ന്യൂദല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ഐ.ടി നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.
‘ചട്ടങ്ങള്‍ക്ക് കീഴില്‍ ആവശ്യപ്പെടുന്ന ചീഫ് കംപ്ലയിന്‍സ് ഓഫീസറുടെ വിശദാംശങ്ങള്‍ ഇന്നുവരെ ട്വിറ്റര്‍ അറിയിച്ചിട്ടില്ല. നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്‍കുന്നു. വീഴ്ച വരുത്തിയാല്‍ ഐ.ടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുളള ഒഴിവാക്കല്‍ പിന്‍വലിക്കും,’ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഐ.ടി നിയമം പ്രകാരം ഇന്ത്യയിലെ ശിക്ഷാ നിയമങ്ങള്‍ നേരിടേണ്ടിവരുമെന്നും കേന്ദ്രം പറഞ്ഞു.
നേരത്തെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും വ്യക്തിഗത അക്കൗണ്ടില്‍ നിന്നും വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വരുന്നത്.
വ്യക്തിഗത അക്കൗണ്ട് സജീവമല്ലാത്തതിനാലാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് ഒഴിവാക്കിയത്. അതേസമയം അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് ഒഴിവാക്കിയിട്ടില്ല. 20.76 ലക്ഷം ഫോളോവേഴ്സ് ഉള്ള മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ബ്ലൂ ടിക്ക് ഒഴിവാക്കിയിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLOGHTS: The Central government has issued an ultimatum to Twitter to hire officials under the new digital rules for social media.