|

പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം ലഭിക്കേണ്ട കേന്ദ്രവിഹിതം 1187 കോടി: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി കുടിശ്ശികയടക്കം കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 1186.84 കോടി രൂപയാണെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചില്ലെന്ന് പറഞ്ഞ് കേരളത്തിന് അര്‍ഹമായ വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

2023-24ലെ കേന്ദ്രവിഹിതത്തിലെ കുടിശ്ശിക 280.58 കോടി രൂപയാണ്. 2024-25ലെ കുടിശ്ശിക 513.54 കോടി രൂപയും. നിലവില്‍ 2025-26ലേയ്ക്ക് അംഗീകരിച്ച തുക 654.54 കോടി രൂപയുമാണെന്നും മന്ത്രി പറഞ്ഞു.

ഒളിമ്പിക്‌സിന്റെ മാതൃകയില്‍ കൊച്ചിയില്‍ നടന്ന കേരള സ്‌കൂള്‍ കായികമേള ഇന്‍ക്ലൂസീവായി സംഘടിപ്പിച്ചതിന് കേരളത്തെയും സമഗ്ര ശിക്ഷ കേരളയേയും പ്രശംസിക്കുമ്പോള്‍ തന്നെ, സമഗ്ര ശിക്ഷ കേരളയ്ക്കുള്ള ഫണ്ട് തടഞ്ഞുവെക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പി.എം.ശ്രീ ഒരു സമഗ്ര ശിക്ഷാ നിര്‍ദേശങ്ങളുടെയും ഭാഗമായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു. 40 ശതമാനം സംസ്ഥാന ധനസഹായം ആവശ്യമുള്ള പദ്ധതിയെക്കുറിച്ച് കേരളത്തിന് ന്യായമായ ആശങ്കകള്‍ ഉണ്ടായിരുന്നിട്ടും, കേന്ദ്രം അവ പരിഹരിക്കാന്‍ തയ്യാറായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളില്‍ ഇത് ചെലുത്തുന്ന സ്വാധീനം അതിലും ആശങ്കാജനകമാണെന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം നല്‍കുന്നതിനും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ പ്രശംസിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, അവരുടെ വിദ്യാഭ്യാസത്തിനും പിന്തുണയ്ക്കും വേണ്ടിയുള്ള ഫണ്ട് തടഞ്ഞുവെക്കുകയാണ് ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിന് പ്രതിജ്ഞാബദ്ധമായ കേരള മോഡലിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

അതേസമയം ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപയുടെ ഗ്രാന്‍ഡ് അനുവദിച്ചു. ഗ്രാന്‍ഡ് ഉടന്‍ തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചിരുന്നു. 270 സ്‌കൂളുകള്‍ക്കാണ് ഗ്രാന്‍ഡിന് യോഗ്യതയുള്ളത്.

ബഡ്‌സ് സ്‌കൂള്‍, എന്‍.ജി.ഒകള്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍, ഡി.ഡി.ആര്‍.എസ് ഗ്രാന്‍ഡ് വാങ്ങുന്ന സ്‌കൂളുകള്‍ എന്നിവയ്ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്. അടുത്ത അധ്യയന വര്‍ഷത്തേക്ക് 60 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Content Highlight: The central share to be received for the development of the public education sector, including arrears, is 1187 crores: V. Sivankutty