| Monday, 3rd January 2022, 10:42 pm

ലക്ഷദ്വീപിന്റെ കഥ പറയുന്ന 'ഫ്‌ലഷ്'; ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലക്ഷദ്വീപ് സ്വദേശിയും ലക്ഷദ്വീപ് വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളിലൂടെ ശ്രദ്ധേയയുമായ ഐഷ സുല്‍ത്താന സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫ്‌ലഷി’ന്റെ സെന്‍സറിങ് പൂര്‍ത്തിയായി. സിനിമയ്ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഐഷ സുല്‍ത്താന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘നിങ്ങളുടെയൊക്കെ അനുഗ്രഹവും, പ്രാര്‍ത്ഥനയും ഞങ്ങളുടെ കൂടെ എന്നും ഉള്ളത് കൊണ്ട് ഈ വര്‍ഷത്തിന്റെ തുടക്കം തന്നെ സിനിമയ്ക്ക് സെന്‍സര്‍ കിട്ടിയിരിക്കയാണ്. തുടര്‍ന്നും നിങ്ങളുടെ സപ്പോര്‍ട്ട് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, ഐഷ സുല്‍ത്താന ഫേസ്ബുക്കില്‍ എഴുതി.

പൂര്‍ണമായും ലക്ഷദ്വീപിന്റെ കഥ പറയുന്ന സിനിമയുടെ രചനയും ഐഷയാണ് നിര്‍വഹിച്ചിരിക്കുന്നത്. ബീന കാസിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബീന കാസിമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കെ.ജി. രതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വില്യം ഫ്രാന്‍സിസും കൈലാസ് മേനോനുമാണ് സംഗീതം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനന്ദു സുനില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: യാസര്‍ അറാഫത്ത് ഖാന്‍, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍, മേക്കപ്പ്: ഇറ നൂര്‍, ഓഡിയോഗ്രഫി: രഞ്ജു രാജ് മാത്യു, സൗണ്ട് മിക്‌സിങ്: ജിജുമോന്‍ ടി. ബ്രൂസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്: നിതിന്‍ സി.സി., ഉനൈസ്. എസ്.

അതേസമയം, ഐഷ സുല്‍ത്താനയുടെ മറ്റൊരു ചിത്രവും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 124 (എ) എന്നാണ് ചിത്രത്തിന്റെ പേര്. രാജ്യദ്രോഹക്കുറ്റത്തിനുള്ള ഇന്ത്യന്‍ പീനല്‍ കോഡാണ് 124.

‘ഐഷ സുല്‍ത്താന ഫിലിംസ്’ എന്ന ബാനറില്‍ ഐഷ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം, സംഗീതം-വില്യം ഫ്രാന്‍സിസ്. ചിത്രത്തിന്റെ പോസ്റ്റര്‍ ലാല്‍ ജോസായിരുന്നു പുറത്തുവിട്ടിരുന്നത്.

ഒരു പത്രത്തിന്റെ മാതൃകയിലാണ് പോസ്റ്റര്‍. ലക്ഷദ്വീപ് സംവിധായികക്കെതിരെ രാജ്യദ്രോഹകുറ്റം, സേവ് ലക്ഷദ്വീപ് എന്നിങ്ങനെ രണ്ട് വാര്‍ത്തകളാണ് പോസ്റ്ററില്‍ കാണുന്നത്. ഐഷയുടെ പിറന്നാള്‍ ദിവസമായിരുന്നു 124(എ)യുടെ പോസ്റ്റര്‍ പുത്തുവിട്ടിരുന്നത്.

‘ഈ വര്‍ഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലര്‍ എന്നെ മാറ്റിയിരിക്കുന്നു…ഈ പിറന്നാള്‍ ദിവസം ഈ വര്‍ഷം ഞാനൊരു രാജ്യദ്രോഹി എന്റെ നേരാണ് എന്റെ തൊഴില്‍, വരും തലമുറയിലെ ഒരാള്‍ക്കും ഞാന്‍ അനുഭവിച്ചപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ നിങ്ങളാ സത്യം അറിയണം…ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാള്‍ ദിവസം,’ എന്നായിരുന്നു ഐഷ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  The censorship of the first film ‘FLUSH’ directed by Aisha Sultana has been completed

We use cookies to give you the best possible experience. Learn more