അക്ഷയ് കുമാര്‍ നായകനാവുന്ന ഓ മൈ ഗോഡ് 2 എന്ന ചിത്രം റിവൈസിങ് കമ്മിറ്റിയിലേക്ക് അയച്ച് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ സംഭാഷണങ്ങളും രംഗങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രം പുനപരിശോധനക്ക് അയച്ചതെന്ന് ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദിപുരുഷ് സിനിമ റിലീസിനോടനുബന്ധിച്ച് ഉണ്ടായ വിവാദങ്ങള്‍ ആവര്‍ത്തിക്കാനാവില്ലെന്നും അത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒ.എം.ജി 2വിലെ ഏതെങ്കിലും സംഭാഷണത്തിലോ രംഗത്തിലോ പ്രശ്‌നങ്ങളുള്ളതായി ഇതുവരെ വ്യക്തമായിട്ടില്ല.
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് റിലീസ് സമയത്ത് സംഭാഷണങ്ങളുടെ പേരിലുള്‍പ്പെടെ പല പരാതികളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംഭാഷണങ്ങളില്‍ മാറ്റം വരുത്തിയതിന് ശേഷമാണ് പ്രദര്‍ശനം തുടര്‍ന്നത്.
കഴിഞ്ഞ ദിവസമാണ് ഒ.എം.ജി 2വിന്റെ ടീസര്‍ പുറത്ത് വന്നത്. അക്ഷയ് കുമാര്‍, പങ്കജ് തൃപാഠി, യാമി ഗൗതം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2012 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണിത്. അമിത് റായിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗമൊരുക്കിയത് ഉമേഷ് ശുക്ല ആയിരുന്നു.
പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവന്റെ രൂപത്തിലാണ് താരം എത്തുക. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും.
Content Highlight: The Censor Board has sent ‘Oh My God 2’ to the revising committee