ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമാഅത്തെ ഇസ്‌ലാമിയുടെ കശ്മീര്‍ വിഭാഗത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായി സംഘടന ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയും ക്രൂരമായ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും ഷാ എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തീവ്രവാദത്തോടും വിഘടനവാദത്തോടും സഹിഷ്ണുതയില്ലാത്ത നയമാണ് പുലര്‍ത്തുന്നതെന്ന് ഷാ പറഞ്ഞു. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നീട്ടുകയാണെന്നും കേന്ദ്ര മന്ത്രി കുറിച്ചു.
സംഘടനയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 47 കേസുകളുടെ പട്ടികയെ മുന്‍നിര്‍ത്തി ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റിടങ്ങളിലുമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി 2019ല്‍ ജമാഅത്തെ ഇസ്‌ലാമിയെ യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ജമ്മുകശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
Content Highlight: The central government has extended the ban on Jamaat-e-Islami in Jammu and Kashmir for another five years