ഗസ: ഇന്ന് പ്രാബല്യത്തിൽ വരേണ്ടിയിരുന്ന വെടിനിർത്തൽ കരാർ ഇതുവരെയും നടപ്പിലാക്കാതെ ഇസ്രഈൽ . ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിയോടെയാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കേണ്ടിയിരുന്നത്, അതായത് ഗസയിലെ പ്രാദേശിക സമയം 8 :30. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്ത് വിടുന്നത് വരെ വെടിനിർത്തൽ കരാർ നടപ്പിലാക്കില്ലെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ഹമാസ് മോചിപ്പിക്കേണ്ടിയിരുന്ന 33 ബന്ദികളുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക ഹമാസ് ഇസ്രഈലിന് നൽകണമായിരുന്നു. ബന്ദികളുടെ പേരുകൾ കൈമാറ്റത്തിന് 24 മണിക്കൂർ മുമ്പെങ്കിലും നൽകണമെന്ന് വെടിനിർത്തൽ കരാർ പറയുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം പട്ടിക പുറത്ത് വിടാൻ സാധിച്ചില്ലെന്ന് ഹമാസ് പറഞ്ഞു. ഇതോടെ വെടിനിർത്തൽ കരാറിനെതിരെ നെതന്യാഹു എത്തിയിരിക്കുകയാണ്.
എന്നാൽ തങ്ങൾ വെടിനിർത്തൽ കരാറിൽ പ്രതിജ്ഞാബദ്ധരാണെന്നും സാങ്കേതിക തകരാറുകൾ മാറിയാൽ ഉടൻ തന്നെ ലിസ്റ്റ് പുറത്ത് വിടുമെന്നും ഹമാസ് പറഞ്ഞു. ഇന്ന് പട്ടിക കൈമാറിയലും വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിന് 24 മണിക്കൂർ കൂടി കാലതാമസം വന്നേക്കാം.
ഖത്തറിന്റെയും യു.എസിന്റെയും ഈജിപ്തിന്റേയും നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലൂടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമായത്. 42 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് പ്രാബല്യത്തില്‍ വരാനിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ ഹമാസിന്റെ പക്കലുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്ന 33 ബന്ദികളെ ഇസ്രഈലിന് കൈമാറും. ഇതിന് പകരമായി ഇസ്രഈലിന്റെ തടവിലുള്ള 2000ത്തോളം ഫലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.
ഇസ്രഈല്‍ ഓരോ സിവിലിയന്‍ ബന്ദിക്കായി 30 ഫലസ്തീന്‍ തടവുകാരെയും ഓരോ ഇസ്രഈല്‍ വനിതാ സൈനികര്‍ക്കായി 50 തടവുകാരെയും മോചിപ്പിക്കും. രണ്ടാമത്തെ ഘട്ടത്തില്‍ ഹമാസ് മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കും.
കൂടാതെ സ്ഥിരമായ വെടിനിര്‍ത്തലിനുമുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ ഇസ്രഈല്‍ സൈന്യം പൂര്‍ണമായും ഗസയില്‍ നിന്ന് പിന്മാറണം. മൂന്നാംഘട്ടത്തില്‍ ഗസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചര്‍ച്ചകളും ആരംഭിക്കും.
നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ 46,899 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 110,725 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: The cease-fire agreement did not materialize; Netanyahu says Hamas will not release list of hostages to be released