| Sunday, 15th December 2024, 6:21 pm

സംസ്ഥാനം നേരിടുന്ന ദുരന്തങ്ങളോട് കേന്ദ്രസർക്കാർ കാണിക്കുന്നത് കനത്ത അവഗണന; കണക്കുകൾ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന ദുരന്തങ്ങളോട് കേന്ദ്രസർക്കാർ കാണിക്കുന്നത് കനത്ത അവഗണന എന്ന് തെളിയിക്കുന്ന കണക്കുകൾ പുറത്ത്. 12 വർഷങ്ങൾക്കിടെയുണ്ടായ 12 ദുരന്തങ്ങൾക്ക് 18 ,910 കോടി കേരളം സഹായം ചോദിച്ചപ്പോൾ 3,146 കോടി മാത്രമാണ് കേന്ദ്രം നൽകിയത്.

ഇക്കാരണത്താൽ 13 ,900 കോടി രൂപ പ്രത്യേക ഗ്രാന്റായി നൽകണമെന്ന് സംസ്ഥാനം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടു. 2012 ലെ പ്രളയവും കാലാവർഷക്കെടുതിയും കുറ്റിയിൽ വെടിക്കെട്ട് അപകടവും ഓഖി ചുഴലിക്കാറ്റും ഉൾപ്പടെ ഒട്ടേറെ അപകടങ്ങളാണ് കേരള സംസ്ഥാനം നേരിട്ടത്. ഇതിനെല്ലാം കൂടി 18 ,910 കോടി രൂപ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് കേവലം 3,146 കോടി മാത്രമാണ്.

ഇതോടെ സ്വന്തം ഖജനാവിൽ നിന്നും പണമെടുത്ത് ദുരന്തങ്ങളിൽ ചെലവഴിക്കേണ്ട ഗതികേടാണ് കേരളത്തിനുണ്ടായത്. ഇത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ഗൗരവകരമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായതിനാൽ സംസ്ഥാന ഖജനാവിൽ നിന്നും 4,273 കോടി രൂപയാണ് 2018 നും 2024 നും ഇടക്ക് അധികമായി ചെലവിട്ടത്. ഈ പ്രതിസന്ധി മറികടക്കാനാണ് അഞ്ച് വർഷത്തേക്ക് ധനകാര്യ കമ്മീഷനോട് 13 ,900 കോടി രൂപ കേരളം ചോദിച്ചിരിക്കുന്നത്.

വർഷം 2 ,780 കോടി രൂപ എന്ന നിലയിലാണ് 13 ,900 കോടി രൂപ കേരളം ആവശ്യപ്പെടുന്നത്. ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റിലേക്കുള്ള വിഹിതം ഗണ്യമായി കൂട്ടണമെന്നും കേരളം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight : The central government is showing gross disregard for the calamities faced by the state; Figures are out

We use cookies to give you the best possible experience. Learn more