| Wednesday, 3rd May 2023, 6:30 pm

സംസ്ഥാനത്തെ നേരിട്ട് ക്ഷണിച്ചതിലുള്ള അതൃപ്തി; മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.എ.ഇയില്‍ നടക്കുന്ന അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനുള്ള കേരള മുഖ്യമന്ത്രിയുടെ യാത്രക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം വഴിയല്ലാതെ സംസ്ഥാനത്തെ നേരിട്ട് ക്ഷണിച്ചതിലുള്ള അതൃപ്തിയാണ് വിലക്കിന് കാരണമെന്നാണ് സൂചന.

മെയ് എട്ട്‌ മുതല്‍ 10 വരെയാണ് യു.എ.ഇയില്‍ വെച്ച് അബുദാബി നിക്ഷേപ സംഗമം നടക്കുന്നത്. കേരളം പരിപാടിയുടെ മുഖ്യസ്‌പോണ്‍സര്‍മാരിലൊരാളുമാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാനുള്ള അപേക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിതല സംഘം നേരിട്ട് പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സാങ്കേതികമായി വിലക്കിന് കാരണമായി പറഞ്ഞിട്ടുള്ളത്‌. മന്ത്രി മുഹമ്മദ് റിയാസിനും മീറ്റില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ നേരിട്ടായിരുന്നു ക്ഷണം അയച്ചത്. വിദേശകാര്യ മന്ത്രി നേരിട്ട് പരിശോധിച്ചാണ് മുഖ്യമന്ത്രിയുള്‍പ്പെടെ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

മന്ത്രി മുഹമ്മദ് റിയാസിന് പുറമെ ധനകാര്യ മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കാനുള്ള സംഘത്തിലുണ്ടായിരുന്നു. യു.എ.ഇ സര്‍ക്കാര്‍ സംസ്ഥാനത്തിന് നേരിട്ട് നല്‍കിയ ക്ഷണക്കത്തും കേന്ദ്രത്തിന് നല്‍കിയ അപേക്ഷയില്‍ ചേര്‍ത്തിരുന്നെങ്കിലും സംസ്ഥാനത്തിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.

മന്ത്രിതല സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്നാണ് അപേക്ഷ പരിശോധിച്ച വിദേശകാര്യ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര മുടങ്ങിയത്.

കേന്ദ്രം വഴിയല്ലാതെ സംസ്ഥാനത്തിന് നേരിട്ട് ക്ഷണം ലഭിച്ചതാണ് കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ചത്. ചത്തീസ്ഖഢ്‌, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും മീറ്റില്‍ പ്രത്യേകം ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുക്കുന്നവരെ കുറിച്ചുള്ള തീരുമാനം ഇതുവരെയും വന്നിട്ടില്ല.

നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലും നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനുള്ള യാത്രക്ക് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിരുന്നെങ്കിലും അപക്ഷേ നിരസിക്കുകയായിരുന്നു.

content highlights: The central government has banned the Chief Minister’s foreign travel

We use cookies to give you the best possible experience. Learn more