സി.ബി.ഐ ധാര്‍മ്മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ല; സി.ബി.ഐക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ കത്ത്
Kerala News
സി.ബി.ഐ ധാര്‍മ്മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ല; സി.ബി.ഐക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th December 2021, 6:23 pm

പാലക്കാട്: സി.ബി.ഐ.ക്ക് കത്തയച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സി.ബി.ഐ ഡി.വൈ.എസ്.പി ടി.പി. അനന്തകൃഷ്ണനാണ് പെണ്‍കുട്ടികളുടെ അമ്മ കത്തയച്ചത്.

സി.ബി.ഐ ധാര്‍മ്മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്ന് അമ്മ കത്തില്‍ പറയുന്നു. പെണ്‍കുട്ടുകളുടേത് കൊലപാതകമാണെന്ന് മൊഴി നല്‍കിയിട്ടും മുഖവിലയ്‌ക്കെടുത്തില്ലെന്നും ധൃതി പിടിച്ച് കുറ്റപത്രം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും അമ്മ കത്തില്‍ പറഞ്ഞു.

കൊലപാതകമെന്ന് തെളിയിക്കുന്ന തെളിവുകളും സാക്ഷികളും സമരസമിതിയും സി.ബി.ഐക്ക് നല്‍കിയിരുന്നു. തന്റെയും ഭര്‍ത്താവിന്റെയും സാക്ഷികളുടേയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

അന്തിമ കുറ്റപത്രത്തിന് മുമ്പു തന്നെ തന്റെയും ഭര്‍ത്താവിന്റെയും ഭാഗം കേള്‍ക്കാന്‍ സി.ബി.ഐക്ക് ബാധ്യതയുണ്ടെന്നും അമ്മ കത്തില്‍ പറയുന്നുണ്ട്.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ പൊലീസ് പ്രതിചേര്‍ത്തവര്‍ തന്നയാണ് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും പ്രതികള്‍. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സി.ബി.ഐയും പറഞ്ഞത്. എന്നാല്‍ തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതികരിച്ചിരുന്നത്.

ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എന്നിവര്‍ പ്രതികളാണെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ കുട്ടിയുടെ മരണത്തില്‍ വലിയ മധുവും, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പ്രതികളാണ്.

പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് ഡി.വൈ.എസ.പി അനന്തകൃഷ്ണനാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബലാല്‍സംഗം, പോക്‌സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഷിബുവെന്ന പ്രതിക്കെതിരെ എസ്.സി/ എസ്.ടി വകുപ്പും ചുമത്തിയിട്ടുണ്ട്.

മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സി.ബി.ഐയും തള്ളുന്നത്. കഴിഞ്ഞ മാസം നടത്തിയ ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സി.ബി.ഐ സംഘത്തെ എത്തിച്ചത്.

അതേസമയം, സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് സമരസമിതി. സി.ബി.ഐ കണ്ടെത്തലിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സമരസമിതിയുടെ ആലോചന. കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭ്യമായാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: The CBI did not discharge its moral responsibility; Letter from the mother of the Walayar girls to the CBI