കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു, കണക്കിലെടുത്തില്ല; രാജ്യസഭയില്‍ അമിത് ഷാ
national news
കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നു, കണക്കിലെടുത്തില്ല; രാജ്യസഭയില്‍ അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2024, 3:41 pm

ന്യൂദല്‍ഹി: വയനാട് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രം. വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്തതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് കേരള സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മുന്നറിയിപ്പ് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റാതിരുന്നതെന്ന് അമിത് ഷാ ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അപകടസാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് അമിത് ഷാ പറഞ്ഞു. ഒന്നിലധികം തവണയാണ് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയതെന്നും അമിത് ഷാ പറയുകയുണ്ടായി. നടപടി എടുത്തിരുന്നെങ്കില്‍ ഈ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

ജൂലൈ 23ന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഒരാഴ്ച മുമ്പ് എന്‍.ഡി.ആര്‍.എഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ വാക്ക്‌പോരിനല്ല ശ്രമിക്കുന്നതെന്നും കേന്ദ്രത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അറിയിക്കുകയാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ സമ്മേളത്തിന് പുറമെ വയനാട്ടിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ യോഗം വിളിച്ചു. ലോക്‌സഭയിലെ ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം ചൊവ്വാഴ്ച വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഗൗരവം കണക്കിലെടുക്കാന്‍ തയ്യാറാകാത്ത നടപടിക്കെതിരെ കേരള കോണ്‍ഗ്രസ് (എം) എം.പി ജോസ് കെ. മാണി രാജ്യസഭയില്‍ പൊട്ടിത്തെറിച്ചിരുന്നു. കേരളത്തിലെ എം.പിമാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സംസാരിക്കാന്‍ ആദ്യം അനുവദിക്കാതിരുന്ന സ്പീക്കറിന്റെ നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

ഉരുള്‍പ്പൊട്ടലില്‍ മരിച്ച 25 പേരുടെ മൃതദേഹം 40 കിലോമീറ്റര്‍ അകലെ അയല്‍ജില്ലയായ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. എന്നിട്ടും അംഗങ്ങള്‍ സംസാരിക്കാനായി ഇത്രത്തോളം സമ്മര്‍ദമുയര്‍ത്തേണ്ടി വന്നുവെന്നും ദുരന്തത്തിന് രാഷ്ട്രീയം നല്‍കരുതെന്നുമാണ് ജോസ് കെ. മാണി പറഞ്ഞത്.

Content Highlight: The center criticized the state government for the landslide in Meppadi, Wayanad