കത്തോലിക്ക പള്ളി എല്‍.ജി.ബി.ടി.ക്യു അടക്കം എല്ലാവര്‍ക്കുമുള്ളതാണ്: മാര്‍പാപ്പ
World News
കത്തോലിക്ക പള്ളി എല്‍.ജി.ബി.ടി.ക്യു അടക്കം എല്ലാവര്‍ക്കുമുള്ളതാണ്: മാര്‍പാപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th August 2023, 3:04 pm

വത്തിക്കാന്‍: കത്തോലിക്ക സഭയുടെ പള്ളികള്‍ എല്‍.ജി.ബി.ടി.ക്യു പ്ലസ് വിഭാഗങ്ങള്‍ അടക്കം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നിയമങ്ങളുടെ ചട്ടക്കൂട്ടിനുള്ളില്‍ നിന്ന് തന്നെ വിശ്വാസികള്‍ ആത്മീയതയുടെ വ്യക്തിപരമായ പാത അനുഗമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകള്‍ക്കും എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങള്‍ക്കും ചില അവകാശങ്ങള്‍ ഇല്ലാത്തത് പൊരുത്തക്കേടല്ലേയെന്ന ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. പോര്‍ച്ചുഗലില്‍ വെച്ച് നടന്ന ലോക യുവജന ദിന കത്തോലിക് ഫെസ്റ്റിവലിന് ശേഷം തിരിച്ചെത്തി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

‘ പള്ളി എല്ലാവര്‍ക്കുമുള്ളതാണ്. എന്നാല്‍ സഭയ്ക്കുള്ളിലെ ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുണ്ട്.

നിയമമനുസരിച്ച് അവര്‍ക്ക് ചില കൂദാശകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അതിനര്‍ത്ഥം അവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നല്ല. ഓരോ വ്യക്തികളും സഭയ്ക്കുള്ളില്‍ അവരുടേതായ രീതിയില്‍ ദൈവത്തെ കണ്ടുമുട്ടുന്നു,’ അദ്ദേഹം പറഞ്ഞു.

സഭയിലെ പുരോഹിതര്‍ നിയമങ്ങള്‍ അനുസരിക്കാത്തവരടക്കമുള്ള എല്ലാവരോടും സ്‌നേഹത്തോടെയും ക്ഷമയോടും കൂടി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.

ജൂണില്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം താന്‍ നല്ല ആരോഗ്യവാനായിരിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശസ്ത്രക്രിയയുടെ ഭാഗമായ തുന്നലുകള്‍ നീക്കിയിട്ടുണ്ടെന്നും എന്നാല്‍ പേശികള്‍ ബലപ്പെടുന്നത് വരെ രണ്ടോ മൂന്നോ മാസം കൂടി വയറിന് മുകളില്‍ ബാന്‍ഡ് ധരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

യേശു തന്റെ അപ്പോസ്തലന്മാരായി പുരുഷന്മാരെ മാത്രം തെരഞ്ഞെടുത്തതിനാല്‍ സ്ത്രീകള്‍ക്ക് പുരോഹിതരാകാന്‍ കഴിയില്ലെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. സ്വവര്‍ഗ വിവാഹത്തെയും സഭ അംഗീകരിക്കുന്നില്ല. എന്നാല്‍ പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, അനന്തരാവകാശം തുടങ്ങിയ അവകാശങ്ങള്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് നല്‍കുന്ന സിവില്‍ നിയമനിര്‍മാണത്തെ മാര്‍പാപ്പ പിന്തുണക്കുന്നു.

നേരത്തെ തന്നെ എല്‍.ജി.ബി.ടി.ക്യു സമൂഹത്തെ പിന്തുണക്കുന്ന രീതി മാര്‍പാപ്പയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്ന് മാര്‍പാപ്പ പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാടുകളും മാര്‍പാപ്പ എടുത്തിട്ടുണ്ട്. 2022ല്‍ ലോകത്തെ ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് ഉപദേശം നല്‍കുന്ന സമിതിയിലേക്ക് മാര്‍പാപ്പ മൂന്ന് സ്ത്രീകളെ തെരഞ്ഞെടുത്തിരുന്നു. ചരിത്രത്തിലാദ്യാമായിരുന്നു ഈ സമിതിയിലേക്ക് സ്ത്രീകളെ തെരഞ്ഞെടുത്തത്.

CONTENT HIGHLIGHTS: The Catholic Church is for everyone, including LGBTQ: the Pope