ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 47 ടി.വി ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. 34 ചാനലുകളുടെ ലൈസന്‍സ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിരസിക്കുകയും ചെയ്തു.
രാജ്യസഭയില്‍ എം.പി വി. ശിവദാസന്റെ ചോദ്യത്തിന് മറുപടി നല്‍കികൊണ്ട് സഹമന്ത്രി എല്‍. മുരുഗനാണ് ഇക്കാര്യം പറഞ്ഞത്.
269 ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ലൈന്‍സന്‍സ് പുതുക്കി നല്‍കിയിട്ടുണ്ട്. 110 ചാനലുകളുടെ ലൈസന്‍സിന് കേന്ദ്രം അനുമതി നല്‍കുകയും ചെയ്തു. ചാനലുകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ അഭ്യന്തര മന്ത്രാലയത്തിന്റെയും ബഹിരാകാശ വകുപ്പിന്റെയും അനുമതി വേണം.
2020-2021 കാലയളവിനിടെയാണ് കേന്ദ്രം ഏറ്റവും കൂടുതല്‍ ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കിയത്. ഈ കാലയളവിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
കേന്ദ്രമന്ത്രി കണക്കുകള്‍ അവതരിപ്പിച്ചതിന് പിന്നാലെ, ചാനലുകള്‍ക്കും മറ്റ് മാധ്യമങ്ങള്‍ക്കും അനുമതി നല്‍കുന്ന പ്രക്രിയ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാകുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ശിവദാസന്‍ എം.പി പറഞ്ഞു. ലൈസന്‍സ് റദ്ദാക്കുമോയെന്ന ഭയത്താല്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ ബ്ലോക്ക് ചെയ്തതായും സഹമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിലാണ് നടപടി. ശിവസേന എം.പി അനില്‍ ദേശായിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തടസപ്പെടുത്താനും നിര്‍ദേശം നല്‍കാനും നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്നും എല്‍. മുരുഗന്‍ പറഞ്ഞു.
2021ലെ ഐ.ടി നിയമം ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 2022ല്‍ രാജ്യത്തെ 80ലധികം ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളും 23 ന്യൂസ് വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വിവിധ സ്ഥാപനങ്ങളുടെ ലൈസന്‍സ് താത്കാലികമായി കേന്ദ്രം റദ്ദാക്കുകയും ചെയ്തിരുന്നു.
Content Highlight: The central government canceled the license of 47 TV channels in five years