| Sunday, 8th December 2024, 12:48 pm

കേന്ദ്രം അർഹതപ്പെട്ട പണം നൽകിയില്ല, മാനദണ്ഡം മാറ്റിയതുമില്ല; സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാനാവാതെ കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ 677 കോടി രൂപയുണ്ടെങ്കിലും ചെലവഴിക്കാനാവാതെ കേരളം. കേരളത്തിന് വയനാട്ടിൽ ആ തുക ചെലവഴിക്കണമെങ്കിൽ കേന്ദ്രം മാനദണ്ഡം മാറ്റണം. കേന്ദ്രം അധികമായി പണവും തരുന്നില്ല, സംസ്ഥാനത്തിന്റെ നിധി ചെലവഴിക്കാനുള്ള മാനദണ്ഡത്തിൽ ഇളവും തരുന്നില്ലെന്നതാണു കേരളം നേരിടുന്ന പ്രശ്നം.

വയനാടിന്റെ കാര്യത്തിൽ കേന്ദ്രം കോടതിയെ അറിയിച്ചത് കേരളത്തിൻറെ ദുരന്തപ്രതികരണ നിധിയിൽനിന്നു 153 കോടി രൂപ തട്ടിക്കിഴിക്കാൻ അനുമതി നൽകിയെന്നാണ്. എന്നാൽ അവിടെയും കേന്ദ്രം മാനദണ്ഡം മാറ്റിയിട്ടില്ല.

ഒരു വീടു തകർന്നാൽ 1.30 ലക്ഷം രൂപ നൽകാനേ വ്യവസ്‌ഥയുള്ളു. കേരളത്തിലെ സാഹചര്യമനുസരിച്ച് ആ തുക തീരെ കുറവാണ്. അതുകൊണ്ടാണ് പണം നൽകിയില്ലെങ്കിലും മാനദണ്ഡം മാറ്റണമെന്ന് കേരളം ആവശ്യപ്പെടുന്നത്. അടുത്ത വർഷം അധികം നൽകാം, ഇത്തവണ കേരളത്തിന്റെ നിധിയിൽ നിന്നെടുത്തു ചെലവഴിക്കു എന്ന ഉറപ്പും കേന്ദ്രം നൽകുന്നില്ല.

പ്രധാനമന്ത്രി വയനാട് സന്ദർശിച്ച ഘട്ടത്തിൽ കേരളത്തോട് ആവശ്യപ്പെട്ടതു വിശദമായ മെമ്മോറാണ്ടം നൽകാനാണ്. ഈ മെമ്മോറാണ്ടം കേരളം ഓഗസ്റ്റിൽ തന്നെ നൽകി. എന്നാൽ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് (പി.ഡി.എൻ.എ) ആണ് കേന്ദ്രം പിന്നീട് ആവശ്യപ്പെട്ടത്. എന്നാൽ രാജ്യത്തെങ്ങും പി.ഡി.എൻ.എ നടപ്പാക്കാനുള്ള മാർഗനിർദേശം കേന്ദ്രം പുറത്തിറക്കിയതാകട്ടെ ഇക്കഴിഞ്ഞ ഓഗസ്‌റ്റിലും.

മാർഗനിർദേശം വൈകിയതിനാൽ, സ്വാഭാവികമായും കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിന് ശേഷം കേരളത്തിന് പി.ഡി.എൻ.എ തയാറാക്കാൻ സമയം വേണ്ടിവന്നു. 2018ൽ പ്രളയമുണ്ടായപ്പോൾ കേരളമാണ് ആദ്യമായി പി.ഡി.എൻ.എ എന്ന ആശയം കേന്ദ്രത്തിന് മുമ്പിൽ വയ്ക്കുന്നത്. ആശയം കേരളത്തിന്റേതാണെങ്കിലും അന്നു മാർഗനിർദേശമില്ലാതിരുന്നതിനാൽ പണം ലഭിച്ചില്ല.

കേന്ദ്രസംഘം സന്ദർശനം നടത്തിയാൽ 90 ദിവസത്തിനകം പി.ഡി.എൻ.എ നൽകിയാൽ മതി. ആ സമയപരിധി കേരളം പാലിച്ചിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. പി.ഡി.എൻ.എ നൽകാതെ തന്നെ അടുത്തിടെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം പണം നൽകിയിട്ടുണ്ടെന്നതും കേരളം ചുണ്ടിക്കാണിക്കുന്നു.

കണക്കുകളും റിപ്പോർട്ടുകളും സമർപ്പിക്കാൻ അടുത്ത വ്യാഴം വരെ കോടതി സംസ്‌ഥാന സർക്കാരിന് സമയം നൽകിയിട്ടുണ്ട്. കാര്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്.

Content Highlight: The Center did not change the criteria; Kerala is unable to use the state disaster relief fund

We use cookies to give you the best possible experience. Learn more