കേരളത്തിന്റെ റേഷന്‍ വിതരണം വെട്ടിക്കുറച്ച് കേന്ദ്രം; ഈ നിലപാടാണെങ്കില്‍ റേഷന്‍ വിതരണം തുടരാനാകുമോ എന്ന ആശങ്കയുണ്ട്: ഭക്ഷ്യമന്ത്രി
Kerala News
കേരളത്തിന്റെ റേഷന്‍ വിതരണം വെട്ടിക്കുറച്ച് കേന്ദ്രം; ഈ നിലപാടാണെങ്കില്‍ റേഷന്‍ വിതരണം തുടരാനാകുമോ എന്ന ആശങ്കയുണ്ട്: ഭക്ഷ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 12:52 pm

തിരുവനന്തപുരം: കേരളത്തിന്റെ ഗോതമ്പ്, മണ്ണെണ്ണ റേഷന്‍ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. 43 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് റേഷന് അര്‍ഹതയുള്ളത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

റേഷനില്‍ നിന്ന് പുറത്തായ 57% മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിന് നല്‍കി വന്ന 6459.074 ടണ്‍ ഗോതമ്പ് നിര്‍ത്തലാക്കി. 57% ജനങ്ങള്‍ക്ക് റേഷന്‍ ഗോതമ്പ് കിട്ടാത്ത സ്ഥിതിയാണ്.

റേഷന്‍ വെട്ടിക്കുറച്ച കേന്ദ്ര നടപടി സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

റേഷന്‍ കടകള്‍ വഴിയുള്ള വിതരണത്തിനായി പി.ഡി.എസ് ഇനത്തിലും ഉത്സവങ്ങള്‍, കൃഷി, മത്സ്യബന്ധനം തുടങ്ങി മറ്റ് ആവശ്യങ്ങള്‍ക്കായി നോണ്‍ പി.ഡി.എസ് ഇനത്തിലുമാണ് കേന്ദ്രം മണ്ണെണ്ണ അനുവദിക്കുന്നത്. ഇതിന് വ്യാപാര ആവശ്യങ്ങള്‍ക്കായി വഴിമാറ്റുന്നുവെന്ന് ആരോപിച്ച് പി.ഡി.എസ് വിഹിതം വെട്ടിക്കുറച്ചു.

2022-23ലെ ആദ്യ പാദത്തില്‍ അനുവദിച്ച പി.ഡി.എസ് ഇനത്തിലെ മണ്ണെണ്ണയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വെട്ടിക്കുറവാണ് വരുത്തിയത്. 2021-22 ആദ്യപാദത്തില്‍ 6480 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചെങ്കില്‍ 2022-23ലെ ഇതേ കാലയളവില്‍ കിട്ടിയത് 3888 കിലോ ലിറ്റര്‍ മാത്രമാണ്.

കേരളത്തിന്റെ മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു. മണ്ണെണ്ണയുടെ അടിസ്ഥാന വിലയായ 72.82 രൂപയോടൊപ്പം ജി.എസ്.ടി, കടത്തുകൂലി, ഡീലര്‍ കമ്മിഷന്‍, റീട്ടെയില്‍ കമ്മീഷന്‍ എന്നിവ ചേരുമ്പോള്‍ 84 രൂപയോളമാകും. മണ്ണെണ്ണ വിഹിതം 40ശതമാനമാണ് വെട്ടിക്കുറച്ചത്.

Content Highlights: The Center government has cut Kerala’s wheat and kerosene ration