നിതീഷിനും ജെ.ഡി.യുവിനും തിരിച്ചടി; ബീഹാറിന് പ്രത്യേക സംസ്ഥാന പദവിയെന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍
national news
നിതീഷിനും ജെ.ഡി.യുവിനും തിരിച്ചടി; ബീഹാറിന് പ്രത്യേക സംസ്ഥാന പദവിയെന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2024, 4:58 pm

ന്യൂദല്‍ഹി: ബീഹാറിന് പ്രത്യേക സംസ്ഥാന പദവി നൽകണമെന്ന ജെ.ഡി.യുവിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. 2012ലെ ഇന്റര്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് (ഐ.എം.ജി) റിപ്പോര്‍ട്ട് പ്രകാരം ബീഹാറിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു.

ഝഞ്ചര്‍പൂര്‍ ലോക്സഭാ എം.പിയും ജെ.ഡി.യു നേതാവുമായ രാംപ്രിത് മണ്ഡലിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുമ്പ് ദേശീയ വികസന കൗണ്‍സില്‍ (എന്‍.ഡി.സി) ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക കാറ്റഗറി പദവി നല്‍കിയിരുന്നു. മലയോര ഭൂപ്രദേശങ്ങളുള്ളവ, ജനസാന്ദ്രതയില്‍ ആദിവാസി ജനസംഖ്യയുടെ ഗണ്യമായ പങ്ക്, അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നവ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവ എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് എന്‍.ഡി.സി ഈ പദവി നല്‍കുന്നത്.

നേരത്തെ, പ്രത്യേക കാറ്റഗറി പദവിക്കായുള്ള ബീഹാറിന്റെ അഭ്യര്‍ത്ഥന ഒരു ഇന്റര്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് (ഐ.എം.ജി) പരിഗണിച്ചിരുന്നു. 2012 മാര്‍ച്ച് 30ന് ഐ.എം.ജി ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ നിലവിലുള്ള എന്‍.ഡി.സി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.എം.ജി ബീഹാറിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് അറിയിച്ചതെന്ന് പങ്കജ് ചൗധരി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 240 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളായ ജെ.ഡി.യുവിന്റെയും ടി.ഡി.പിയുടെയും പിന്തുണ ആവശ്യമായിരുന്നു.

28 എം.പിമാരുള്ള ജെ.ഡി.യുവിന് പുറമെ ടി.ഡി.പിയും തെലങ്കാനയ്ക്ക് പ്രത്യേക സംസ്ഥാന പദവിക്കായി ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന പദവിക്ക് പകരമായി പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ തെലങ്കാനയ്ക്ക് അനുവദിച്ചത്.

Content Highlight: The central government rejected JDU’s demand for special status for Bihar