| Wednesday, 11th September 2024, 9:06 pm

70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗുണം ചെയ്യും. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ കീഴിലാണ് പദ്ധതി നടപ്പിലാക്കുക. മുതിര്‍ന്ന പൗരന്മാരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ ഉറപ്പ് നല്‍കുന്ന പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച പുതിയ പദ്ധതി ഇന്ത്യയിലെ 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് അനുസരിച്ച്, 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ ആരോഗ്യ സുരക്ഷക്കായി ഒരു പ്രത്യേക കാര്‍ഡ് ലഭിക്കും.

ഇതിനുപുറമെ ഇന്‍ഷുറന്‍സുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ കൂടുതലായി ലഭിക്കും. കൂടാതെ മറ്റു സ്‌കീമുകളില്‍ നിന്ന് ഇന്‍ഷുറന്‍സ് നേടുന്നവര്‍ക്ക് ഒന്നുകില്‍ അതില്‍ തുടരാനും അല്ലെങ്കില്‍ പുതിയ പദ്ധതി ക്ലെയിം ചെയ്യാനും സാധിക്കും.

അതേസമയം ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കിഴില്‍ 7.37 കോടി ആശുപത്രി പ്രവേശനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 49 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

നിലവിലെ കണക്കുകള്‍ അനുസരിച്ച്, ആരോഗ്യ യോജനയിലൂടെ ഒരു ലക്ഷം കോടി രൂപയിലധികം പൊതുജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് നല്‍കുന്ന പദ്ധതിയാണ് ഇത്.

Content Highlight: The central government has announced free treatment for those over 70 years of age

We use cookies to give you the best possible experience. Learn more