ന്യൂദല്‍ഹി: കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉത്സവ സീസണ്‍ കണക്കിലെടുത്തുകൊണ്ടാണ് തുക അനുവദിച്ചിരിക്കുന്നത്. അധിക നികുതി വിഹിതത്തില്‍ ഉള്‍പെടുത്തിക്കൊണ്ടായിരിക്കും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് 1404 കോടി രൂപ നല്‍കുക.
നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തോടൊപ്പം, അധികമായി ഒരു വിഹിതം കൂടി നല്‍കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 2024 ജനുവരി 24ന് വിവിധ സംസ്ഥാനങ്ങള്‍ക്കായി 72,000 കോടി രൂപ നല്‍കാനുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നേരെത്തെ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പുറമെ ഒരു വിഹിതം കൂടി നല്‍കാനാണ് കേന്ദ്രം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമൂഹിക സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സംസ്ഥാനങ്ങള്‍ കൂടുതല്‍ ചെലവുകള്‍ വഹിക്കേണ്ടതിനാലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.
ഏറ്റവും കൂടുതല്‍ നികുതി വിഹിതം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിനാണ്. ഏകദേശം 13,088 കൂടി രൂപ. പശ്ചിമ ബംഗാളിന് 5488 കൂടി രൂപയും അനുവദിച്ചിട്ടുണ്ട്.
കേരളത്തിന് നിലവില്‍ കിട്ടാനുള്ള 1408 കോടി രൂപയുടെ നികുതി വിഹിതത്തോടൊപ്പം അധിക വിഹിതമായി ലഭിക്കുന്ന 1404 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍. നികുതി വിഹിതവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം നേരിട്ടിരുന്നു. തമിഴ്‌നാടടക്കമുള്ള ഏതാനും സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തിയുരുന്നു.
Content Highlight: The central government has allocated 1404 crore to Kerala