ന്യൂദല്‍ഹി: സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.
റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പാര്‍ലമെന്റില്‍ കേന്ദ്ര നിലപാട് പറഞ്ഞത്. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രനും കെ. മുരളീധരനും ലോകസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡി.പി.ആറില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു.
ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമി എന്നിവയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തണം. ഇവയൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാകൂ എന്ന് മന്ത്രി പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ പ്രതികരിക്കാമെന്നുമാണ് കെ റെയില്‍ അധികൃതരുടെ പ്രതികരണം.
CONTENT HIGHLIGHTS: The Central Government has said that the Silver Line cannot be sanctioned at present.