| Wednesday, 17th April 2024, 11:59 am

ക്വിയര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ആറംഗ സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്വിയര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. ക്വിയര്‍ വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ മാസത്തിലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

പഠനത്തിനായി ആറംഗ സമിതിയെയാണ് കേന്ദ്രം നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തരം, വനിതാ ശിശുക്ഷേമം, നിയമം, സാമൂഹിക നീതി, ആരോഗ്യ മന്ത്രാലയ സെക്രട്ടറിമാര്‍ സമിതിയില്‍ അംഗങ്ങളാണ്. കാബിനറ്റ് സെക്രട്ടറിയാണ് സമിതിയുടെ ചെയര്‍പേഴ്‌സണ്‍.

LGBTQ+ സമൂഹത്തിന് നേരെ അതിക്രമങ്ങളില്ലെന്ന് ഉറപ്പാക്കുക, അനധികൃതമായ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും ഇരയാകുന്നില്ലെന്ന് ഉറപ്പാക്കുക, ക്വിയര്‍ സമൂഹത്തിന് നേരെയുള്ള വിവേചനം ഇല്ലാതാക്കുക, ക്വിയര്‍ വ്യക്തികള്‍ക്ക് എല്ലാ വിധത്തിലുള്ള സേവനങ്ങളും ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കണമെന്നാണ് നിര്‍ദേശം.

ഈ വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുക എന്നതുകൂടിയാണ് സമിതിയുടെ ചുമതല. രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും തുല്യമായി പരിഗണിച്ചുകൊണ്ടായിരിക്കും സമിതിയുടെ പ്രവര്‍ത്തനം.

അതേസമയം സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നുമാവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി നേരത്തെ നിരാകരിച്ചിരുന്നു. സ്വവര്‍ഗ വിവാഹം മൗലിക അവകാശമല്ലെന്നും കോടതി പറഞ്ഞിരുന്നു. സ്വവര്‍ഗ പങ്കാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി LGBTQ+ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കാന്‍ ഒരു ഉന്നത സമിതിയെ നിയോഗിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്.

Content Highlight: The central government appointed a six-member committee to study the issues of the queer community

  
We use cookies to give you the best possible experience. Learn more