ന്യൂദല്‍ഹി: സി.എ.എയ്ക്ക് കീഴില്‍ രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് സി.സി.എ പ്രകാരം പൗരത്വം നല്‍കിയത്. പൗരത്വത്തിനായി ആദ്യഘട്ടത്തില്‍ അപേക്ഷകള്‍ നല്‍കിയവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റികളാണ് അപേക്ഷകര്‍ക്ക് പൗരത്വം നല്‍കിയതെന്നും മന്ത്രാലയം അറിയിച്ചു. മെയ് 15ന് സി.സി.എ നിയമപ്രകാരം 14പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൗരത്വം നല്‍കിയിരുന്നു. ദല്‍ഹിയില്‍ നിന്നുള്ള 14 പേര്‍ക്കായിരുന്നു പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
ദല്‍ഹിയില്‍ 300 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല അറിയിച്ചിരുന്നു. സി.എ.എ വിജ്ഞാപനം പുറത്തിറക്കി രണ്ട് മാസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങിയത്. ഇപ്പോള്‍ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
അതേസമയം ബംഗാളില്‍ സി.എ.എ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഇത് മറികടന്നുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വം നല്‍കിയിരിക്കുന്നത്. എന്നാല്‍ യോഗ്യരായ ഓരോ വ്യക്തിക്കും പൗരത്വം ലഭിക്കുന്നുണ്ടെന്ന് പാര്‍ട്ടി ഉറപ്പുവരുത്തുമെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. മമത പ്രഖ്യാപനം നടത്തുകയേയുള്ളു, കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മാളവ്യ പറഞ്ഞു.
പൗരത്വത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ ഓരോ സംസ്ഥാനങ്ങളിലും ജില്ലാതല സമിതിയും ഇത് പരിശോധിക്കാന്‍ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. ഇതുപ്രകാരം സി.എ.എയ്ക്ക് കിഴില്‍ പൗരത്വം നല്‍കുന്നതിനായി ത്രിപുര സര്‍ക്കാര്‍ സംസ്ഥാനതല സമിതി രൂപീകരിച്ചിരുന്നു. പുതുതായി രൂപീകരിച്ച സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിയിലേക്കും ജില്ലാതല കമ്മിറ്റിയിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രേഖകളില്ലാത്ത മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് ഈ നിയമം കൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്.
Content Highlight: The central government has granted citizenship in three more states under the CAA