ന്യൂദല്‍ഹി: സംവരണത്തിന് അര്‍ഹരായവരെ വിജ്ഞാപനം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും അധികാരം നല്‍കാനൊരുങ്ങി കേന്ദ്രം. നിയമ മന്ത്രാലയത്തിന്റെ അഭിപ്രായംകൂടി അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് സാമൂഹികക്ഷേമ മന്ത്രി തവര്‍ചന്ദ് ഗഹ്ലോത് പറഞ്ഞു.
സംവരണത്തിന് അര്‍ഹരായ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരെ സംസ്ഥാനങ്ങള്‍ക്ക് കണ്ടെത്തി വിജ്ഞാപനമിറക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ കമ്മിഷന് ഭരണഘടനാ പദവി ഉണ്ടെങ്കിലും പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം നഷ്ടപ്പെടില്ലെന്ന് പുതിയ ഭേദഗതിയില്‍ ഉറപ്പുനല്‍കും.
2018ല്‍ ഭരണഘടന 102ാം ഭേദഗതി ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ അധികാരം നഷ്ടപ്പെട്ടത്. ദേശീയ പിന്നാക്കവിഭാഗ കമ്മിഷന് ഭരണഘടനാ പദവി നല്‍കിക്കൊണ്ടായിരുന്നു അന്നത്തെ ഭേദഗതി.
സംവരണവുമായി ബന്ധപ്പെട്ട 324 വകുപ്പില്‍, 324-എ കൂട്ടിച്ചേര്‍ത്താണ് 2018ല്‍ ദേശീയ കമ്മിഷന് ഭരണഘടനാ പദവി നല്‍കിയത്. അതേവകുപ്പില്‍ അനുബന്ധമായി ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം വ്യക്തമാക്കുന്ന ഭേദഗതിയായിരിക്കും വീണ്ടും വരുന്നത്.
അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്ത സംവരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ കമ്മിഷന്റെ ഭരണഘടനാ പദവി സുപ്രീംകോടതി അംഗീകരിച്ചിരുന്നു.
പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ദേശീയ കമ്മീഷനും വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് രാഷ്ട്രപതിയുമാണെന്ന വാദമാണ് കോടതി ശരിവെച്ചത്.