ന്യൂദല്‍ഹി: കൊവിഡ് വാക്സിനുകള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില കേന്ദ്രം നിശ്ചയിച്ചു. കൊവിഷീല്‍ഡിന്റെ വില 780 രൂപയും കൊവാക്‌സിന് 1,410 രൂപയും റഷ്യന്‍ വാക്‌സിനായ സ്പുട്നികിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായി നിശ്ചയിച്ചിരിക്കുന്നത്.
നികുതിയും ആശുപത്രികളുടെ 150 രൂപ സര്‍വീസ് ചാര്‍ജും ഉള്‍പ്പെടെയാണ് ഈ വില. സര്‍വീസ് ചാര്‍ജായി 150 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ സ്വകാര്യ ആശുപത്രികളെ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൂടുതല്‍ തുക ഈടാക്കുന്ന സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ വാക്‌സിന്‍ നയത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു സംവരണം ചെയ്തിരുന്നു.