ന്യൂദല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ഐ.ടി നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.
‘ചട്ടങ്ങള്‍ക്ക് കീഴില്‍ ആവശ്യപ്പെടുന്ന ചീഫ് കംപ്ലയിന്‍സ് ഓഫീസറുടെ വിശദാംശങ്ങള്‍ ഇന്നുവരെ ട്വിറ്റര്‍ അറിയിച്ചിട്ടില്ല. നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്‍കുന്നു. വീഴ്ച വരുത്തിയാല്‍ ഐ.ടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുളള ഒഴിവാക്കല്‍ പിന്‍വലിക്കും,’ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഐ.ടി നിയമം പ്രകാരം ഇന്ത്യയിലെ ശിക്ഷാ നിയമങ്ങള്‍ നേരിടേണ്ടിവരുമെന്നും കേന്ദ്രം പറഞ്ഞു.
നേരത്തെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും വ്യക്തിഗത അക്കൗണ്ടില്‍ നിന്നും വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വരുന്നത്.