിരുന്നു. അതൊക്കെ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നൊന്നും ഒരാളും തിരിഞ്ഞുനോക്കിയിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്ക് ശേഷം എനിക്ക് വലിയ ന്യൂസ് വാല്യൂ ഉണ്ടായി. ഞാന്‍ എന്ത് ചെയ്താലും അതിനെ കുറിച്ച് ആര്‍ട്ടിക്കള്‍ വരാന്‍ തുടങ്ങി. ഞാന്‍ തമാശക്ക് ഒരാളോട് പറഞ്ഞു, ഞാന്‍ വന്നാലും ഇല്ലെങ്കിലും പ്രമോഷന്‍ പൂര്‍ണമായും നടന്നത് എന്റെ പേരിലായിരുന്നു എന്ന്. അവിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് എന്റെ പേരായിരുന്നു.
പക്ഷെ അതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് ചര്‍ച്ച ചെയ്ത ചില കാര്യങ്ങള്‍ എനിക്ക് സങ്കടമുണ്ടാക്കി. ഞാന്‍ ജാതി വാല്‍ ഉപേക്ഷിച്ചതിനെ കുറിച്ചൊക്കെ ആ സമയത്ത് ചര്‍ച്ച ചെയ്തു. അതിന്റെ ഒരു കാര്യവുമുണ്ടായിരുന്നില്ല. വളരെ പ്രോഗ്രസീവായ ഒരു നിലാപാടയാണ് ഞാന്‍ അതിനെ കണ്ടിരുന്നത്. അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊക്കെ ഈ സമയത്ത് ചര്‍ച്ച ചെയ്തത് എനിക്ക് സങ്കടമുണ്ടാക്കി,’ സംയുക്ത പറഞ്ഞു
content highlights: The change in caste was a progressive move, and the debate over it was saddening: Samyukta