national news
ശിക്ഷയനുഭവിച്ച ജനപ്രതിനിധികളെ ആജീവനാന്തം വിലക്കേണ്ടതില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 27, 03:58 am
Thursday, 27th February 2025, 9:28 am

ന്യൂദല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ ആജീവനാന്തം വിലക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെഷന്‍ എട്ട്, ഒമ്പത് എന്നിവക്കെതിരാണ് ഈ ആവശ്യമെന്നും കേന്ദ്രം പറഞ്ഞു.

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിയമ മന്ത്രാലയമാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഭിഭാഷകനായ അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് നീക്കം.

പ്രസ്തുത വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പുതിയ ചട്ടങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പറയുന്നത് പ്രത്യേക നിയമങ്ങള്‍ രൂപീകരിക്കാന്‍ പാര്‍ലമെന്റിന് നിര്‍ദേശം നല്‍കുന്നതിന് തുല്യമാണെന്നും സര്‍ക്കാര്‍ വാദിച്ചു.

പ്രാതിനിധ്യ നിയമത്തിലെ സെഷന്‍ എട്ട് പ്രകാരം, കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിക്ക് ആറ് വര്‍ഷത്തെ അയോഗ്യത ലഭിക്കും. അഴിമതി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ശിക്ഷയനുഭവിച്ച വ്യക്തിക്ക് ആയോഗ്യനാക്കപ്പെട്ട ദിവസം മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് മത്സരിക്കാനാകില്ലെന്നാണ് സെഷന്‍ ഒമ്പത് പറയുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം സര്‍ക്കാരിന്റെ പരിഗണനയില്‍ വരുന്നതാണെന്നും കേന്ദ്രം പറഞ്ഞു. ജനപ്രതിനിധികളെ ആറ് വര്‍ഷത്തേക്ക് അയോഗ്യരാക്കുന്നതിനായി രണ്ട് വര്‍ഷമോ അതില്‍ കൂടുതല്‍ വര്‍ഷമോ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ് പരിഗണിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഭരണഘടനാ വിരുദ്ധമായ നിയമനിര്‍മാണം റദ്ദാക്കാന്‍ ജുഡീഷ്യറിക്ക് അധികാരമുണ്ടെങ്കിലും, ഒരു പ്രത്യേക രീതിയില്‍ നിയമങ്ങള്‍ രൂപീകരിക്കാനോ ഭേദഗതി ചെയ്യാനോ പാര്‍ലമെന്റിനോട് നിര്‍ദേശിക്കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും കേന്ദ്രം പറയുന്നു. മദ്രാസ് ബാര്‍ അസോസിയേഷനും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസ് ഉദ്ധരിച്ചായിരുന്നു കേന്ദ്രത്തിന്റെ വാദം.

മാര്‍ച്ച് നാലിന് ഹരജിയില്‍ വീണ്ടും വാദം കേള്‍ക്കും. ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും സുപ്രീം കോടതി തേടിയിട്ടുണ്ട്. ഇതിനുപുറമെ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷനും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസും കോടതി പരിഗണിക്കുന്നുണ്ട്.

Content Highlight: The Center told the Supreme Court that convicted people’s representatives should not be barred for life