| Tuesday, 24th December 2024, 5:21 pm

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണെ തെരഞ്ഞെടുത്തത് ഏകപക്ഷീയമായി; വിയോജിപ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നടന്ന നിയമനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അധ്യക്ഷ സ്ഥാനത്ത് ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യനെ നിയമിച്ചതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യനെ തെരഞ്ഞെടുത്തത് ഏകപക്ഷീയമായാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെയും അധ്യക്ഷനെയും തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും വിയോജിപ്പ് പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു.

ഇന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു മുന്‍സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി.രാമസുബ്രഹ്‌മണ്യനെ ചെയര്‍പേഴ്‌സണായി നിയമിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിയോജിപ്പ് അറിയിക്കുന്നത്.

അടിസ്ഥാനപരമായി പിഴവുള്ള നടപടിക്രമമാണ് നിയമനത്തില്‍ സ്വീകരിച്ചതെന്നും പരസ്പര കൂടിയാലോചനയോ സമവായ ചര്‍ച്ചകളോ ഇല്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു നിയമനമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ജസ്റ്റിസ് റോബിന്റണ്‍ ഫാലി നരിമാനെയും ജസ്റ്റിസ് കെ.എം. ജോസഫിനെയും തങ്ങള്‍ നിര്‍ദേശിച്ചിരുന്നതായും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 18ന് എന്‍.എച്ച്.ആര്‍.സിയുടെ അംഗങ്ങളെയും അധ്യക്ഷനെയും തെരഞ്ഞെടുക്കുന്നതിനായി സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.എച്ച്.ആര്‍.സി ചെയര്‍പേഴ്സണെ തെരഞ്ഞെടുക്കുന്നതിന് ഉന്നതാധികാര സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു.

മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കാലാവധി ജൂണ്‍ ഒന്നിന് കഴിഞ്ഞിരുന്നു. അദ്ദേഹമായിരുന്നു നേരത്തെ എന്‍.എച്ച്.ആര്‍.സിയുടെ ചെയര്‍പേഴ്സണ്‍.

2021 ജൂണിലായിരുന്നു ജസ്റ്റിസ് മിശ്ര ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് എത്തുന്നത്. ജസ്റ്റിസ് മിശ്ര വിരമിച്ചതിന് ശേഷം ആക്ടിങ് ചെയര്‍പേഴ്സണായി എന്‍.എച്ച്.ആര്‍.സി അംഗമായ വിജയ ഭാരതി സയാനിയാണ് പ്രവര്‍ത്തിച്ചിരുന്നത്.

മുന്‍ ചീഫ് ജസ്റ്റിസിനെയോ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെയോ ആണ് സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി എന്‍.എച്ച്.ആര്‍.സി ചെയര്‍പേഴ്‌സണായി നിയമിക്കുന്നത്.

പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ് എന്‍.എച്ച്.ആര്‍.സി എങ്കിലും ലോക്സഭാ സ്പീക്കറിനും നിയനമനത്തില്‍ അധികാരമുണ്ട്.ആഭ്യന്തര മന്ത്രി, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ തുടങ്ങിയവരാണ് ഉന്നതസമിതി അംഗങ്ങള്‍.

ഡിസംബര്‍ 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.എച്ച്.ആര്‍.സി ചെയര്‍പേഴ്സണെ തെരഞ്ഞെടുക്കുന്നതിന് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉന്നതതല യോഗത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: The Chairperson of the National Human Rights Commission was selected arbitrarily; Congress has registered its disagreement

We use cookies to give you the best possible experience. Learn more