തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാസുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി കേന്ദ്രനേതൃത്വം. ശോഭാ സുരേന്ദ്രന്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിക്കാമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനുമായും ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭ സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. സംസ്ഥാന നേതൃത്വത്തില്‍ തഴയപ്പെട്ടവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുമെന്ന ഉറപ്പ് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മാസങ്ങളായി സംസ്ഥാന നേതൃത്വവുമായി ശോഭാ സുരേന്ദ്രന്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. എന്നാല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ശോഭയുടെ പരാതികള്‍ പാടെ അവഗണിക്കുകയായിരുന്നു.
കെ.സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം താനുള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കളെ പൂര്‍ണമായും തഴയുന്നു എന്ന് ശോഭാ സുരേന്ദ്രന്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് മാറിനില്‍ക്കുന്നതിന് ഒരു കാരണവും ഇല്ലെന്നായിരുന്നു ആര്‍.എസ്.എസിന് സുരേന്ദ്രന്‍ നല്‍കിയ വിശദീകരണം.
കേന്ദ്രനേതൃത്വവും ആര്‍.എസ്.എസും ഇടപെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പറ്റാതായപ്പോള്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ നിര്‍ദ്ദേശപ്രകാരം ശോഭ ദല്‍ഹിയിലെത്തി നിര്‍മ്മല സീതാരാമനും സംഘടനാ ചുമതലയുള്ള അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക