ഇംഫാല്‍: മണിപ്പൂരില്‍ 101.75 കോടിയുടെ ദുരിതാശ്വാസ പാക്കേജിന് കേന്ദ്രം അനുമതി നല്‍കിയതായി സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാക്കേജിന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയതെന്ന് കുല്‍ദീപ് സിങ്ങിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 48 മണിക്കൂറില്‍ സംസ്ഥാനത്ത് അക്രമ സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും കുല്‍ദീപ് സിങ് പറഞ്ഞു.
‘ മണിപ്പൂരില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 101.75 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജിന് അനുമതി നല്‍കി. മണിപ്പൂര്‍ സന്ദര്‍ശനത്തിന് എത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ പാക്കേജിനായി ആഭ്യന്തര മന്ത്രാലത്തിലേക്ക് അപേക്ഷ അയക്കാന്‍ നിര്‍ദേശം നല്‍കിയത്,’ സിങ് പറഞ്ഞു.
മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ പൊറോംപട്ട് പൊലീസ സ്റ്റേഷന്‍ പരിധിയില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 27 ആയുധങ്ങളും 245 വെടിക്കോപ്പുകളും 41 ബോംബുകളും കണ്ടെടുത്തു. ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്നും ഒരു ആയുധവും രണ്ട് ബോംബുകളും പിടിച്ചെടുത്തു. ആകെ 896 ആയുധങ്ങളും 11,763 വെടിക്കോപ്പുകളും 200 ബോംബുകളുമാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളതെന്നും കുല്‍ദീപ് സിങ് പറഞ്ഞു.
താഴ്‌വാര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് ജില്ലകള്‍ക്ക് 12 മണിക്കൂറും സമീപത്തെ മലയോര ജില്ലകള്‍ക്ക് 10 മുതല്‍ 8 മണിക്കൂറും വരെ കര്‍ഫ്യൂ ഇളവ് നല്‍കിയിട്ടുണ്ട്. ആറ് മലയോര ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിന് സാധ്യതയുള്ള പ്രദേശങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നുണ്ട്. എല്ലാ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരും എം.എല്‍.എമാരും മണിപ്പൂരിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെടുയും ചെയ്യുന്നുണ്ട്. സൊസൈറ്റി ഓര്‍ഗനൈസേഷനുമായും ഗ്രാമ തലനുമായും സുരക്ഷാ സേനയും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
മെയ്തി വിഭാഗം ഗോത്രവര്‍ഗ പദവി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുകി വിഭാഗം നടത്തിയ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ നൂറോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും മുന്നൂറോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Content Highlight: The centre has approved a rs 101.71 crore relief package for manipur