മിഷനറീസ് ഓഫ് ചാരിറ്റി; മദര്‍ തെരേസയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
national news
മിഷനറീസ് ഓഫ് ചാരിറ്റി; മദര്‍ തെരേസയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th December 2021, 9:12 pm

ന്യൂദല്‍ഹി: മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.

അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സന്യാസ സഭ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ചട്ടങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി റദ്ദാക്കിയത്. ഇത് പുന:പരിശോധിക്കാന്‍ മിഷനറീസ് ഓഫ് ചാരിറ്റി അപേക്ഷ നല്‍കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറഞ്ഞു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആര്‍.എ നിയമ പ്രകാരം ലൈസന്‍സിന്റെ കാലാവധി അവസാനിക്കാനിരിക്കുകയാണ് ഇത് പുതുക്കി നല്‍കാനുള്ള അപേക്ഷ മിഷനറീസ് ഓഫ് ചാരിറ്റി നല്‍കിയിരുന്നു.

എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയില്ലെന്ന് മിഷനറീസ് ഓഫ് ചാരിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ മദര്‍ തെരേസയുടെ സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചുവെന്ന് മമത ബാനര്‍ജിയാണ് ട്വീറ്റ് ചെയ്തത്.

സംഭവം ഞെട്ടിക്കുന്നതാണെന്നും 22,000 രോഗികളും ജീവനക്കാരും മരുന്നും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.

5000ത്തോളം കന്യാസ്ത്രീകളാണ് സന്യാസി സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ ഉള്ളത്. 750ലധികം രോഗികളെ പരിചരിക്കുന്ന കെയര്‍ ഹോമുകള്‍ ഇവര്‍ക്കുണ്ട്. അതില്‍ 243 എണ്ണം ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത ആസ്ഥനമാക്കിയാണ് സഭയായ മിഷനറീസ് ഓഫ് ചാരിറ്റി സഭ പ്രവര്‍ത്തിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The Central Government has said that the bank accounts of Mother Teresa have not been frozen