| Tuesday, 7th May 2024, 8:43 am

കേരളത്തില്‍ ആശ്വാസമഴ, രണ്ട് ദിവസം മൂന്ന് ജില്ലകളിലായി യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കനത്ത ചൂടില്‍ പൊറുതിമുട്ടുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തി. ഈ ആഴ്ച വേനല്‍ മഴ ശക്താമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ പ്രവചനം.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ മാസം പത്ത് വരെ സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേന്ദ്ര മുന്നറിയിപ്പ് അനുസരിച്ച് ചൊവ്വാഴ്ച കാസര്‍കോട് ഒഴികെ 13 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. വരുന്ന രണ്ട് ദിവസങ്ങളിലായി മൂന്ന് ജില്ലകളില്‍ കേന്ദ്രം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതിന് മലപ്പുറം, വയനാട് ജില്ലകളിലും പത്തിന് ഇടുക്കി ജില്ലയിലയുമാണ് യെല്ലോ അലേര്‍ട്ട്.

അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ഇതിന്റെ ഭാഗമായി തെക്കന്‍ തമിഴ്‌നാട് തീരത്ത് 07-05-2024 രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരമാലയുടെ വേഗത സെക്കന്റില്‍ 40 സി.എം വരെ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതുണ്ട്.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന ബോട്ട്, വള്ളം മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.

3. ബീച്ചുകളിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക, മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ സംസ്ഥാനത്തെ മുഴുവന്‍ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിവാക്കണം,’ തുടങ്ങിയവയാണ് കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍.

Content Highlight: The Center has also announced yellow alert in three districts for the next two days

We use cookies to give you the best possible experience. Learn more