രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബറില്‍ അവസാനിപ്പിക്കാനാകുമെന്ന് കേന്ദ്രം
national news
രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബറില്‍ അവസാനിപ്പിക്കാനാകുമെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st June 2021, 8:08 pm

ന്യൂദല്‍ഹി: രാജ്യത്ത് തുടരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഡിസംബര്‍ ആകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

മെയ് ഏഴ് മുതല്‍ രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവ് തുടരുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കൊവിഡ് കേസുകള്‍ കുറയുമ്പോള്‍ നിയന്ത്രണങ്ങള്‍ വളരെ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ പാടുള്ളൂ. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ ആകുകയും പ്രായമായ ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും വാക്സിന്‍ എടുക്കുകയും ചെയ്താല്‍ മാത്രമേ പൂര്‍ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പാടുള്ളൂവെന്നും ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് പറഞ്ഞു.

മെയ് 28 മുതല്‍ പ്രതിദിനം രണ്ട് ലക്ഷത്തിന് താഴെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് വാക്സിന്‍ ദൗര്‍ലൗഭ്യം ഇല്ലെന്നും ജൂലൈ പകുതിയോടെയോ ഓഗസ്റ്റ് ആകുമ്പോഴേക്കോ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്സിന്‍ ഡോസുകള്‍ ലഭ്യമാകുമെന്നും ഡിസംബറോടെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമാണ് ഐ.സി.എം.ആര്‍ പറയുന്നത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:   The Center has said that Covid restrictions in the country could be lifted by December