| Wednesday, 14th December 2022, 11:55 pm

കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത് ന്യൂനപക്ഷാവകാശ ധ്വംസനനയം; അബ്ദുസമദ് സമദാനി ലോക്‌സഭയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന ന്യൂനപക്ഷാവകാശ ധ്വംസനനയം തികഞ്ഞ അനീതിയാണെന്ന് മുസ്‌ലിം ലീഗ് എം.പി. അബ്ദുസമദ് സമദാനി ലോക്‌സഭയില്‍. നയം തിരുത്താനും പിന്നോക്ക വിഭാഗങ്ങള്‍ക്കായി നല്‍കപ്പെട്ട അവകാശങ്ങള്‍ ഉറപ്പുവരുത്താനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പും ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയും നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശൂന്യവേളയില്‍ വിഷയമുന്നയിച്ച് സംസാരിക്കുകയായിരുന്നു അബ്ദുസമദ് സമദാനി.

ഓരോരോ കാരണങ്ങളുടെ മറപിടിച്ച് ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ തുനിയുന്നത്. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഈ സര്‍ക്കാര്‍ പദ്ധതികളെല്ലാം പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനം ഉദ്ദേശിച്ച് പ്രത്യേകം ഏര്‍പ്പെടുത്തിയതാണ്. അത് ഈ രീതിയില്‍ റദ്ദാക്കുന്നത് നീതീകരിക്കാനാവില്ല. കുട്ടികള്‍ക്ക് വേറെ തന്നെ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ഉണ്ടെന്നതാണ് ഇത് പിന്‍വലിക്കാനുള്ള ന്യായീകരണമായി പറയുന്നത്. ഈ വാദം നിരര്‍ത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു.


വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നോക്കം പോയ ജനവിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിന് വേണ്ടി, സച്ചാര്‍ കമ്മിറ്റി അടക്കമുള്ള ഔദ്യോഗിക പഠനസമിതികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സ്ഥാപിക്കപ്പെട്ടതാണ് ഈ പദ്ധതികള്‍. മറ്റ് പദ്ധതികളുമായി ഇടയുന്ന പ്രശ്നമുണ്ടെങ്കില്‍ അത് ആവശ്യമായ ചട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് പരിഹരിക്കാവുന്നതേയുള്ളൂ. അതിനു മുതിരാതെ ഇത്തരം ന്യായീകരണങ്ങളിലൂടെ പിന്നോക്കക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് തെറ്റായ നടപടിയാണ്.

അതിനാല്‍ മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പും പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പും റദ്ദാക്കിയത് പിന്‍വലിക്കാനും പ്രസ്തുത പദ്ധതികള്‍ പുനരാരംഭിക്കാനും നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം നടപ്പിലാക്കി വരുന്ന മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് സ്‌കീം നിര്‍ത്തലാക്കിയതായി കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

ലോക്സഭയില്‍ ടി.എന്‍. പ്രതാപന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയിലാണ് 2022-23 വര്‍ഷം മുതല്‍ എം.എ.എന്‍.എഫ് നിര്‍ത്തലാക്കിയതായി പറയുന്നത്.

Content Highlight: The central government follows a policy of crushing minority rights Abdul Samad Samadani in LokSabha

We use cookies to give you the best possible experience. Learn more