തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്സീന്‍ നയം തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്സീന്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാതിരുന്നതിന്റെ തിക്ത ഫലം ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും പല സംസ്ഥാനങ്ങളിലും ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുന്ന ദയനീയ അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ആപത്ഘട്ടത്തില്‍ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണ കൂടത്തിന്റെയും അടിസ്ഥാന കടമ. ആ കടമ നിറവേറ്റാതെ ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
ഒരേ വാക്‌സിന് മൂന്നു തരം വില നിശ്ചയിക്കുന്നത് ഭ്രാന്തന്‍ നടപടിയാണ്. ഇത് സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കും. കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് നല്‍കുന്ന അതേ വാക്സീന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമ്പോള്‍ 400 രൂപയാകും. കേന്ദ്ര സര്‍ക്കാരിന് ഒരു വില. സംസ്ഥാന സര്‍ക്കാരിന് മറ്റൊരു വില. എന്തു തരം നയമാണിത്? കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും ജനങ്ങളുടെ ഭരണകൂടങ്ങള്‍ തന്നെയല്ലേ? പൊതു ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് രണ്ടു സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ രണ്ടു സര്‍ക്കാരുകള്‍ക്കുമിടയില്‍ വിവേചനം ഉണ്ടാക്കുന്ന ഒരു നയമെങ്ങനെ കേന്ദ്രം ആവിഷ്‌ക്കരിച്ചു? ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനി സ്വകാര്യ ആശുപത്രികള്‍ക്കാണെങ്കില്‍ അവയ്ക്ക് വില പിന്നീടും കൂടുകയാണ്. 600 രൂപയാണ് അവര്‍ക്കുള്ള വില. സ്വാഭാവികമായും മരുന്നു കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന വാക്സിന്റെ നല്ലൊരു പങ്കും ഉയര്‍ന്ന വിലയ്ക്ക് സ്വകാര്യ മേഖലയില്ക്ക് വില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്. ഉല്പാദിപ്പിക്കുന്ന വാക്സിനില്‍ എത്ര ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് മാത്രമല്ല, അനാരോഗ്യകരമായ വടംവലിക്ക് സംസ്ഥാനങ്ങളെ എറിഞ്ഞു കൊടുക്കുന്ന അവസ്ഥയും ഉണ്ടാക്കും. കുറഞ്ഞ വിലയക്ക് കേന്ദ്രത്തിന് ലഭിക്കുന്ന വാക്സിന്‍ നീതിപൂര്‍വ്വവും വിവേചന രഹിതായമായും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികളും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിന്‍ വിതരണത്തെയും ദൗര്‍ലഭ്യത്തെയും കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നപ്പോള്‍ ആ ചുമതല സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടി വച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഒരു ജനാധിപത്യ സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്തതാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് ബാധ ഉണ്ടായിട്ട് ഒരു വര്‍ഷത്തിലേറെയായി. രണ്ടാം തരംഗമുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതുമാണ്. എന്നിട്ടും ഓക്സിജന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചില്ല. ഇത് അക്ഷന്തവ്യമായ തെറ്റാണ്. രോഗബാധ ഉണ്ടായാല്‍ ചികിത്സയ്ക്ക് എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. എന്തു കാരണത്താലും അത് നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Covid 19 The center is absconding with the responsibility Ramesh Chennithala